പ്രതി ബസപ്പ
ബംഗളൂരു: ചാമരാജ്നഗർ ജില്ലയില്‍ 25 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് 50,000 രൂപക്ക് വിറ്റു. കോടതി റോഡില്‍ താമസിക്കുന്ന ഹോട്ടല്‍ തൊഴിലാളിയായ ബസപ്പ (35)യാണ് കുഞ്ഞിനെ ബംഗളൂരുവില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് വിറ്റത്. പ്രതിക്ക് ഏഴു വയസ്സുള്ള മറ്റൊരു മകനുമുണ്ട്. 25 ദിവസം മുമ്പ് ഭാര്യയുടെ രണ്ടാമത്തെ പ്രസവത്തില്‍ പിറന്ന ആണ്‍കുഞ്ഞിനെയാണ് വിറ്റത്.
മദ്യപാനിയാണ് ബസപ്പ. ഇയാളുടെ ഭാര്യ നാഗവേണിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടെന്ന് പറയപ്പെടുന്നു. കുഞ്ഞിനെ വില്‍ക്കാന്‍ ഭാര്യയോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചിരുന്നില്ല. തുടർന്ന് ഇയാൾ ഭാര്യയെ മർദിച്ചിരുന്നു. താനൊരു അനാഥയാണെന്നും ഭർത്താവ് ഉപേക്ഷിച്ചാൽ ആദ്യമകൻ അനാഥനാകുമെന്ന ആശങ്കയിലാണ് ഒടുവിൽ കുഞ്ഞിനെ വിൽക്കാൻ ഇവർ സമ്മതിച്ചത്.
പ്രസവം കഴിഞ്ഞയുടനെ ഒരാള്‍ കുഞ്ഞിന്‍റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഒരാഴ്ച മുമ്പ് ഇതേയാൾ ദമ്പതികളെ ഗാലിപുരയിലെ ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തി മറ്റൊരു ദമ്പതികള്‍ക്ക് കുഞ്ഞിനെ നല്‍കി. 50,000 രൂപയും നല്‍കി. തുടർന്ന് വെള്ളപേപ്പറില്‍ ഒപ്പും വാങ്ങി. സംഭവത്തിനു ശേഷം എല്ലാ ദിവസവും നാഗവേണി കരഞ്ഞെങ്കിലും കുഞ്ഞിനെ വിറ്റ കാര്യം ആരോടും പറഞ്ഞിരുന്നില്ല.
ഗ്രാമം സന്ദര്‍ശിച്ച ട്രാന്‍സ്ജെന്‍ഡര്‍ ഗവേഷക വിദ്യാര്‍ഥിനിയായ ദീപ ബുദ്ധെ ആണ് സംഭവം അധികൃതർക്ക് മുന്നിലെത്തിച്ചത്. നാഗവേണിയുടെ ബന്ധുവായ യുവതിയാണ് വിവരം ദീപയെ അറിയിച്ചത്. ചാമരാജനഗര്‍ ജില്ല ശിശു സംരക്ഷണ യൂനിറ്റിനെ ദീപ സംഭവം അറിയിച്ചു. കുട്ടികളുടെ സംരക്ഷണ ഓഫിസര്‍ കുമാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് കുട്ടിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇടനിലക്കാരനായയാളെ അന്വേഷിച്ചു വരുകയാണ്. നാഗവേണിക്കും മകനും പൊലീസ് അഭയവുമൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.