ഇറാഖ് യുദ്ധം: കാല്‍നൂറ്റാണ്ടിന്‍െറ കണക്കെടുപ്പ്

കുവൈത്തിലെ ഇറാഖ് അധിനിവേശത്തിന്‍റെ 25ാം വാര്‍ഷിക വേളയില്‍ എന്‍.പി.ആര്‍ ലേഖകന്‍ ഗ്രെഗ് മയര്‍ നടത്തിയ രാഷ്ട്രീയ വിശകലനം

ശുഭമായിരുന്നു തുടക്കം. 25 വര്‍ഷം മുമ്പ് 1990 ആഗസ്റ്റ് രണ്ടിന് സദ്ദാം ഹുസൈന്‍റെ ഇറാഖ് കുവൈത്തിനു മേല്‍ അധിനിവേശം നടത്തിയ ഉടന്‍ തിടുക്കപ്പെട്ട് അമേരിക്ക രൂപപ്പെടുത്തിയ വിശാല സഖ്യം പുതിയ തലമുറ വ്യോമശേഷിയുമായി ആദ്യം ഇറാഖിന്‍െറ അടിസ്ഥാന മേഖല നിശ്ശേഷം തകര്‍ക്കുന്നു. തുടര്‍ന്ന്, നാലു ദിവസം മാത്രം നീണ്ട കരയാക്രമണം വഴി വിജയം സമ്പൂര്‍ണമാക്കുന്നു. കീഴടങ്ങാന്‍ കൊതിച്ച് കൈയില്‍ നോട്ടുപുസ്തകങ്ങളുമായി പാശ്ചാത്യ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഇറാഖി സൈനികരില്‍ ചിലര്‍ എത്തുന്നിടം വരെയത്തെി കാര്യങ്ങള്‍.
കുവൈത്ത് വീണ്ടും സ്വതന്ത്രമായി. താര പരിവേഷവുമായി യു.എസ് സൈനിക കമാന്‍ഡര്‍ ജനറല്‍ നോര്‍മന്‍ ഷ്വാര്‍സ്കോഫ് വാഴ്ത്തപ്പെട്ടവനുമായി. പതിറ്റാണ്ടുകളായി വേട്ടയാടുന്ന ‘വിയറ്റ്നാം സിന്‍ഡ്രം’ എന്ന ഭീതിയുടെ കമ്പടം എന്നെന്നേക്കുമായി അഴിച്ചുവെച്ചതിന്‍െറ ആശ്വാസം അമേരിക്കക്കും. സമീപകാലത്തൊരിക്കലും ഒരു യുദ്ധവും ഇത്രയെളുപ്പം ആരും ജയിച്ചുകാണില്ല.



കാര്യങ്ങള്‍ അങ്ങനെയൊക്കായായിട്ടും, നീണ്ട കാല്‍നൂറ്റാണ്ടിനു ശേഷവും പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് ഊരിപ്പോരാന്‍ എന്തുകൊണ്ടാവും അമേരിക്കക്കാകാത്തത്?
2011 ഡിസംബര്‍ മുതല്‍ 2014 ആഗസ്റ്റ് വരെ ചെറിയ ഇടവേള മാറ്റിനിര്‍ത്തിയാല്‍ ഈ കാല്‍നൂറ്റാണ്ടുകാലവും ഇറാഖിന്‍െറ ചുട്ടുപൊള്ളുന്ന മണല്‍ത്തിട്ടകളോട് മല്ലിട്ടും ഊഷരമായ ആകാശങ്ങളില്‍ പ്രതീക്ഷയോടെ കണ്ണുനട്ടും അമേരിക്കന്‍ പട്ടാളം ഇവിടെതന്നെയുണ്ട്. ഇത്ര ദീര്‍ഘമായ ഒരു സൈനിക ഇടപെടല്‍ അമേരിക്കന്‍ ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്.

ഒന്നാം ഇറാഖ് യുദ്ധത്തിന് മുമ്പ്, അമേരിക്ക ഒരിക്കലും പശ്ചിമേഷ്യയില്‍ ഒരു ദീര്‍ഘയുദ്ധത്തില്‍ പങ്കാളിയായിട്ടുണ്ടായിരുന്നില്ല. പക്ഷേ, സദ്ദാമിന്‍െറ പിടിയിലുള്ള ഒരു കൊച്ചു രാജ്യത്തിന് സ്വാതന്ത്ര്യം തിരിച്ചുനല്‍കാന്‍ തുടങ്ങിയ യജ്ഞം ഇന്ന് എണ്ണമറ്റ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ മേഖലയെ ഒരു യുദ്ധമുഖമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തത് കൗതുകകരമായ വായനയാണ്.
അനുബന്ധ വായനയായി ഒന്നു കൂടിയുണ്ട്: പ്രസിഡന്‍റ് ഒബാമ അധികാരത്തില്‍ ഏഴൂ വര്‍ഷം പൂര്‍ത്തിയാകും മുമ്പെ ഏഴു മുസ്ലിം രാജ്യങ്ങളില്‍ (അഫ്ഗാനിസ്താന്‍, ഇറാഖ്, പാകിസ്താന്‍, യെമന്‍, സിറിയ, ലിബിയ, സോമാലിയ) വ്യോമാക്രമണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

1990നു മുമ്പ് പശ്ചിമേഷ്യ ദ്വിതീയമോ ത്രിതീയമോ ആയ പ്രാധാന്യം മാത്രമുള്ള മേഖലയായിരുന്നു അമേരിക്കക്ക്. ‘അതുകൊണ്ടുതന്നെ, കാര്യമായ സൈനിക വിന്യാസം പോലുമുണ്ടായിരുന്നില്ല’- ബ്രൂകിങ്സ് ഇന്‍സ്റ്റിറ്റ്യൂഷനിലെ വിദഗ്ധനും മുന്‍ സി.ഐ.എ ഉദ്യോഗസ്ഥനുമായ ബ്രൂസ് റീഡല്‍ പറയുന്നു. പക്ഷേ, 90കള്‍ക്കു ശേഷം സുപ്രധാന സൈനിക ഇടപെടലിന്‍െറയും സംഘര്‍ഷങ്ങളുടെയും നടുത്തളമായി ഇവിടം മാറി. പ്രശ്നം ഉടന്‍ അവസാനിക്കാനുള്ള സാധ്യതയും കാണുന്നില്ല. നാലു പ്രസിഡന്‍റുമാര്‍ അമേരിക്കയില്‍ ഇതിനിടെ മാറിവന്നു. യുദ്ധത്തിന്‍െറ ലക്ഷ്യങ്ങളും ഒന്നില്‍നിന്ന് അടുത്തതിലേക്ക് വളര്‍ന്നു.

സദ്ദാം ആക്രമണം അവസാനിപ്പിക്കലായിരുന്നു ആദ്യം. ഗള്‍ഫില്‍ നിന്നുള്ള സുഗമമായ എണ്ണയൊഴുക്ക്, സദ്ദാമിനെ പിടിച്ചുകെട്ടല്‍, പുറന്തള്ളല്‍, കൂട്ടനശീകരണായുധങ്ങള്‍ക്കായി തിരച്ചില്‍, ജനാധിപത്യ വികസനം, അല്‍ഖാഇദയെ തുരത്തല്‍, ഏറ്റവുമൊടുവില്‍ സ്വയം പ്രഖ്യാപിതാവതാരങ്ങളായ ഐ.എസിനെ അടിച്ചമര്‍ത്തല്‍...
നീണ്ട 25 വര്‍ഷത്തെ ദൗത്യത്തിനു പിന്നില്‍ ലക്ഷ്യങ്ങളും താല്‍പര്യങ്ങളും പലതുണ്ടായിരുന്നുവെങ്കിലും കൃത്യമായി അവ നേടുന്നതില്‍ പരാജയമായിരുന്നുവെന്ന് ഇറാഖില്‍ മുമ്പ് കേണലായി പ്രവര്‍ത്തിച്ച മുന്‍ സൈനികന്‍ ആന്‍ഡ്രൂ ബേസ്വിച്ച് പറയുന്നതിലുമുണ്ട് കാര്യം.

ഇറാഖിലെ യു.എസ് നയങ്ങള്‍ അഞ്ചു ഘട്ടങ്ങളിലൂടെ കടന്നുപോയതായി കണക്കാക്കാം:

1. ആറു മാസത്തെ സൈനിക തയാറെടുപ്പുകള്‍ക്കൊടുവില്‍ 1991 ജനുവരി 17ന് വ്യോമാക്രമണം ആരംഭിക്കുമ്പോള്‍ ലോകം അമേരിക്കയുടെ വഴിയേ നീങ്ങുകയായിരുന്നു. ബെര്‍ലിന്‍ മതില്‍ നിലംപതിച്ചിരുന്നു. സോവിയറ്റ് റഷ്യ വര്‍ഷാവസാനത്തോടെ നിശ്ശൂന്യമാകുന്നതിനുള്ള ഒരുക്കങ്ങളിലായിരുന്നു. ലോകം ഏക ധ്രുവമാറിക്കഴിഞ്ഞിരുന്നുവെന്നര്‍ഥം.
ശീതയുദ്ധം അവസാനിച്ച സാഹചര്യത്തില്‍ ഇനി ലോകക്രമം അമേരിക്ക വരക്കുമെന്ന ധാരണകളെ യുദ്ധം ശരിവെച്ചു. ബഗ്ദാദിലേക്ക് നേരിട്ട് മാര്‍ച്ച് നടത്തി സദ്ദാമിനെ പിടിച്ച് പുറന്തള്ളി എന്തുകൊണ്ട് അധിനിവേശം പൂര്‍ത്തിയാക്കിയില്ളെന്ന സന്ദേഹം മാത്രമായിരുന്നു ബാക്കി.
ഒരു രാജ്യത്തെ സമ്പൂര്‍ണമായി അധിനിവേശം നടത്തുന്നതിന് എതിരായിരുന്നു പ്രസിഡന്‍റ് ജോര്‍ജ് ഡബ്ള്യു ബുഷ്. അദ്ദേഹത്തിന്‍െറ സൈനിക മേധാവി ജനറല്‍ കോളിന്‍ പവല്‍ ഇതിന് ‘Pottery Barn rule’- തകര്‍ത്താല്‍ തന്നെ സ്വന്തമായി എന്ന് ആശയം- എന്ന പുതിയ പേരുമിട്ടു. കൂടുതല്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ പരമാവധി വേഗത്തില്‍ സൈന്യത്തെ പിന്‍വലിക്കാനായിരുന്നു ബുഷിന്‍െറ ആഗ്രഹം. പിന്‍ഗാമികള്‍ക്കുമുണ്ടായിരുന്നു സമാന മോഹം. പക്ഷേ, ഒരിക്കല്‍ പിന്‍വലിക്കുമ്പോഴേക്ക് അടുത്ത പ്രശ്നം അവിടെ മുളപൊട്ടിയിരിക്കും എന്നതാണിപ്പോള്‍ സ്ഥിതി. എല്ലാം സ്വപ്നത്തിലെന്ന പോലെ പൂര്‍ത്തിയായ 1991ലെ യുദ്ധം ഇനി അമേരിക്ക എങ്ങനെ ലോകത്ത് ആയുധമെടുക്കുന്നുവെന്നതിനെ കുറിച്ച തെറ്റായ പ്രതീക്ഷകളാണ് നല്‍കിയതെന്ന് മുന്‍ യു.എസ് സൈനികന്‍ ജെയിംസ് ഡുബിക് പറയുന്നു.


2. സദ്ദാമിനെ ‘പെട്ടിയിലാക്കല്‍’ (1990കള്‍): സദ്ദാമിനെ പുറത്താക്കുന്നില്ളെങ്കില്‍ നിര്‍വീര്യനാക്കി നിര്‍ത്തുകയെന്നതായിരുന്നു അമേരിക്കന്‍ തന്ത്രം. ക്ളിന്‍റണാണ് സദ്ദാമിനെ ‘പെട്ടിയിലാക്കല്‍’ എന്ന പ്രയോഗം കൊണ്ടുവരുന്നത്. രാജ്യാന്തര ഉപരോധങ്ങളുടെ വന്‍പട്ടികക്കൊപ്പം ഇറാഖിനു മേല്‍ വ്യോമ നിരോധിത മേഖലകള്‍ പ്രഖ്യാപിക്കുക കൂടി ചെയ്താണ് ഇത് അനായാസം നടപ്പാക്കിയത്. എല്ലാം ഭദ്രമെന്ന് ഉറപ്പാക്കാന്‍ തെക്കന്‍ ഇറാഖ് മുതല്‍ വടക്കന്‍ ഇറാഖ് വരെ അമേരിക്കന്‍ വ്യോമസേനാ വിമാനങ്ങള്‍ നിരന്തരം റോന്തുചുറ്റുകയും ചെയ്തു. 1991 മുതല്‍ 2003ല്‍ രണ്ടാം യുദ്ധം വരെ ഇതായിരുന്നു സ്ഥിതി.
ഇറാഖില്‍ പുതിയ സൈനിക നീക്കത്തിന് ഉത്തരവിടാത്ത ഏക പ്രസിഡന്‍റ് ക്ളിന്‍റണായിരുന്നു. എന്നുവെച്ച്, അദ്ദേഹത്തിന്‍െറ ഭരണകാലം എല്ലാം സമാധാനപൂര്‍ണമെന്ന തെറ്റിദ്ധാരണയൊന്നുമരുത്.
നിയന്ത്രണങ്ങള്‍ പലതുണ്ടായിട്ടും സദ്ദാം ഇറാഖില്‍ ആധിപത്യം നിലനിര്‍ത്തി. കടുത്ത ഉപരോധങ്ങളും സാമ്പത്തിക രംഗത്ത് സദ്ദാമിന്‍െറ തെറ്റായ രീതികളും ഇറാഖിനെ ദരിദ്രമാക്കുകയും ചെയ്തു. സാധാരണക്കാര്‍ അനുഭവിക്കേണ്ടിവരുന്നതിനെ ചൊല്ലി ഒരുവശത്ത് അമേരിക്കക്കെതിരെ വിമര്‍ശം പുകഞ്ഞുകൊണ്ടിരുന്നപ്പോഴും സദ്ദാമിന്‍െറ പിടി അയഞ്ഞില്ല. അടുത്ത ആക്രമണത്തിന് കളമൊരുങ്ങിക്കഴിഞ്ഞിരുന്നുവെന്ന് സാരം.


3. ഭരണമാറ്റം (2003):അഫ്ഗാനിസ്താനില്‍ താലിബാനെ 2001 ലും ലിബിയയില്‍ ഗദ്ദാഫിയെ 2011ലും പുറത്താക്കിയതിനു സമാനമായി 2003ല്‍ സദ്ദാം ഹുസൈനെ പുറത്താക്കുമ്പോള്‍ അമേരിക്ക ഭൂതത്തെ കുടം തുറന്നുവിട്ടതേയുണ്ടായിരുന്നുള്ളൂ.
ആദ്യ യുദ്ധത്തില്‍ നിന്നും ഭിന്നമായി ചെറിയ സൈന്യത്തെ ഉപയോഗപ്പെടുത്തി ഒരു മാസം കൊണ്ട് അമേരിക്ക ബഗ്ദാദ് പിടിച്ചെടുത്തു. അപ്പോഴും എളുപ്പം എല്ലാം കഴിച്ച് മടങ്ങണമെന്നായിരുന്നു പദ്ധതി.
പക്ഷേ, ഇറാഖ് രാഷ്ട്രീയമായി ശൂന്യമായിരുന്നു. നീണ്ടകാലം രാജ്യം ഭരിച്ച നേതാവിനെ അരിഞ്ഞുതള്ളിയതോടെ ചിതറിപ്പോയി, രാജ്യം. എങ്ങും ശുദ്ധ ശൂന്യത. തെരുവില്‍ വെളിച്ചം തെളിക്കാന്‍ പോലും സംവിധാനമില്ലാതായി പോയ രാജ്യം. എന്നിട്ടല്ളേ, ഭരണനിയന്ത്രണം.
ഇറാഖില്‍ മാത്രമല്ല, സിറിയ, ലിബിയ, യെമന്‍.. എല്ലായിടത്തും ആഭ്യന്തര യുദ്ധം പരകോടിയിലായിരുന്നു. അറബ് രാജ്യങ്ങള്‍ക്ക് ഫലപ്രദമായി ഇടപെടാനാകാത്ത സ്ഥിതി. രാഷ്ട്ര നിര്‍മാണവുമായി രംഗത്തിറങ്ങിയവര്‍ക്ക് ഒരാളെ പോലും കൂട്ടിനു കിട്ടാത്ത സ്ഥിതി.
4: മുന്നേറ്റം (2007): രാജ്യത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഈ ഘട്ടത്തില്‍ അധിക സൈനിക വിന്യാസത്തിലൂടെ അമേരിക്ക നടത്തിയത്.
5: ഐ.എസിനെ നേരിടല്‍ (2014): ഐ.എസിന്‍െറ മേല്‍ക്കൈ ഇല്ലാതാക്കി പരാജയപ്പെടുത്തലാണ് അമേരിക്കയുടെ താല്‍പര്യം. മൂന്നു മുതല്‍ അഞ്ചുവരെ വര്‍ഷം വേണ്ടിവരുമെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.