പുൽപള്ളി: മുള്ളൻകൊല്ലി, പുൽപള്ളി, പൂതാടി പഞ്ചായത്തുകളിലായി നടപ്പാക്കുന്ന സമഗ്ര വരൾച്ച ലഘൂകരണ പദ്ധതിയുടെ നിർവഹണം ആസൂത്രണം ചെയ്യുന്നതിനായി ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് 21ന് മുള്ളൻകൊല്ലിയിൽ എത്തും. രാവിലെ 11ന് മുള്ളൻകൊല്ലി പാരിഷ് ഹാളിലാണ് സെമിനാർ. 80 കോടിയിൽപരം രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ കാഴ്ചപ്പാട്, നിർവഹണം എന്നിവ സംബന്ധിച്ച ചർച്ചക്ക് ധനമന്ത്രി നേതൃത്വം നൽകുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുൽപള്ളി മുള്ളൻകൊല്ലി പഞ്ചായത്തുകൾ പൂർണമായും പൂതാടി പഞ്ചായത്തിലെ ചില വാർഡുകൾ ഭാഗികമായും ഉൾപ്പെടുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി പ്രദേശത്തെ പരിസ്ഥിതി പുനഃസ്ഥാപിക്കാനും ജൈവ വൈവിധ്യം വികസിപ്പിക്കുന്നതിനും സാധ്യമാകുമെന്ന് വിലയിരുത്തപ്പെടുന്നു. മൂന്നു വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഈ സാമ്പത്തിക വർഷം 20 കോടി വകയിരുത്തിയിട്ടുണ്ട്. ജില്ല പഞ്ചായത്ത് 1.20 കോടി രൂപയും പനമരം ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപയും മുള്ളൻകൊല്ലി, പുൽപള്ളി പഞ്ചായത്തുകൾ 50 ലക്ഷംരൂപ വീതവും ഉൾപ്പെടെ 2.40 കോടി രൂപ ത്രിതല പഞ്ചായത്തുകളുടെ വിഹിതമായി വിനിയോഗിക്കുന്നുണ്ട്. മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പുകളുടെ സർവേയുടെയും മറ്റും അടിസ്ഥാനത്തിലും വിവിധ ചർച്ചകൾ വിലയിരുത്തിയുമാണ് പദ്ധതികൾ രൂപപ്പെടുത്തിയിരിക്കുന്നത്. കബനി തീരത്ത് 12 കിലോമീറ്റർ മൂന്നു വരിയിൽ നാടൻ ഇനത്തിൽെപട്ട വൃക്ഷത്തൈകൾ നടുകയും മൂന്നു വർഷത്തേക്ക് അവ പരിപാലിക്കുകയും ചെയ്യും. ജില്ല മണ്ണ് സംരക്ഷണ ഓഫിസർ പി.യു. ദാസ് ആണ് പദ്ധതിയുടെ നിർവഹണ ചുമതല വഹിക്കുന്നത്. വാർത്തസമ്മേളനത്തിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ് കുമാർ, പുൽപള്ളി പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു പ്രകാശ്, വൈസ് പ്രസിഡൻറ് കെ.ജെ. പോൾ, മുള്ളൻകൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശിവരാമൻ പാറക്കുഴി, ജില്ല പഞ്ചായത്ത് അംഗം വർഗീസ് മുരിയൻ കാവിൽ, ടി.വി. അനിൽമോൻ, ജോസ് നെല്ലേടം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.