മാനന്തവാടി: വെള്ളമുണ്ട പഞ്ചായത്തിലെ മലയടിവാര പ്രദേശമായ പുളിഞ്ഞാലിൽ കുടിവെള്ളം ലഭിക്കാതെ ജനം വലയുന്നു. വില്ലേജിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമായ വാട്ടര്‍ അതോറിറ്റിയുടെ പുളിഞ്ഞാല്‍ കുടിവെള്ള വിതരണ പദ്ധതി ടാങ്കില്‍ വെള്ളം ലഭ്യമല്ലാതായതോടെയാണ് ജലക്ഷാമം. മുന്‍ വര്‍ഷങ്ങളില്‍ വേനല്‍കാലത്ത് വാഹനങ്ങളിലൂടെ കുടിവെള്ളം വിതരണം ചെയ്തിരുന്നുവെങ്കിലും ഈ വര്‍ഷം ഇനിയും വിതരണം തുടങ്ങിയിട്ടില്ല. 1989ല്‍ കല്ലാങ്കോട് തോടിനെ ആശ്രയിച്ച് തുടങ്ങിയ വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജലവിതരണ പദ്ധതിയാണ് ഏക ആശ്രയം. മലമുകളില്‍ നിന്നുദ്ഭവിച്ച കാട്ടരുവിക്ക് കുറുകെ തടയണകെട്ടി ടങ്കിലേക്ക് വെള്ളമെത്തിച്ചാണ് പദ്ധതി നടപ്പാക്കിയത്. കണ്ടത്തുവയല്‍ മുതല്‍ കട്ടയാട് വരെയുള്ള ഭാഗങ്ങളിലും മൊതക്കര, വാരാമ്പറ്റ ഭാഗങ്ങളിലുമുള്ള 2000ത്തോളം കുടുംബങ്ങളാണ് ഇൗ പദ്ധതിയെ ആശ്രയിക്കുന്നത്. കഴിഞ്ഞ കുറെ വര്‍ഷമായി വേനല്‍ തുടങ്ങുന്നതോടെ അരുവിയും വറ്റുന്നതിനാൽ ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ല. വരൾച്ച രൂക്ഷമായ സ്ഥലങ്ങളില്‍ റവന്യൂ വകുപ്പും ഗ്രാമ പഞ്ചായത്തും ജലവിതരണം നടത്താറുണ്ടെങ്കിലും പഞ്ചായത്തില്‍ ഇതുവരെ തുടങ്ങിയിട്ടില്ല. മുന്‍ വര്‍ഷങ്ങളിലെല്ലാം പഞ്ചായത്ത് വാഹനങ്ങളിലൂടെ വിതരണം ചെയ്യുന്ന കുടിവെള്ളമായിരുന്നു പുളിഞ്ഞാല്‍ പ്രദേശത്തുകാര്‍ക്ക് തുണയായിരുന്നത്. അഞ്ചു ലക്ഷം രൂപ വരെ ഇതിനായി ചെലവഴിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും പഞ്ചായത്ത് ഈ വര്‍ഷം പണമൊന്നും ചെലവഴിച്ചിട്ടില്ല. റവന്യൂ വകുപ്പ് ഏര്‍പ്പെടുത്തിയ കിയോസ്ക് വഴിയുള്ള ശുദ്ധജല വിതരണവും വെള്ളമുണ്ടയിലെവിടെയും ഇല്ല. വാട്ടർ അതോറിറ്റി ടാങ്കിനോട് ചേര്‍ന്ന ജലം പാഴാകുന്നുണ്ട്. അരുവിയിൽ വെള്ളം ശേഖരിക്കുന്ന തടയണ ശുദ്ധീകരിച്ചിട്ടുമില്ല. തടയണക്ക് മുകളില്‍ മരം കടപുഴകി വീണ് ദ്രവിച്ച് അഴുകിയ വെള്ളമാണ് ഇപ്പോഴും പൈപ്പിലൂടെ സംഭരണ ടാങ്കിലേക്കെത്തുന്നത്. പുളിഞ്ഞാല്‍ ടൗണിന് മുകളിലായി സംഭരണ ടാങ്കിനോട് ചേര്‍ന്ന് താമസിക്കുന്ന നൂറോളം വീടുകളില്‍പോലും ഇപ്പോള്‍ കൃത്യമായി ശുദ്ധ ജലം നല്കാന് കഴിയുന്നില്ല. ഇവിടങ്ങളിലെ കിണറുകളിലും വെള്ളം വറ്റിയതോടെ നാട്ടുകാര്‍ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് പുളിഞ്ഞാലില്‍ ഭൂരിഭാഗം ഹോട്ടലും തുറക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.