കൽപറ്റ: തലശ്ശേരി-മൈസൂരു െറയിൽപാത ലാഭകരമാവില്ലെന്നും ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്നും ഡി.എം.ആർ.സി റിപ്പോർട്ട്. ഡി.എം.ആർ.സി സംസ്ഥാന സർക്കാറിന് സമർപ്പിച്ച വിശദ സാധ്യതാപഠന റിപ്പോർട്ടിലാണ് ഇൗ കണ്ടെത്തൽ. പാതയുടെ അലൈൻമെൻറ് സംബന്ധിച്ചും യാത്ര-ചരക്കു ഗതാഗതം സംബന്ധിച്ചും വിശദ പഠനം നടത്തിയശേഷമാണ് ഡി.എം.ആർ.സി റിപ്പോർട്ട് സമർപ്പിച്ചത്. വടക്കേ മലബാറിന് മാത്രമേ പാതകൊണ്ട് പ്രയോജനമുണ്ടാവൂ എന്നാണ് ഡി.എം.ആർ.സി കണ്ടെത്തിയത്. കേരളത്തിെൻറ മൂന്നിൽ രണ്ടുഭാഗത്തിനും ഈ പാതകൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നുമുണ്ടാവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 206.5 കി.മി ആണ് മൈസൂരു-തലശ്ശേരി െറയിൽപാതയുടെ ദൂരം. ഇതിൽ തലശ്ശേരിയിൽനിന്ന് മൈസൂരു-നഞ്ചൻകോട് പാതയിലെ കടക്കോള വരെ 190 കി.മി പുതിയ പാത നിർമിക്കേണ്ടിവരും. ഇത് പൂർത്തിയാക്കാൻ 6,685 കോടി രൂപ െചലവു വരും. കർണാടകയിലെ വന്യജീവി സങ്കേതത്തിലൂടെ 11.05 കി.മീ ദൂരത്തിൽ പാത കടന്നുപോവേണ്ടതുണ്ട്. കേരളത്തിലെ വനങ്ങളിലൂടെ 57 കി.മി ദൂരത്തിലും പാത കടന്നുപോകണം. കർണാടക വനം വകുപ്പ് ശക്തമായ തടസ്സങ്ങളുന്നയിച്ചെങ്കിലും വനത്തിൽ ശബ്ദവും പ്രകമ്പനവും പുറത്തുവരാത്ത തുരങ്ക പാത നിർമിക്കാമെന്ന ഡി.എം.ആർ.സിയുടെ നിർദേശത്തെ എതിർക്കില്ല എന്നറിയിച്ചിട്ടുണ്ട്. കേരളത്തിൽ 54.4 കി.മി അടക്കം മൊത്തം 65.85 കി.മി ദൂരത്തിൽ തുരങ്കങ്ങൾ നിർമിക്കേണ്ടിവരും. മൊത്തം 298 വീടുകളും കെട്ടിടങ്ങളും പാതക്കായി പൊളിച്ചുനീക്കേണ്ടിവരും. 52.4 കി.മി ദുർഘട ഭൂപ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകേണ്ടത്. കേരളത്തിൽ 186 ഹെക്ടറും കർണാടകയിൽ 59 ഹെക്ടറും സ്ഥലം പാതക്കുവേണ്ടി ഏറ്റെടുക്കേണ്ടിവരും. പാതയിൽ ചരക്കുനീക്കം വളരെ കുറവായിരിക്കുമെന്നാണ് റിപ്പോർട്ടിലുള്ളത്. മൈസൂരുവിൽനിന്ന് പ്രധാന തുറമുഖമായ മംഗലാപുരത്തേക്ക് ഹാസൻ വഴി നിലവിലുള്ള പാതയാണ് ദൂരം കുറവ്. കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളിലേക്കും തലശ്ശേരി വഴി ചരക്കുനീക്കം ഉണ്ടാവില്ല. ബേപ്പൂർ, അഴീക്കൽ തുടങ്ങിയ ചെറിയ തുറമുഖങ്ങളിൽനിന്ന് ഗണ്യമായ ചരക്കുനീക്കം ഉണ്ടാവില്ല. കണ്ണൂർ, മൈസൂരു വിമാനത്താവളങ്ങൾ പ്രായോഗികമാവുന്നതോടെ യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടാകും. പ്രത്യേക കമ്പനി രൂപീകരിച്ചു നടപ്പാക്കിയാൽപ്പോലും പാത നഷ്ടത്തിലായിരിക്കും. പാത കൊണ്ടുണ്ടാവുന്ന സാമൂഹികനേട്ടംപോലും വളരെ താഴ്ന്നതാണ്. എന്നാൽ, നഞ്ചൻകോട്-നിലമ്പൂർ െറയിൽപാതയുടെ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നതായും നിലവിൽ 617 കി.മി ഉള്ള ഷൊർണ്ണൂർ-മൈസൂരു ദൂരം ഈ പാതവഴി 253 കി.മീ ആയി കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലമ്പൂർ-നഞ്ചൻകോട് െറയിൽപാത കേരളത്തിന് മുഴുവൻ പ്രയോജനപ്പെടുമെന്നും മൈസൂരുവിനെയും ബംഗളൂരുവിനെയും കർണാടകയിലെ വിദൂരപ്രദേശങ്ങളെയും തുറമുഖങ്ങളുമായി ബന്ധിപ്പിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ആയതിനാൽ മലബാറിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന രണ്ട് പാതകളുടെ ആവശ്യമില്ലെന്നും ഡോ. ഇ. ശ്രീധരൻറ റിപ്പോർട്ടിൽ പറയുന്നു. നഞ്ചൻകോട്-നിലമ്പൂർ റയിൽപാതയുടെ വിശദ പദ്ധതിരേഖ തയാറാക്കുന്നതുവരെ തലശ്ശേരി-മൈസൂരു െറയിൽപാത സംബന്ധിച്ച് തുടർ നടപടികളൊന്നും സ്വീകരിക്കരുതെന്നും ഡോ. ഇ. ശ്രീധരൻ നിർദേശിച്ചിട്ടുണ്ട്. 1910 മുതൽ ആറ് സർവേകളാണ് തലശ്ശേരി-മൈസൂരു പാതക്കുവേണ്ടി നടത്തിയത്. എല്ലാ സർവേകളിലും വൻനഷ്ടം വരുമെന്നും പ്രായോഗികമാവില്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് പാതക്ക് അനുമതി ലഭ്യമാവാതിരുന്നത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം തലശ്ശേരി-മൈസൂരു പാതക്കുവേണ്ടിയുള്ള നിർദേശം വീണ്ടും സജീവമാവുകയും സംസ്ഥാന സർക്കാർ 50 ലക്ഷം െചലവിൽ ഡി.എം.ആർ.സിയെക്കൊണ്ട് സർവ നടത്തിക്കുകയുമാണ് ചെയ്തത്. ഈ സർവേ ഫലവും മുൻ സർവേകളിലെ നിഗമനം ശരിവെക്കുന്നതായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.