പുൽപള്ളി: കള്ളക്കടത്തും മറ്റും തടയാൻ കർണാടക അതിർത്തി പ്രദേശമായ പെരിക്കല്ലൂരിൽ രണ്ടു വർഷം മുമ്പ് ആരംഭിച്ച പൊലീസ് ഔട്ട്പോസ്റ്റ് അടച്ചുപൂട്ടിയ നിലയിൽ. ആഴ്ചകളായി ഔട്ട്പോസ്റ്റ് പ്രവർത്തിക്കുന്ന കെട്ടിടം അടച്ചിട്ടിരിക്കുകയാണ്. കബനി നദിക്ക് അക്കരെ ബൈരക്കുപ്പ പഞ്ചായത്തിൽനിന്ന് കഞ്ചാബ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വ്യാപകമായി കേരളത്തിലേക്ക് എത്തിക്കുന്നുണ്ട്. അതിർത്തിയിലൂടെ തോണികളിലാണ് കള്ളക്കടത്ത് വസ്തുക്കളും മറ്റും കടത്തിക്കൊണ്ടുവരുന്നത്. കബനി നദിയിലൂടെ ലഹരി വസ്തുക്കളും നികുതിവെട്ടിച്ച് നിത്യോപയോഗ സാധനങ്ങളും കടത്തുന്നത് തടയാനായിരുന്നു പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിച്ചത്. അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയായിരുന്നു ഔട്ട്പോസ്റ്റ് പ്രവർത്തനം ഉദ്ഘാടനം ചെയ്തത്. ഏതാനും നാളുകൾ പൊലീസുകാരെ ഡ്യൂട്ടിക്കിട്ട് പൂർണസമയ പ്രവർത്തനം നടത്തിയിരുന്നു. സമീപകാലത്തടക്കം രാവിലെ മുതൽ വൈകീട്ട് വരെ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. എന്നാൽ, രാത്രികാലങ്ങളിൽ ഔട്ട് പോസ്റ്റ് അടഞ്ഞും കിടന്നു. ഇപ്പോൾ വല്ലപ്പോഴുമാണ് ഇവിടേക്ക് പൊലീസുകാരെ ഡ്യൂട്ടിക്കിടുന്നത്. കെട്ടിടത്തിെൻറ വാടക കൊടുക്കാൻ പണമില്ലാത്തതിനാലും പുൽപള്ളി സ്റ്റേഷനിൽ ആവശ്യത്തിന് സിവിൽ പൊലീസ് ഉദ്യോഗസ്ഥരില്ലാത്തതുകൊണ്ടും ഔട്ട്പോസ്റ്റിനെ നോക്കു കുത്തിയാക്കിയെന്നാണ് നാട്ടുകാർ പറയുന്നത്. തീരേ സൗകര്യങ്ങളില്ലാത്ത കെട്ടിടത്തിലാണ് ഔട്ട്പോസ്റ്റുള്ളത്. വൈദ്യുതി ബിൽ അടക്കാത്തതിനാൽ കെ.എസ്.ഇ.ബി ഫ്യൂസ് ഉൗരി. ഗവ. ഉത്തരവിൽ എവിെടയും ഇത്തരമൊരു ഔട്ട്പോസ്റ്റ് ഉണ്ടെന്ന രേഖയുമില്ല. ഔട്ട്പോസ്റ്റ് അടച്ചുപൂട്ടിയത് കബനി വഴിയുള്ള കഞ്ചാവ്, മദ്യം, മയക്കുമരുന്ന് കള്ളക്കടത്തിന് ആക്കംകൂട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.