പനമരം: പനമരം ടൗണിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ കണിയാമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂരിൽ വാഴകൃഷി വ്യാപകമാകുന്നു. നെൽവയലിൽ ഒട്ടുമിക്കതും വാഴകൃഷിക്ക് വഴിമാറിയിരിക്കുന്നു. പ്രദേശത്തെ വാഴകൃഷി മേഖലയിൽ അർബുദരോഗികളുടെ എണ്ണവും വ്യാപകമാക്കിയിരിക്കുകയാണ്. ചീക്കല്ലൂരിലെ പുളിക്കൽ വയൽ, ഇടത്തിൽ വയൽ, ഹെൽത്ത് സെൻറർ വയൽ എന്നിവിടങ്ങളിലൊക്കെ വാഴകൃഷി വ്യാപിച്ചിരിക്കുകയാണ്. ഈ ഭാഗത്ത് ആദിവാസി കോളനികൾ ധാരാളമുണ്ട്. എല്ലാ കോളനികളിലും അർബുദം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഹെൽത്ത് സെൻററിനടുത്ത ‘വയൽ’ കോളനിയിൽ മുമ്പ് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിൽ പരിസരത്തെ വാഴകൃഷി കോളനിക്കാരുടെ ആരോഗ്യത്തെ ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ, പരിഹാരനടപടികളൊന്നും ഉണ്ടായില്ല. വയൽ കോളനിയിലെ കിണറിലെ വെള്ളത്തിൽപോലും ഫ്യൂരിഡാെൻറ സാന്നിധ്യമുണ്ടായിരുന്നു. ഇപ്പോഴും കോളനിക്കാരുടെ ആശ്രയം ഈ കിണറിലെ വെള്ളമാണ്. വയൽ പാട്ടത്തിനെടുത്താണ് ചീക്കല്ലൂരിൽ വാഴകൃഷിക്ക് പലരും പണം മുടക്കുന്നത്. പാട്ടത്തുകയും ജോലിച്ചെലവുകളും കഴിച്ച് ലാഭമുണ്ടാക്കാൻ കീടനാശിനി വൻതോതിൽ ഉപയോഗിക്കാതെ തരമില്ലെന്ന് വാഴകൃഷി മേഖലയിൽ പണം മുടക്കുന്ന ചിലർ പറഞ്ഞു. ഒരു കാലത്ത് പനമരത്തെ വലിയ നെൽകൃഷി മേഖലയായിരുന്നു ചീക്കല്ലൂർ. രണ്ട് പതിറ്റാണ്ടായി നെൽകൃഷി ചെയ്യുന്ന വയലുകളുടെ എണ്ണം ഇവിടെ പകുതിയായി കുറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ തലത്തിലുള്ള ഇടപെടലുകൾ ഉണ്ടാകുന്നേയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.