കൽപറ്റ: ഗോദ എന്ന സിനിമയിലെ ബീഫിനെക്കുറിച്ച് നായകൻ പറയുന്ന രംഗം കേരളത്തിലായതുകൊണ്ടാണ് ജനങ്ങൾ ആസ്വദിച്ചതെന്നും തമാശയിലൂടെ ചില വിഷയങ്ങളിൽ നമ്മുടെ പ്രതിഷേധം അറിയിക്കാനാണ് ശ്രമിച്ചതെന്നും സംവിധായകൻ ബേസിൽ ജോസഫ്. കന്നുകാലി കശാപ്പ് നിയന്ത്രണം കൊണ്ടുവന്നപ്പോൾ നവമാധ്യമങ്ങളിൽ ഗോദയിലെ നായകൻ ടോവിനോ ബീഫിനെ പുകഴ്ത്തുന്ന രംഗം വൈറലായിരുന്നു. വയനാട് പ്രസ് ക്ലബിലെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബേസിൽ ജോസഫ്. ഇത്തരമൊരു രംഗം ഉത്തരേന്ത്യയിലായിരുന്നെങ്കിൽ സിനിമ തിയറ്ററിലെത്തുമായിരുന്നില്ല. മലയാളികളുടെ ആസ്വാദനനിലവാരമാണ് ഇതിലൂടെ മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പണ്ടുമുതലേ ആക്ഷേപഹാസ്യരീതിയിൽ നമ്മുടെ പ്രതിഷേധങ്ങൾ സംവിധായകർ സിനിമയിലൂടെ അവതരിപ്പിക്കാറുണ്ട്. 2015ൽ ഗോദയുടെ ആരംഭഘട്ടത്തിൽതന്നെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബീഫ് നിരോധനം വിഷയമായിരുന്നു. അങ്ങനെയാണ് ആക്ഷേപഹാസ്യമായി ആ രംഗം സിനിമയിൽ ഉൾപ്പെടുത്തിയതെങ്കിലും 2017ൽ ഗോദ റിലീസായ ശേഷം, കശാപ്പ് നിയന്ത്രണം വന്നതോടെയാണ് കൂടുതൽ ചർച്ചയായത്. അതോടെ തിയറ്ററുകളിൽ നിലക്കാത്ത ൈകയടിയാണ് ലഭിക്കുന്നത്. ഗുസ്തിയുടെ പശ്ചാത്തലത്തിൽ നിർമിച്ച ‘ഗോദ’ തീർത്തും സ്ത്രീപക്ഷ സിനിമയാണ്. എന്നാൽ, സാക്ഷി മാലിക്കിനായി ൈകയടിക്കുന്ന മലയാളി സ്വന്തം ഇടയിൽ ഇന്നും ഇത്തരമൊരാളെ വളർത്താൻ ശ്രമിക്കുന്നില്ല. മീറ്റ് ദ പ്രസിൽ ഷമീർ ബത്തേരി അധ്യക്ഷത വഹിച്ചു. കെ.എ. അനിൽകുമാർ സ്വാഗതവും ജംഷീർ കൂളിവയൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.