സുല്‍ത്താന്‍ ബത്തേരി: മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ പോലെ കാഴ്ചക്കുള്ള ഇടമല്ല വനമെന്ന അറിവ് മുത്തങ്ങ വന്യജീവി സങ്കേതത്തിലെത്തുന്നവര്‍ക്ക് പകരാനായി ഒരുക്കിയ പ്രകൃതിപഠനകേന്ദ്രത്തിെൻറ നിര്‍മാണം പൂര്‍ത്തിയായി. വനത്തെക്കുറിച്ചും വന്യമൃഗങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ചിത്രങ്ങളിലൂടെയും നിര്‍മിതികളിലൂടെയും സഞ്ചാരികള്‍ക്ക് പകര്‍ന്നുനല്‍കുന്നതിനാണ് വനംവകുപ്പ് പഠനകേന്ദ്രം നിര്‍മിച്ചത്. കോത്തഗിരി കീ സ്റ്റോണ്‍ ഫൗണ്ടേഷനാണ് നിര്‍മാണചുമതല. അലുമിനിയം, മരം, ഗ്ലാസ്, വിനൈല്‍, ടെറാകോട്ട, മുള എന്നീ വസ്തുക്കളുപയോഗിച്ചാണ് കേന്ദ്രത്തിലേക്കാവശ്യമായ നിര്‍മിതികള്‍ നടത്തിയിരിക്കുന്നത്. 2016 ഒക്ടോബറിലാണ് നിര്‍മാണം ആരംഭിച്ചത്. വയനാട്ടിലെ ഫോട്ടോഗ്രാഫര്മാരുടേതുള്പ്പെടെ ഇരുനൂറോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഫോട്ടോകളിലേറെയും വയനാട് വന്യജീവി സങ്കേത്തില്‍ നിന്ന് പകര്‍ത്തിയവയാണ്. കൂടാതെ കടുവ, കരടി, പുലി എന്നിവയുടെ പ്രതിമകളും നിര്‍മിച്ചിട്ടുണ്ട്. വനത്തില്‍ നിന്ന് ലഭിക്കുന്ന മൂല്യവര്ധിതവസ്തുക്കളായ കല്‍പാശം, പായലുകള്‍, മുളയരി എന്നിവ ഇവിടെ കാണാം. കുട്ടികള്‍ക്കായി പ്രത്യേകം മുറിയും സജ്ജീകരിച്ചിട്ടുണ്ട്. വന്യമൃഗങ്ങളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഈ മുറി സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ കുട്ടികള്‍ക്ക് കളിക്കുന്നതിനും സൗകര്യമുണ്ട്. സത്യമംഗലം, നീലഗിരി ലോങ്വുഡ് ചോല, തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ കീ സ്റ്റോണ്‍ ഫൗണ്ടേഷന് നിര്‍മിച്ചിട്ടുണ്ട്. 12.41 ലക്ഷം രൂപയാണ് നിര്‍മാണത്തിനായി ചെലവഴിച്ചത്. നിലവില്‍ മുത്തങ്ങയിലുള്ള മ്യൂസിയം ശോച്യാവസ്ഥയിലാണ്. ഇതു പുതുക്കുന്നതിനായി വനംവകുപ്പ് നീക്കം നടത്തുന്നുണ്ട്. ഒരു മാസത്തിനുള്ളില്‍തന്നെ കേന്ദ്രം സഞ്ചാരികള്‍ക്കായി തുറന്നുനല്‍കുമെന്ന് അസി. വൈല്‍ഡ് ലൈഫ് വാര്ഡന് എ. ആശലത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.