കൽപറ്റ: പുതിയ അധ്യയനവർഷം ഇന്ന് ആരംഭിക്കാനിരിക്കെ, ജില്ലയിലെ പൊതു വിദ്യാഭ്യാസ രംഗത്ത് ഗുണകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കച്ചമുറുക്കി അധികൃതർ. എസ്.എസ്.എൽ.സി പരീക്ഷഫലത്തിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിൽനിൽക്കുന്ന വയനാട് ജില്ലയെ മുൻനിരയിലേക്ക് കൈപിടിച്ചുയർത്തുകയെന്നതുൾപ്പെടെയുള്ള ലക്ഷ്യങ്ങളോടെയാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്. ജില്ലയിലെ വിദ്യാഭ്യാസ വകുപ്പും സർവശിക്ഷ അഭിയാനുമൊക്കെ സജീവമായി പങ്കാളികളാകുന്ന യജ്ഞത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുപ്രധാന പങ്കുവഹിക്കും. വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ജില്ലയിലെ വിദ്യാഭ്യാസ വിചക്ഷണരും അധികൃതരുമൊക്കെ ചേർന്ന് വ്യക്തമായ രൂപരേഖ ഒരുക്കിയിട്ടുണ്ട്. അതനുസരിച്ചുള്ള പദ്ധതികൾ ജൂൺ മുതൽതന്നെ പ്രാവർത്തികമാക്കുമെന്ന് എസ്.എസ്.എ പ്രോജക്ട് ഒാഫിസർ ജി.എൻ. ബാബുരാജ് പറഞ്ഞു. ത്രിതല പഞ്ചായത്തുകൾ, പ്രധാനാധ്യാപകൻ, അധ്യാപക രക്ഷാകർതൃ സമിതി തുടങ്ങിയവയുടെ കൂട്ടായ്മയിൽ വിദ്യാലയ പുരോഗതി സൂക്ഷ്മമായി വിലയിരുത്തും. പല സ്കൂളുകളിലും അധ്യാപകരില്ലാത്ത പ്രശ്നം ജില്ലയിൽ സജീവമാണ്. എസ്.എസ്.എൽ.സി വിജയശതമാനത്തിൽ പിന്നാക്കംപോയ ഗ്രാമീണമേഖലയിലെ സർക്കാർ സ്കൂളുകൾ പലതും മതിയായ അധ്യാപകരില്ലാതെയാണ് കഴിഞ്ഞ അധ്യയന വർഷത്തിെൻറ സിംഹഭാഗവും പ്രവർത്തിച്ചത്. ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിെൻറ തലപ്പത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥിരമായി ഇല്ലാതിരുന്നതും പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. പുതിയ അധ്യയനവർഷത്തിൽ അധ്യാപകരില്ലാത്ത പ്രശ്നങ്ങൾ പരിഹരിച്ച് മുന്നേറുകയാണ് ലക്ഷ്യം. ഒഴിവുള്ള തസ്തികകളിലേക്ക് ആളുകളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എല്ലാ സ്കൂളുകളിലും നടപടി സ്വീകരിച്ചതായി അധികൃതർ പറയുന്നു. ഇൗ അധ്യയനവർഷം മുതൽ നടപ്പാവുന്ന ‘ശാലസിദ്ധി’ സ്കൂളുകളുടെ ഗുണപരമായ മുന്നേറ്റത്തിൽ വലിയ പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷയെന്ന് എസ്.എസ്.എ ജില്ല പ്രോഗ്രാം ഒാഫിസർ ടി.കെ. ബിനോയ് പറഞ്ഞു. ശാലസിദ്ധി രേഖയിൽ കുട്ടികളുടെ വിദ്യാഭ്യാസപരമായ കഴിവുകളും പുരോഗതിയുമൊക്കെ രേഖപ്പെടുത്തും. രക്ഷിതാവിന് സ്കൂളിലെത്തി കുട്ടികളുടെ പഠനപുരോഗതിയെക്കുറിച്ച് അറിയാൻ ഇതുപകരിക്കും. പ്രൈമറി സ്കൂളിെൻറ കടമ്പ പിന്നിടുേമ്പാഴും അക്ഷരമറിയാത്ത കുട്ടികൾ നിരവധിയാണെന്ന ആക്ഷേപത്തിന് അറുതിവരുത്താനുള്ള മാർഗങ്ങളും ആരായുന്നുണ്ട്. ഇതിെൻറ ഭാഗമായി മലയാളത്തിളക്കം എന്ന പേരിൽ ശിൽപശാല മാതൃകയിൽ നാലു ദിവസത്തെ ക്ലാസ് നൽകും. അതിനുശേഷം രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കുട്ടികളുടെ പുരോഗതി വിലയിരുത്തും. കണക്കിലെ അഗ്നിപരീക്ഷകൾ മറികടക്കാൻ ‘ഗണിതോത്സവ’വും ശാസ്ത്രവിഷയങ്ങളിൽ മുന്നേറാൻ ‘ശാസ്ത്രോത്സവ’വും ഒരുക്കുന്നുണ്ട്. ഹിന്ദിയിൽ പരിജ്ഞാനം വർധിപ്പിക്കാൻ ‘സുരീലി ഹിന്ദി’യും ഇംഗ്ലീഷിൽ ‘ഹലോ ഇംഗ്ലീഷും’ ഇൗ മാതൃകയിൽ നടപ്പാക്കും. ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ നടപ്പാക്കുന്ന ഇൗ സംവിധാനങ്ങൾ മുഖ്യമായും പല വിഷയങ്ങളിലും അടിസ്ഥാനപരമായി കുട്ടികൾക്ക് ധാരണ കുറവാണെന്ന പരാതി പരിഹരിക്കാനാണ്. ഇവ നടപ്പാക്കുന്നതിനു പുറമെ കൃത്യമായ തുടർ അവലോകനങ്ങളുമുണ്ടാകുമെന്നും അധികൃതർ പറഞ്ഞു. ഇതിനു പുറമെ, ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും അവരെ സ്കൂളുകളുമായി കൂടുതൽ ആത്മബന്ധത്തോടെ കൂട്ടിയിണക്കാനുമായി വയനാടിെൻറ സവിശേഷമായ ‘ഗോത്രബന്ധു’ പദ്ധതി ഇൗ അധ്യയനവർഷം മുതൽ നിലവിൽവരുകയാണ്. ഗോത്രവർഗവിദ്യാർഥികളെ ആവേശപൂർവം വിദ്യാലയങ്ങളിലെത്തിക്കാൻ അവരുടെ സമുദായങ്ങളിൽനിന്നുതെന്നയുള്ള വിദ്യാസമ്പന്നരെ മാർഗദർശക അധ്യാപകരായി നിയമിച്ചാണ് ഇതിന് വഴിയൊരുക്കുന്നത്. 241 സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ പട്ടികവർഗ വിഭാഗത്തിൽനിന്ന് തെരെഞ്ഞടുക്കപ്പെടുന്നവരെയാണ് ദിവസവേതനാടിസ്ഥാനത്തിൽ മെൻറർ ടീച്ചർമാരായി നിയോഗിക്കുന്നത്. പദ്ധതിയുടെ ഒൗദ്യോഗിക ഉദ്ഘാടനം ജൂൺ നാലിന് വയനാട്ടിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.