മാനന്തവാടി: കയറ്റിറക്ക് തർക്കത്തെ തുടർന്ന് തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്. സി.പി.എം പനമരം ഏരിയ സെക്രട്ടറി കെ.ടി. പ്രകാശ് (56), സി.ഐ.ടി.യു പ്രവർത്തകരായ ആബിദ് (24), ബിജോൾ (30) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും ജില്ലആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. എടവക ഗ്രാമപഞ്ചായത്തിലെ പാണ്ടിക്കടവിലെ സ്വകാര്യ ഇൻഡസ്ട്രിയൽ സ്ഥാപനത്തിലെ കയറ്റിറക്കാണ് തർക്കത്തിന് കാരണം. തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള ഈ സ്ഥാപനത്തിൽ മാനന്തവാടി എം.എസ്, എം.എ പൂളുകളിലെ ചുമട്ട് തൊഴിലാളികളായിരുന്നു കയറ്റിറക്ക് നടത്തിയിരുന്നത്. ബുധനാഴ്ച എടവകയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പതിനഞ്ച് സി.ഐ.ടി.യു പ്രവർത്തകർ കയറ്റിറക്കിന് എത്തി. ഇത് മാനന്തവാടിയിൽ നിന്നെത്തിയ തൊഴിലാളി യൂനിയൻ പ്രവർത്തകർ എതിർത്തതോടെ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. സ്ഥലത്തെത്തിയ പൊലീസ് ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കുകയായിരുന്നു. തുടർന്ന് വൈകീട്ട് പൊലീസ് സാന്നിധ്യത്തിൽ ചർച്ച നടത്താമെന്ന ധാരണയിലാണ് ഇരുവിഭാഗവും പിരിഞ്ഞുപോയത്. അതിനിടെ കെ.ടി. പ്രകാശനെ മർദിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ ബുധനാഴ്ച ഉച്ചക്ക് രണ്ടുമുതൽ ആറ് വരെ പാണ്ടിക്കടവിൽ ഹർത്താൽ ആചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.