പനമരത്തെ മദ്യശാല മാറ്റാനാകാതെ അധികൃതര്‍

പനമരം: ബിവറേജ് കോര്‍പറേഷന്‍െറ പനമരം നെല്ലാറാട്ടെ മദ്യശാല നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിസ്ഥാപിക്കാനാകാതെ അധികൃതര്‍. ഹൈവേയില്‍ പ്രവര്‍ത്തിക്കുന്ന വിദേശമദ്യശാലകള്‍ അടച്ചുപൂട്ടുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യണമെന്ന് 2016 ഡിസംബര്‍ 15ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 2017 മാര്‍ച്ച് 31നകം പാതയോരത്തെ ഈ മദ്യശാല പനമരം പഞ്ചായത്തില്‍തന്നെ മാറ്റിസ്ഥാപിക്കാനുള്ള അധികൃതരുടെ നീക്കമാണ് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നടക്കാതെപോവുന്നത്. പനമരം പഞ്ചായത്തില്‍ നീര്‍വാരം, ഏച്ചോം, പനമരം ഹൈസ്കൂളിന് സമീപത്തെ സ്ഥാപനം, ഹോപ്കെ, പുഞ്ചവയല്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ വാടകക്ക് കണ്ടത്തെിയെങ്കിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധം കാരണം ബിവറേജ് കോര്‍പറേഷന്‍ അധികൃതര്‍ക്ക് എവിടെയും നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥ വരുകയായിരുന്നു. ഏച്ചോത്ത് മദ്യശാല തുടങ്ങാന്‍ എല്ലാ തയാറെടുപ്പും നടത്തിയിരുന്നു. എന്നാല്‍, പ്രതീക്ഷിക്കാത്ത രീതിയില്‍ നാട്ടുകാര്‍ ഒന്നടങ്കം അണിനിരന്ന ജനകീയ പ്രതിഷേധ കൂട്ടായ്മയാണ് അവിടെ രൂപപ്പെട്ടത്. ഏച്ചോം സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളും പി.ടി.എയും നാട്ടുകാരും ജനകീയ സമരം ഏറ്റടുത്തതോടെ അവിടെനിന്ന് സ്ഥലം വിടേണ്ടിവന്നു. തുടര്‍ന്നാണ് പനമരം ടി.ടി.ഐയുടെയും ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറയും സമീപത്ത് കോട്ടൂരില്‍ സ്ഥലം കണ്ടത്തെിയത്. ഇതറിഞ്ഞ കോട്ടൂര്‍ പ്രദേശവാസികളും സ്കൂള്‍ അധികൃതരും ജനകീയ സമരത്തിന് നേതൃത്വം നല്‍കുമെന്ന് കെട്ടിടം ഉടമയെ അറിയിച്ചതിനെ തുടര്‍ന്ന് അവിടെയും സ്ഥാപിക്കാന്‍ കഴിയാതായി. നീര്‍വാരം, പുഞ്ചവയല്‍, മാത്തൂര്‍ പ്രദേശങ്ങളിലേക്ക് പിന്നീട് അധികൃതര്‍ നോട്ടമെറിയുകയായിരുന്നു. എന്നാല്‍, അവിടങ്ങളിലും ജനങ്ങള്‍ ശക്തമായി രംഗത്തുവന്നതോടെ ആ നീക്കവും പരാജയപ്പെടുന്ന അവസ്ഥയിലായി. ഗ്രാമീണ മേഖലകളില്‍ മദ്യശാല സ്ഥാപിക്കുന്നത് പ്രദേശത്തെ സൈ്വരജീവിതത്തിന് തടസ്സമാകുന്നത് തിരിച്ചറിഞ്ഞാണ് എല്ലായിടത്തും നാട്ടുകാര്‍ ഒറ്റക്കെട്ടായി പ്രതിഷേധവുമായി രംഗത്തുവരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.