കല്‍പറ്റ: സംസ്ഥാനത്തെ ഏറ്റവും പ്രധാന കാര്‍ഷിക മേഖലകളിലൊന്നായ വയനാട്ടില്‍ കാലാവസ്ഥ വ്യതിയാനവും അതുമൂലമുള്ള കൃഷിനാശവും വന്‍തോതില്‍ നഷ്ടം വരുത്തുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്കുള്ള സമാശ്വാസ പദ്ധതികള്‍ സര്‍ക്കാര്‍ അടിയന്തരമായി നടപ്പാക്കണമെന്ന് അഖിലേന്ത്യ കിസാന്‍സഭ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ ജില്ലകളെയും വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ച് പൊതുവില്‍ നടപ്പാക്കുന്ന സമാശ്വാസ പദ്ധതികള്‍ മാത്രം വയനാടിന് മതിയാവില്ല. ഇതിനകം തന്നെ അഞ്ഞൂറ് ഹെക്ടറിലധികം നെല്‍കൃഷി കടുത്ത വേനലില്‍ ഈ ജില്ലയില്‍ കരിഞ്ഞുണങ്ങിയെന്നാണ് ഒൗദ്യോഗിക കണക്ക്. യഥാര്‍ഥ കൃഷിനാശം ഇതിലും കൂടുതലാണ്. കിണറുകളും കുളങ്ങളുമെല്ലാം അതിവേഗം വറ്റിവരളുന്നു. ഇതിനകം തന്നെ നൂറുകണക്കില്‍ കിണറുകള്‍ വറ്റിവരണ്ടു. ജലക്ഷാമം മൂലം കൃഷിയിറക്കാന്‍ പോലും കഴിയാത്ത അവസ്ഥ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ട്. വിളവെടുപ്പ് വേളയില്‍ പോലും പ്രതിസന്ധിയുടെ രൂക്ഷത വയനാട്ടില്‍ നിലനില്‍ക്കുകയാണ്. കൃഷിയുടെ അനുബന്ധ മേഖലയായി കണക്കാക്കുന്ന ക്ഷീരോല്‍പാദനവും പ്രതിസന്ധിയിലേക്ക് നീങ്ങിക്കഴിഞ്ഞു. പാല്‍ ഉല്‍പാദനത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിനകം സംഭവിച്ച മാന്ദ്യം ഇതിന് തെളിവാണ്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന മഹാഭൂരിപക്ഷം കുടുംബങ്ങളും പ്രതിസന്ധിയില്‍ മൂക്കൊപ്പം മുങ്ങിക്കഴിഞ്ഞു. അതിനാല്‍ കര്‍ഷകരുടെ നിത്യജീവിതത്തിലെ പ്രയാസങ്ങള്‍ മറികടക്കുന്നതിനുള്ള പ്രായോഗിക നടപടികളാണ് ഉണ്ടാവേണ്ടത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി കലക്ടറേറ്റ് പടിക്കല്‍ കാഞ്ഞിരത്തിനാല്‍ കുടുംബം നീതിതേടി നടത്തുന്ന സമരം, വിഷയം പരിഹരിച്ചുകൊണ്ട് ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും കിസാന്‍സഭ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് അഡ്വ. കെ. ഗീവര്‍ഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് എ. പ്രദീപന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. അമ്പി ചിറയില്‍, പി.ജി. രാജന്‍, വി.ജി. വിജയന്‍, സുരേഷ്ബാബു, കെ.പി. വിജയന്‍, എം. ബാലകൃഷ്ണന്‍, കെ.പി. രാജന്‍, നെടിയഞ്ചേരി വാസു, കെ. വാസുദേവന്‍, അഡ്വ. പ്രകാശാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.