മേപ്പാടി: വിത്തുകാട് നിക്ഷിപ്ത വനഭൂമിയില്‍ നടന്ന ഭൂരഹിതരുടെ കുടിയേറ്റത്തിന് ചൊവ്വാഴ്ച ഒമ്പത് വയസ്സ്. 2008 ജനുവരി 24ന് രാത്രിയിലായിരുന്നു ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ വിത്തുകാട് ഭൂസമരം. ആദിവാസികളടക്കം 300ല്‍പരം കുടുംബങ്ങളാണ് ഒറ്റ രാത്രികൊണ്ട് അവിടെ കുടില്‍കെട്ടിയത്. സി.പി.ഐ (എം.എല്‍) സംസ്ഥാന നേതൃത്വം നേരിട്ട് ഏറടുത്ത സമരമായിരുന്നു അത്. തൊട്ടടുത്ത ദിവസം പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി കെ.എന്‍. രാമചന്ദ്രനടക്കമുള്ള നേതാക്കള്‍ സ്ഥലത്ത് നേരിട്ട് വരുകയും ചെയ്തു. ജില്ലയില്‍ രൂപം കൊടുത്ത വയനാട് ഭൂസമര സമിതിയായിരുന്നു സമരത്തിന് ചുക്കാന്‍ പിടിച്ചത്. മുത്തങ്ങ സമരം, എ.കെ.എസ് നേതൃത്വത്തില്‍ നടന്ന ഭൂസമരം എന്നിവ കഴിഞ്ഞാല്‍ ഏറെ രാഷ്ട്രീയ ശ്രദ്ധ നേടിയ വിത്തുകാട് സമരം നടക്കുമ്പോള്‍ വി.എസ്. അച്യുതാനന്ദന്‍െറ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ ആയിരുന്നു സംസ്ഥാനത്ത് അധികാരത്തില്‍. അക്കാരണം കൊണ്ടുതന്നെ കുടിയിറക്കല്‍ നടപടിയുണ്ടായില്ല. എന്നാല്‍, ആദ്യ ഘട്ടത്തില്‍ സി.പി.ഐ (എം.എല്‍)ന് ഒപ്പം നിന്നിരുന്നവര്‍ പലരും മറ്റു പാര്‍ട്ടികളില്‍ അഭയം തേടിയത് പാര്‍ട്ടിക്ക് തിരിച്ചടിയായി. ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തിനുള്ളില്‍ തന്നെ പൊട്ടിത്തെറിയുണ്ടായി. സമരത്തിന് നേതൃത്വം നല്‍കിയവര്‍ തന്നെ പാര്‍ട്ടിക്ക് പുറത്തായി. ക്രമേണ ‘വര്‍ഗീസ് കോളനി’ എന്നറിയപ്പെട്ട വിത്തുകാട്ടില്‍ ജനതാദളിന്‍െറയും സി.പി.എമ്മിന്‍െറയും കൊടിയുയര്‍ന്നു. ഇപ്പോള്‍ സി.പി.ഐ (എം.എല്‍)ലെ വിരലിലെണ്ണാവുന്നവരും സി.പി.എമ്മുകാരും മാത്രമായി. കോളനിയില്‍ പത്ത് സെന്‍റ് വീതം ഭൂമിയില്‍ കുടിവെച്ച് താമസിക്കുന്ന കുടുംബങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മോശമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെയില്ല. അവ നേരിയെടുക്കുന്നതില്‍ ഇവര്‍ക്ക് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും തന്നെ വിജയിച്ചിട്ടില്ല. കൃഷിഭൂമി കൃഷിക്കാര്‍ക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി ആരംഭിച്ച സമരം പത്തു സെന്‍റ് കോളനി രൂപവത്കരണത്തില്‍ ഒതുങ്ങി. അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ക്കുവേണ്ടി ഇന്നും കാത്തിരിക്കുകയാണിവിടത്തെ കുടുംബങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.