കാഞ്ഞിരത്തിനാല്‍ ഭൂമി: രാപ്പകല്‍ സമരം ആരംഭിച്ചു

കല്‍പറ്റ: കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും കോടതിയെയും സര്‍ക്കാറിനെയും തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സമര സഹായസമിതി നടത്തുന്ന രാപ്പകല്‍ ഉപവാസ സമരം കല്‍പറ്റ ടൗണില്‍ ആരംഭിച്ചു. പണംകൊടുത്ത് വാങ്ങി, നികുതിയടച്ചുവന്നിരുന്ന ഭൂമിയില്‍നിന്ന് ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഇരയായി പുറന്തള്ളപ്പെട്ട കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി തേടിയുള്ള പോരാട്ടത്തില്‍ പൊതുസമൂഹത്തിന്‍െറ പിന്തുണയോടെയുള്ള പ്രക്ഷോഭ പരിപാടികള്‍ നടത്തുന്നതിന്‍െറ ആദ്യപടിയായാണ് രാപ്പകല്‍ സമരം തുടങ്ങിയത്. 2015 ആഗസ്റ്റ് 15 മുതല്‍ വയനാട് കലക്ടറേറ്റിനു മുന്നില്‍ കാഞ്ഞിരത്തിനാല്‍ ജെയിംസും കുടുംബവും അനിശ്ചിതകാല സമരം നടത്തിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുകപോലും ചെയ്യാത്ത സാഹചര്യത്തിലാണ് സമര സഹായ സമിതി രൂപവത്കരിച്ച് ഈ നിസ്സഹായ കുടുംബത്തിന്‍െറ നീതി തേടിയുള്ള പോരാട്ടത്തിന് പിന്തുണ നല്‍കുന്നത്. ഹൈകോടതിയെയും സര്‍ക്കാറിനെയും തെറ്റായ രേഖകളുണ്ടാക്കി വനംവകുപ്പ് തെറ്റിദ്ധരിപ്പിച്ചതായി വിജിലന്‍സ് കണ്ടത്തെിയിട്ടും നടപടികളൊന്നും കൈക്കൊള്ളാത്ത അധികൃതര്‍ തെരുവിലേക്കെറിയപ്പെട്ട കുടുംബത്തോട് മനുഷ്യത്വപരമായ സമീപനം കൈക്കൊള്ളുന്നില്ല. 2009ലെ വിജിലന്‍സ് റിപ്പോര്‍ട്ടിന്‍െറയും ഏറ്റവുമൊടുവില്‍ 2016ലെ സബ് കലക്ടര്‍ ശീറാം സാംബശിവ റാവുവിന്‍െറ റിപ്പോര്‍ട്ടിന്‍െറയും അടിസ്ഥാനത്തില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് രാപ്പകല്‍ സമരത്തില്‍ സമരസഹായ സമിതി ആവശ്യപ്പെട്ടു. അഡ്വ. ചാത്തുക്കുട്ടി, ഉപവാസത്തിന് നേതൃത്വം കൊടുക്കുന്ന സമരസമിതി കണ്‍വീനര്‍ പി.പി. ഷൈജലിന് ഹാരമര്‍പ്പിച്ച് ഉദ്ഘാടനം ചെയ്തു. എന്‍.ടി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. അഡ്വ. വേണു, ഫാ. ജോജോ, സാലി റാട്ടക്കൊല്ലി, സാം പി. മാത്യു എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍മാന്‍ വി.എസ്. ജോസഫ്, ഷാജു ഗുരുശ്രീ, ജോ. കണ്‍വീനര്‍മാരായ സുധി കുമാര്‍, സുനില്‍ കുമാര്‍ എന്നിവരാണ് ഉപവാസമിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ പത്തുമണിമുതല്‍ ബുധനാഴ്ച രാവിലെ പത്തുമണിവരെയാണ് രാപ്പകല്‍ സമരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.