മാനന്തവാടി: പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട യുവതി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നാമധേയത്തില്‍ ആരംഭിച്ച പ്രിയദര്‍ശിനി ട്രാന്‍സ്പോര്‍ട്ട് സഹകരണസംഘത്തിന്‍െറ കീഴിലെ ബസുകളുടെ നികുതി യഥാസമയം അടയ്ക്കാത്തതിനാല്‍ ഒരാഴ്ചയോളമായി കട്ടപ്പുറത്ത്. ഒരു ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെ എട്ട് ബസുകളാണ് സംഘത്തിനുള്ളത്. ഈ ബസുകളില്‍ ഒരെണ്ണമൊഴികെ ബാക്കിയുള്ളവ വാളാട്, കമ്മന, പഞ്ചാരക്കൊല്ലി, ബത്തേരി വര്‍ക്ഷോപ് എന്നിവിടങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയില്‍പെടാതിരിക്കാനാണ് ബസുകള്‍ ഗ്രാമപ്രദേശങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. ബ്രേക്കിന് പണിതീര്‍ത്ത ഒരു ബസ് മാത്രമാണ് സഹകരണസംഘം ഓഫിസിന് സമീപം നിര്‍ത്തിയിട്ടിരിക്കുന്നത്. ഒരു ബസിന് മുപ്പതിനായിരം രൂപ തോതില്‍ ഏകദേശം രണ്ടര ലക്ഷത്തോളം രൂപയാണ് റോഡ് നികുതി അടക്കാനുള്ളത്. ഡിസംബര്‍ ആറിനായിരുന്നു നികുതി അടക്കേണ്ടിയിരുന്നത്. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ഒരു മാസം കൂടി സമയം നീട്ടിനല്‍കുകയായിരുന്നു. ഈ സമയത്തിനുള്ളില്‍ പണം അടക്കാന്‍ കഴിയാത്തതാണ് സര്‍വിസുകള്‍ നിലക്കാന്‍ കാരണം. തിരുവനന്തപുരം, വാളാട്, തിരുനെല്ലി, കോഴിക്കോട്, ബത്തേരി, പുല്‍പള്ളി, പഞ്ചാരക്കൊല്ലി എന്നിവിടങ്ങളിലേക്കായിരുന്നു സര്‍വിസ് നടത്തിക്കൊണ്ടിരുന്നത്. തിരുവനന്തപുരത്തേക്ക് ഓടിയിരുന്ന രണ്ട് ബസുകളും വലിയ ലാഭത്തിലായിരുന്നു. എന്നാല്‍, നിരന്തരമുണ്ടായ അപകടവും അധികൃതരുടെ പിടിപ്പുകേടും മൂലം ഈ സര്‍വിസുകള്‍ നിലവില്‍ നഷ്ടത്തിലാണ്. സുല്‍ത്താന്‍ ബത്തേരി സര്‍വിസിന്‍െറ സ്ഥിതിയും വ്യത്യസ്തമല്ല. കാര്യശേഷിയുള്ള സ്ഥിരം സെക്രട്ടറി ഇല്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. നികുതി അടക്കാനായി 10 ലക്ഷം രൂപ ബാങ്ക് വായ്പക്കായി കാത്തിരിക്കുകയാണ്. വായ്പ കിട്ടുന്ന മുറക്കേ ബസുകള്‍ നിരത്തിലിറങ്ങൂ. അതേസമയം, ബസുകള്‍ കട്ടപ്പുറത്തായ വിവരം സംഘം ചെയര്‍മാനായ ജില്ല കലക്ടറോ മാനേജിങ് ഡയറക്ടറായ സബ് കലക്ടറോ അറിഞ്ഞിട്ടില്ല. ഇവര്‍ക്ക് യഥാസമയം വിവരങ്ങള്‍ നല്‍കാതെ കീഴ്ജീവനക്കാര്‍ മൂടിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.