കല്‍പറ്റ ജി.വി.എച്ച്.എസ് സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കല്‍പറ്റ: കല്‍പറ്റ ജി.വി.എച്ച്.എസ് സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. ഇതിന്‍െറ ഒൗദ്യോഗികപ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച നിര്‍വഹിക്കുമെന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, കല്‍പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ മേഖലയെ അടിമുടി നവീകരിച്ച് ആകര്‍ഷകമാക്കാനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമായാണ് വയനാട് ജില്ലയില്‍നിന്ന് കല്‍പറ്റ ജി.വി.എച്ച്.എസ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ സ്കൂളിന്‍െറ ഭൗതികസാഹചര്യങ്ങളിലും പഠനനിലവാരത്തിലും കാര്യമായ പുരോഗതി സാധ്യമാകും.  ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് പാഠ്യരീതിയെ മാറ്റുമ്പോള്‍തന്നെ കാര്‍ഷിക വിദ്യാഭ്യാസത്തിനും ഊന്നല്‍ കൊടുക്കും. സ്കൂള്‍ അന്തരീക്ഷത്തില്‍ വലിയ മാറ്റമാണ് പുതിയ പ്രഖ്യാപനത്തോടെ വരാന്‍പോകുന്നത്. ആര്‍കിടെക്റ്റ് ആര്‍. ശങ്കറാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ രൂപകല്‍പന ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആവശ്യമായ തുക മറ്റ് സംവിധാനങ്ങളിലൂടെ സമാഹരിക്കും.  ഹരിജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യാര്‍ഥം 1929ലാണ് കല്‍പറ്റ മുണ്ടേരിയില്‍ സ്കൂള്‍ ആരംഭിക്കുന്നത്. ഏകാധ്യാപക വിദ്യാലയം നാല് വര്‍ഷത്തിനുള്ളില്‍ എല്‍.പി സ്കൂളായി. 1943ല്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. 1980ല്‍ യു.പി സ്കൂളും1983ല്‍ ഹൈസ്കൂളും 1988ല്‍ വി.എച്ച്.എസ്.ഇയും 2010ല്‍ ഹയര്‍സെക്കന്‍ഡറിയും നിലവില്‍വന്നു. എന്‍.എസ്.എസ്, എസ്.പി.സി, ജെ.ആര്‍.സി തുടങ്ങിയ വിവിധ സന്നദ്ധ സംഘടന പ്രവര്‍ത്തനങ്ങള്‍ മികച്ചനിലയില്‍ നടക്കുന്നുണ്ട്. നഗരസഭക്കുള്ളിലും പുറത്തുമുള്ള ആദിവാസികളടക്കമുള്ള സാധാരണക്കാരുടെ പ്രധാന ആശ്രയമാണ് ഈ സ്കൂള്‍. വാര്‍ത്താസമ്മേളനത്തില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി. ആലി, ഹെഡ്മാസ്റ്റര്‍ എന്‍.ഡി. തോമസ്, പി.ടി.എ പ്രസിഡന്‍റ് സി.എന്‍. ചന്ദ്രന്‍, കെ. സുഗതന്‍, ദിവാകരന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.