ക്വാറി സമരം പിന്‍വലിച്ചു; കല്ലിന് ക്ഷാമം തുടരും

മാനന്തവാടി: ക്വാറി നടത്തിപ്പിന് പാരിസ്ഥിതികാനുമതി വേണമെന്ന ഉത്തരവിനെതിരെ സംസ്ഥാനത്ത് ചെറുകിട ക്വാറി ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. എന്നാല്‍, ജില്ലയില്‍ നിര്‍മാണ പ്രവൃത്തികള്‍ക്കാവശ്യമായ ക്വാറി ഉല്‍പന്നങ്ങള്‍ക്ക് ക്ഷാമം തുടരും. അഞ്ചു ഹെക്ടറോ അതിന് താഴെയോ ഉള്ള ചെറുകിട ക്വാറികള്‍ക്കുള്‍പ്പെടെ പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കിയതിനാല്‍ ജില്ലയില്‍ നാമമാത്ര ക്വാറികള്‍ക്കു മാത്രമേ സമരം പിന്‍വലിക്കുമ്പോഴും പ്രവര്‍ത്തിക്കാനാകൂ. ക്വാറികള്‍ക്ക് അനുമതി തേടിയുള്ള കേരളത്തിന്‍െറ ഹരജി സുപ്രീംകോടതി ഡിസംബര്‍ ആറിന് തള്ളിയിരുന്നു. തുടര്‍ന്നാണ് സംസ്ഥാനത്ത് പാരിസ്ഥിതികാനുമതിയില്ലാത്ത ഖനനം നിര്‍ത്തിയത്. എന്നാല്‍, ലീസ് പാറമടകള്‍ക്ക് അനുമതി കാലാവധി അവസാനിക്കുന്നതുവരെ തുടരാമെന്നതിനാല്‍ ജില്ലയിലുള്ള ഏതാനും പാറമടകള്‍ സമരം പിന്‍വലിച്ചതോടെ വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങി. ത്രിതല പഞ്ചായത്തുകളുടെയും പൊതുമരാമത്തിന്‍െറയും കരാര്‍ പ്രവൃത്തികള്‍ മാര്‍ച്ചിനുമുമ്പേ പൂര്‍ത്തിയാക്കേണ്ടതിനാല്‍ വരുംദിവസങ്ങളില്‍ കരിങ്കല്ലിന് വന്‍ ക്ഷാമം അനുഭവപ്പെടും. ജില്ലയില്‍ മുഴുവന്‍ ക്വാറികളും പ്രവര്‍ത്തിച്ചപ്പോള്‍ തന്നെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്ന് ടാറിങ്ങിനായി മെറ്റലും ചിപ്സും വന്‍തോതില്‍ കൊണ്ടുവന്നിരുന്നു. ജില്ലക്കാവശ്യമായതില്‍ 40 ശതമാനത്തോളം കരിങ്കല്ല് ഇത്തരത്തില്‍ കൊണ്ടുവന്നിരുന്നതായാണ് പറയപ്പെടുന്നത്. ഇപ്പോള്‍ ചെറുകിട ക്വാറികള്‍ അടച്ചതോടെ 70 ശതമാനത്തോളം ഇതരജില്ലകളില്‍നിന്ന് എത്തിക്കേണ്ടിവരുമെന്നാണ് ഈ മേഖലയില്‍ ജോലിചെയ്യുന്നവര്‍ പറയുന്നത്. ഇതോടെ കരിങ്കല്ലുല്‍പന്നങ്ങള്‍ക്ക് വില വര്‍ധിക്കാനും സാധ്യതയുണ്ട്. പാരിസ്ഥിതികാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയോ അനിയന്ത്രിതമായ കരിങ്കല്‍നിര്‍മാണങ്ങള്‍ക്ക് തടയിടുകയോ ചെയ്തില്ളെങ്കില്‍ സാധാരണക്കാരന് വീട് നിര്‍മാണം സ്വപ്നത്തിലൊതുക്കേണ്ടിവരും. ത്രിതല ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന വീടുകളുടെ സ്ഥിതി പ്രവചനാതീതമാവുകയും ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.