ജൈവമേഖലക്ക് വന്‍ ആഘാതം ; വേണ്ട, നമുക്കീ കളനാശിനികള്‍

കല്‍പറ്റ: പരിസ്ഥിതി നാശം മൂര്‍ധന്യത്തിലായതിനെ തുടര്‍ന്നുള്ള കാലാവസ്ഥാ വ്യതിയാനം അതിഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനിടയിലും വയനാട്ടില്‍ കളനാശിനിയുടെ ഉപയോഗം ആശങ്കജനകമാംവിധം വര്‍ധിക്കുന്നു. ചെറുവീടുകളുടെ കൊച്ചുമുറ്റങ്ങള്‍ മുതല്‍ വന്‍കിട തോട്ടങ്ങളില്‍വരെ നിര്‍ബാധം കളനാശിനി ഉപയോഗിക്കുന്നത് ജൈവമേഖലക്ക് വന്‍ ആഘാതം സൃഷ്ടിക്കുന്നതിനൊപ്പം കടുത്ത ആരോഗ്യപ്രശ്നങ്ങളും ഉയര്‍ത്തുന്നുണ്ട്. ഇക്കാര്യങ്ങള്‍ പകല്‍പോലെ വ്യക്തമാണെങ്കിലും നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് അധികൃതരടക്കം മടിച്ചുനില്‍ക്കുകയാണ്. കളനാശിനികള്‍ നിരോധിക്കപ്പെട്ടിട്ടില്ല എന്ന ന്യായത്തിന്‍െറ മറവിലാണ് ഒരു ദേശത്തെ തന്നെ കരിച്ചുകളയുന്ന രീതിയില്‍ ഇവ വ്യാപകമായി പ്രയോഗിക്കുന്നത്. വീട്ടുമുറ്റം ചത്തെിമിനുക്കാന്‍ മടിക്കുന്ന സാധാരണക്കാര്‍ പുല്ല് കരിച്ചുകളയാന്‍ കളനാശിനികളെ ആശ്രയിക്കുന്ന രീതി വയനാട്ടില്‍ വ്യാപകമായി മാറിക്കഴിഞ്ഞു. ഇങ്ങനെ വാരിക്കോരി തളിക്കുന്ന കളനാശിനികള്‍ മണ്ണിരയും തുമ്പികളുമടക്കമുള്ളവയുടെ നാശത്തിന് വഴിയൊരുക്കുകയും പ്രദേശത്തെ മൊത്തം ജൈവസന്തുലനത്തെ ഏറെ പ്രതികൂലമായി ബാധിക്കുകയുമാണ്. കളനാശിനികള്‍ ഒരേസമയം പ്രകൃതിക്കും മനുഷ്യനും ജന്തുജാലങ്ങള്‍ക്കുമെല്ലാം ദോഷകരമാണ്. മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന ഇവ ജൈവ ഘടനയെ നശിപ്പിക്കും. പച്ചപ്പിന് കാരണമായ രാസഘടനയെ പൂര്‍ണമായും ഇല്ലാതാക്കുന്ന കളനാശിനികള്‍ ഭൂഗര്‍ഭ ജലം വരെ മലിനമാക്കുന്നു. തോടുകളിലും മറ്റും ചേര്‍ന്ന് ഇവ മനുഷ്യനും ജന്തുജാലങ്ങള്‍ക്കും വരുത്തുന്ന നാശം ചില്ലറയല്ല. തോട്ടവും മുറ്റവുമൊക്കെ ചത്തെി നന്നാക്കുന്നതിന് കൂടുതല്‍ കൂലി നല്‍കേണ്ടി വരുന്നുവെന്ന കാരണം പറഞ്ഞാണ് ചെറുകിട കര്‍ഷകരടക്കം മാരകശേഷിയുള്ള കളനാശിനികളെ ആശ്രയിക്കുന്നത്. ഒരേക്കര്‍ തോട്ടത്തിലെ പുല്ല് ചത്തൊന്‍ എടുക്കുന്ന സമയത്തിന്‍െറ ചുരുങ്ങിയ അംശംകൊണ്ട് മരുന്നടിച്ച് കരിച്ചുകളയാം എന്ന സൗകര്യമാണ് അപകടകരമായ ഈ രീതിക്ക് വഴിയൊരുക്കുന്നത്. എന്നാല്‍, പുല്ലിനൊപ്പം മണ്ണിലെ മാത്രമല്ല പ്രദേശത്തെ വിവിധങ്ങളായ ജൈവസമ്പത്തും പാടെ നശിക്കുന്നതോടെ പരിസ്ഥിതിക്ക് അതു വരുത്തുന്ന ആഘാതം കര്‍ഷകരടക്കമുള്ളവര്‍ കണക്കിലെടുക്കുന്നില്ല. വാഴ, ഇഞ്ചി എന്നിവ വ്യവസായ അടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍ വന്‍തോതിലാണ് ഇവ പ്രയോഗിക്കുന്നത്. പ്രമുഖ കളനാശിനിയായ റൗണ്ടപ്പ് വയനാട്ടില്‍ സാര്‍വത്രികമായി ഉപയോഗിക്കുന്ന പേരായി മാറിക്കഴിഞ്ഞു. എന്നാല്‍, റൗണ്ടപ്പില്‍ പ്രധാനമായും അടങ്ങിയിട്ടുള്ള ഗൈ്ളഫോസേറ്റ് എന്നത് മനുഷ്യരില്‍ അര്‍ബുദരോഗത്തിന് വഴിയൊരുക്കുന്നതാണ്. ശരീരത്തില്‍ ഹോര്‍മോണ്‍ തകരാറുകള്‍ക്കും ഇവ കാരണമാകുന്നുവെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പല രാജ്യങ്ങളിലും ഇതിന്‍െറ ഉപയോഗം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. മറ്റു പല രാജ്യങ്ങളിലും ഇതിന്‍െറ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍, വര്‍ഷങ്ങളായി വയനാടന്‍ മണ്ണില്‍ വലിയൊരളവില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ഇവ വീണ്ടും മണ്ണിനും മനുഷ്യനും നാശം വിതക്കുന്നതിനാല്‍ സമ്പൂര്‍ണമായി നിരോധിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. വയനാട്ടില്‍ വരള്‍ച്ചയിലേക്ക് സൂചന നല്‍കി മണ്ണിരകള്‍ വ്യാപകമായി ചത്തൊടുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ജില്ലയിലുടനീളം മാരക കളനാശിനികളുടെ ഉപയോഗം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത്. കളനാശിനി സ്പ്രേ ചെയ്യുന്ന പ്രദേശത്തെ കുഞ്ഞുങ്ങള്‍ അടക്കമുള്ളവര്‍ക്ക് ചൊറിച്ചില്‍ അടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി പരാതികളടക്കം ഉയര്‍ന്ന സാഹചര്യത്തില്‍ അധികൃതര്‍ ഇതിനെതിരെ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍. കീടനാശിനിയേക്കാള്‍ മാരകമായ കളനാശിനികള്‍ എത്രയും പെട്ടെന്ന് നിരോധിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്‍റ് എന്‍. ബാദുഷ ‘മാധ്യമ’ത്തോടു പറഞ്ഞു. ജീവജാലങ്ങള്‍ക്ക് അങ്ങേയറ്റം അപകടകരമായ ഹെര്‍ബിസൈഡുകള്‍ പല രാജ്യങ്ങളും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ജീവനു ഭീഷണിയുയര്‍ത്തുന്ന ഘട്ടത്തില്‍ കേരളത്തില്‍ കളനാശിനി നിരോധനം പ്രാബല്യത്തില്‍ വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും ബാദുഷ പറഞ്ഞു. നിരോധനം നില വിലില്ളെങ്കിലും ഇവ ഉപയോഗിക്കാന്‍ ബന്ധപ്പെട്ട കൃഷി വകുപ്പിന്‍െറ മൂന്‍കൂര്‍ അനുമതി വേണമെന്നാണ് നിബന്ധന. എന്നാല്‍, ആരും അതിന് മെനക്കെടാറില്ളെന്നു മാത്രം. അനുമതി വാങ്ങാതെ വന്‍തോതില്‍ കളനാശിനിയാണ് തോട്ടമുടമകളടക്കം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടാലും കൃഷിവകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കാറുമില്ല. വയനാട്ടിലെ വന്‍കിട തോട്ടമുടമകള്‍ കുന്നിന്‍ മുകളിലെ തോട്ടങ്ങളില്‍ കളനാശിനികള്‍ സ്പ്രേ ചെയ്യുമ്പോള്‍ ചരിവില്‍ താമസിക്കുന്ന ആളുകളെ ദോഷകരമായി അതു ബാധിക്കുന്നുണ്ട്. തേയില, ഏലം, കാപ്പി എസ്റ്റേറ്റുകളില്‍ വ്യാപകമായാണ് കളനാശിനി പ്രയോഗം. കാറ്റില്‍ പറന്ന് കളനാശിനികള്‍ കുന്നിന്‍ ചരിവിലെ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ഏറെ ദുരിതമുണ്ടാക്കുമ്പോള്‍ ചിലയിടങ്ങളില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നുവെങ്കിലും അധികൃതര്‍ തോട്ടമുടമകള്‍ക്കൊപ്പം നിലകൊള്ളുകയാണ് പതിവ്. ആരോഗ്യവകുപ്പ് അധികൃതരും മലിനീകരണ നിയന്ത്രണ ബോര്‍ഡുമൊന്നും ഇക്കാര്യം ശ്രദ്ധിക്കാറില്ല. റെഡ് ലേബല്‍ കാറ്റഗറിയിലുള്ള കീടനാശിനികള്‍ സര്‍ക്കാര്‍ 2011ല്‍ നിരോധിച്ചിരുന്നു. ഇക്കൂട്ടത്തില്‍ കളനാശിനികളായ പാരക്വറ്റ്, അനിലോഫോസ്, അട്രാസിന്‍, തിയോബെന്‍കാര്‍ബ് എന്നിവയും നിരോധിച്ചിരുന്നു. വയനാട്ടില്‍ വ്യാപകമായ ഗ്രാമോക്സോണ്‍ കളനാശിനി അന്ന് നിരോധിച്ചിരുന്നു. എന്നാല്‍, അതിനു പകരം അതേ പ്രഹരശേഷിയുള്ള റൗണ്ടപ് അടക്കമുള്ള കളനാശിനികള്‍ വ്യാപകമായി മാര്‍ക്കറ്റിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.