മൈസൂരു-തലശ്ശേരി റെയില്‍വേ പാതക്ക് സാധ്യതയേറുന്നു

മാനന്തവാടി: തലശ്ശേരി-മൈസൂരു റെയില്‍വേ പാതക്ക് സാധ്യതയേറുന്നു. മൈസൂരു കഡക്കോളയില്‍നിന്ന് ആരംഭിച്ച് ഹൂറ, സര്‍ഗൂര്‍, കാരാപ്പുര, ജഗ്ഗഹള്ളി, മച്ചൂര്‍, ബൈരക്കുപ്പ, ബാവലി, ഷാണമംഗലം, പയ്യമ്പള്ളി, മാനന്തവാടി, കുഞ്ഞോം, വിലങ്ങാട്, വടകര, ചേറോട് തലശ്ശേരിയില്‍ അവസാനിക്കുന്ന പാതയുടെ സാധ്യതകളെക്കുറിച്ചാണ് പ്രാഥമിക പഠനം നടക്കുന്നത്. ഡല്‍ഹി മെട്രോ ചെയര്‍മാന്‍ ഇ. ശ്രീധരന്‍െറ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക സന്ദര്‍ശനം നടത്തിയിരുന്നു. വിശദപഠനത്തിനായി ഈ മാസം തന്നെ വീണ്ടും സന്ദര്‍ശനം നടത്തും. 130 കി.മീ. ദൂരം മാത്രമേ പാത നിര്‍മിക്കേണ്ടതായി വരൂ. പാത യാഥാര്‍ഥ്യമായാല്‍ കൊച്ചി, മംഗലാപുരം, കൊങ്കണ്‍ വഴി മുംബൈ തുറമുഖങ്ങളില്‍ എളുപ്പത്തില്‍ എത്തിച്ചേരാനാകുമെന്നാണ് കണക്കുകൂട്ടല്‍. പാത കടന്നുപോകുന്ന വഴിയുള്ള വനം അതിപാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നില്ല എന്ന പ്രത്യേകതയുണ്ട്. അതുകൊണ്ടുതന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ നടത്താനാകും. നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍ നിര്‍മാണത്തിന് 2662 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെങ്കില്‍ നിര്‍ദിഷ്ട തലശ്ശേരി-മൈസൂരു ലൈനിന് 1492 കോടി രൂപ മാത്രമേ ആകു എന്നതാണ് പ്രാഥമിക വിലയിരുത്തല്‍. പുതുതായി ആരംഭിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്‍െറ വികസനത്തിന് ഈ പാത മുതല്‍ക്കൂട്ടാകുമെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പാത യാഥാര്‍ഥ്യമാക്കാന്‍ അടുത്തയാഴ്ച തലശ്ശേരി, മാനന്തവാടി എന്നിവിടങ്ങളില്‍ പാതക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ യോഗം മൈസൂരുവില്‍ ചേരും. ഇരു സംസ്ഥാനത്തെയും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.