പനമരം പുഴയില്‍ നീരൊഴുക്ക് കുറഞ്ഞു: കാല്‍കോടി മുടക്കിയ തടയണ നോക്കുകുത്തി

പനമരം: പുഴയില്‍ നീരൊഴുക്ക് കുറഞ്ഞത് ജനജീവിതത്തെ ബാധിക്കാന്‍ തുടങ്ങുമ്പോഴും കാല്‍കോടി മുടക്കി നിര്‍മിച്ച തടയണ നോക്കുകുത്തി. പനമരം പുഴയില്‍ മാത്തൂര്‍വയലിലാണ് അഴിമതിയുടെ സ്മാരകമെന്നോണം തടയണയുള്ളത്. പനമരം, വരദൂര്‍ പുഴകള്‍ സംഗമിക്കുന്ന കൊറ്റില്ലത്തിന് താഴെയാണ് 12 വര്‍ഷം മുമ്പ് തടയണ നിര്‍മിച്ചത്. അക്കാലത്തെ വരള്‍ച്ച മുന്‍നിര്‍ത്തിയായിരുന്നു തടയണക്ക് ജില്ല പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്. നിര്‍മാണം കഴിഞ്ഞ് തൊട്ടടുത്ത വര്‍ഷക്കാലത്ത് തടയണക്ക് സമീപത്തെ പുഴയോരം ഇടിഞ്ഞ് പുഴ വഴിമാറി ഒഴുകാന്‍ തുടങ്ങി. ഒരു പതിറ്റാണ്ടായി തുടരുന്ന ഈ പ്രക്രിയ ഇന്നും തുടരുകയാണ്. പുഴയുടെ ഗതിമാറ്റം സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലൂടെയാണ്. ഈ ഭാഗത്ത് പുഴക്ക് ഇരട്ടി വീതിയാണ്. ഗതിമാറ്റം ഒഴിവാക്കാന്‍ ഇനി വന്‍ പദ്ധതികള്‍ ആവിഷ്കരിക്കേണ്ട സാഹചര്യമാണുള്ളത്. നെല്‍വയല്‍ ഏറെയുള്ള പ്രദേശമാണ് മാത്തൂര്‍വയല്‍. വെള്ളത്തിന്‍െറ അഭാവത്തില്‍ ഇവിടെ നെല്‍കൃഷി പേരിന് മാത്രമേ നടക്കുന്നുള്ളൂ. തടയണയില്‍ വെള്ളം കെട്ടിനില്‍ക്കുകയും ചെറുകിട ജലസേചന പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്താല്‍ മാത്തൂര്‍വയലിലെ നെല്‍കൃഷി മേഖലക്ക് ഗുണം ചെയ്യും. എന്നാല്‍, തടയണക്ക് കാല്‍കോടി മുടക്കിയിട്ടും ഗുണമുണ്ടായിട്ടില്ളെന്നതാണ് വാസ്തവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.