വെള്ളമുണ്ട: കേരളത്തിലെ ചിറാപൂഞ്ചിയായിരുന്ന വയനാട്, സംസ്ഥാനത്തെ ആദ്യ മരുഭൂമിയായിത്തീരുന്നതാണ് സമീപകാല കാഴ്ചകള്‍. വെറുംകൈയോടെ കുടിയേറി പ്രകൃതിയെ കടുംവെട്ട് വെട്ടി കോടീശ്വരന്മാരായവര്‍ വെറും കൈയോടെതന്നെ കുടിയിറങ്ങേണ്ടി വരുന്ന കാവ്യനീതിയുടെ കേളികൊട്ട് തുടങ്ങിക്കഴിഞ്ഞു. ശരാശരി 3,000 മി.മീ. മഴ ലഭിച്ചിരുന്ന വയനാട്ടില്‍ 2016ല്‍ ലഭിച്ച മഴ 1336.2 മി.മീ. അമ്പലവയല്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍നിന്നുള്ള കണക്കനുസരിച്ച് ജൂണ്‍ ഒന്നുമുതല്‍ ആഗസ്റ്റ് വരെ ജില്ലയില്‍ 945.2 മി.മീ. മഴയാണ് ലഭിച്ചത്. 2,316 മി.മീ മഴയായിരുന്നു ഈ കാലയളവില്‍ പ്രതീക്ഷിച്ചത്. തുലാവര്‍ഷം കഴിഞ്ഞിട്ടും ആകെ ലഭിച്ചത് 40 ശതമാനം മഴ മാത്രമാണ്. 2,000 മുതല്‍ പത്തുകൊല്ലത്തെ കണക്കെടുത്താല്‍ കാണാനാവുന്നത് മഴയുടെ അളവ് 1,785 മി.മീ. കുറഞ്ഞിരിക്കുന്നതാണ്. അതായത് 40 ശതമാനത്തിന്‍െറ കുറവ്. 2010 മുതല്‍ 2015 വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ മഴക്കുറവ് 50 ശതമാനമായി വര്‍ധിച്ചതായി കാണാം. 2016ലത്തെിയപ്പോള്‍ മഴക്കുറവ് 60 ശതമാനമായി പിന്നെയും വര്‍ധിച്ചു. ആഗസ്റ്റിന് ശേഷമുള്ള കണക്കുകള്‍ കൂടിയെടുത്താല്‍ വയനാടന്‍ കാലാവസ്ഥയുടെ തകര്‍ച്ചയുടെ ചിത്രം നിസ്സാരമല്ളെന്ന് മനസ്സിലാക്കാം. ഇടവപ്പാതിയും തുലാമഴയും കുറഞ്ഞതോടെ ജില്ല കടുത്ത വരള്‍ച്ചയിലേക്കാണ് നീങ്ങുന്നത്. മരം കോച്ചുന്ന തണുപ്പ് വിസ്മൃതിയിലേക്ക് പോവുകയാണെന്നാണ് കുറച്ചുവര്‍ഷങ്ങളായുള്ള വൃശ്ചിക-ധനു മാസങ്ങളിലെ താപനില നല്‍കുന്ന സൂചന. 15 വര്‍ഷം മുമ്പു വരെ 12ഉം 13ഉം ഡിഗ്രി സെല്‍ഷ്യസ് തണുപ്പ് വയനാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇതെല്ലാം പഴയ കണക്ക്. കമ്പിളിപ്പുതപ്പിനുള്ളില്‍ അഭയം തേടിയിരുന്ന വയനാട്ടുകാര്‍ ഇപ്പോള്‍ ചൂടകറ്റാന്‍ ഫാനിന് കീഴിലേക്ക് മാറുകയാണ്. 2013ല്‍ ഏറ്റവും കൂടിയ ചൂട് 28 ഡിഗ്രി സെല്‍ഷ്യസ്. ഇതേ വര്‍ഷം ഡിസംബറില്‍ പല ദിവസങ്ങളിലും 16 ഡിഗ്രി സെല്‍ഷ്യസ് തണുപ്പ് രേഖപ്പെടുത്തിയിരുന്നു. 2014ല്‍ 28.05 ആയിരുന്നു കൂടിയ താപനില. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 26നും 27നും മുകളില്‍ ശരാശരി താപനില ഉയര്‍ന്നു. 2016 മാര്‍ച്ച് 27ന് ചൂട് 34 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഒരു വശത്ത് ഒന്നര പതിറ്റാണ്ടായി ക്രമാതീതമായി കുറഞ്ഞുവരുന്ന മഴയും മറുവശത്ത് അതേ അളവില്‍ വര്‍ധിച്ചുവരുന്ന ചൂടും കൂടിയാവുമ്പോള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് ഭയാനകമായ കാലാവസ്ഥവ്യതിയാനം ഉണ്ടാക്കുന്ന പ്രത്യാഘാതം ലാത്തൂരിനും വിദര്‍ഭക്കുമൊക്കെ അപ്പുറമായിത്തീരും. കോഴിക്കോട്, മലപ്പുറം തുടങ്ങി പരിസ്ഥിതി ദൃഢപ്രദേശങ്ങളില്‍ ഒരു ഡിഗ്രി ചൂട് കൂടിയാല്‍ 10 സ്പീഷീസ് ഇല്ലാതാവുമെന്നാല്‍ വയനാട് പോലുള്ള പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പത്തിന്‍െറ സ്ഥാനത്ത് അമ്പത് സ്പീഷീസിന്‍െറ നാശത്തിന് അത് വഴിവെക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൃഷിത്തോട്ടങ്ങള്‍ കൂട്ടത്തോടെ കരിഞ്ഞുണങ്ങുന്ന സംഭവം വയനാട്ടില്‍ വ്യാപകമായി കണ്ടുതുടങ്ങിയത് 2015ലാണ്. പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി കൃഷി ഉണങ്ങി നശിച്ചു. ശക്തമായ ചൂടില്‍ കരിഞ്ഞുണങ്ങിയ കാപ്പിയും കുരുമുളകുമെല്ലാം കര്‍ഷകര്‍ക്ക് വന്‍ നഷ്ടമുണ്ടാക്കി. കൃഷിനാശവുമായി ബന്ധപ്പെട്ട് 5000ത്തോളം പരാതികളാണ് അന്ന് മുള്ളന്‍കൊല്ലി കൃഷിഭവനില്‍ മാത്രം ലഭിച്ചത്. വെള്ളമുണ്ട, പടിഞ്ഞാറത്തറ, പനമരം, കോട്ടത്തറ, ബത്തേരി പഞ്ചായത്തുകളില്‍ ഈ വര്‍ഷം ഏക്കര്‍ കണക്കിന് നെല്‍കൃഷിയും കരിഞ്ഞുണങ്ങി. ജില്ലയില്‍ മൊത്തം 2,262 ഏക്കര്‍ കൃഷി ഈ കാലയളവില്‍ നശിച്ചു. വര്‍ഷം തോറും ഹെക്ടര്‍ കണക്കിന് വനം കത്തിനശിക്കുന്നതും ജലസമ്പത്ത് ഇല്ലാതാക്കുന്നു. കാട്ടുതീ പടരുന്നതോടെ മുളയും അടിക്കാടുകളും കത്തിനശിച്ച് ഊഷരഭൂമിയായി ജില്ല മാറുകയാണ്. വനം സ്വാഭാവികമായി കത്തുന്നതല്ല. കത്തിക്കുന്നതാണെന്ന പരാതിക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വയനാടിന്‍െറ കാലാവസ്ഥയെയും പരിസ്ഥിതി സന്തുലനത്തെയും ബാധിക്കുന്ന നടപടികളും കൈയേറ്റങ്ങളുമാണ് പല ഭാഗത്തും തുടരുന്നത്. മരങ്ങള്‍ വെട്ടിമാറ്റുന്നതില്‍ ഒരു നിയന്ത്രണവുമില്ല. പച്ച വിരിച്ചുനിന്ന വന്‍കിട തോട്ടങ്ങളടക്കം മൊട്ടക്കുന്നുകളാക്കി തരം മാറ്റുന്നത് കണ്‍മുന്നില്‍ പതിവായിട്ടും കാര്യമായ നടപടികളൊന്നുമുണ്ടാവുന്നില്ല. ഒരു ഭാഗത്ത് ജലസംരക്ഷണത്തെ കുറിച്ച് വാചാലരാകുന്ന അധികൃതര്‍ വയനാടന്‍ മണ്ണിലെ പ്രകൃതി ചൂഷണങ്ങള്‍ക്കുനേരെ ഇപ്പോഴും കണ്ണടക്കുകയാണ്. (തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.