ഇതര ജില്ലകളില്‍നിന്ന് ക്വാറി ഉല്‍പന്നങ്ങള്‍; ലക്കിടിയില്‍ ലോറികള്‍ തടയുന്നു

വൈത്തിരി: അനധികൃതമായി വയനാട്ടിലേക്ക് ക്വാറി ഉല്‍പന്നങ്ങള്‍ എത്തിക്കുന്നുവെന്ന് ആരോപിച്ച് ജില്ലയിലെ ക്വാറി ഉടമകളുടെയും തൊഴിലാളികളുടെയും ആഭിമുഖ്യത്തില്‍ ലക്കിടിയില്‍ ഉപരോധിക്കുന്നു. ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ഉപരോധം രാത്രി വൈകിയും തുടരുകയാണ്. കോഴിക്കോട് ജില്ലയില്‍നിന്ന് കരിങ്കല്‍ ഉല്‍പന്നങ്ങളുമായി ചുരം കയറിവന്ന നിരവധി ടിപ്പര്‍ ലോറികളും ട്രക്കുകളും സമരക്കാര്‍ തടഞ്ഞു. ലോറികളെ ലോഡുമായി തിരിച്ചയച്ചു. ചില വണ്ടികളില്‍ സമരക്കാര്‍ പാര്‍ട്ടി കൊടികള്‍ നാട്ടി. ചിലര്‍ ലോഡ് ലക്കിടിയില്‍ റോഡരികില്‍ ഇറക്കി വാഹനവുമായി മടങ്ങി. ഇതര ജില്ലകളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും കരിങ്കല്‍ ഉല്‍പന്നങ്ങള്‍ ഇടതടവില്ലാതെ വയനാട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ ക്വാറികളുമായി ഉപജീവനം നടത്തുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ പട്ടിണിയിലാകുന്നതായി സമരക്കാര്‍ പറഞ്ഞു. ഇല്ലാത്ത മാനദണ്ഡങ്ങള്‍ നിരത്തി വയനാട്ടിലെ ക്വാറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്ന് നൂറുകണക്കിന് ലോറികളാണ് ഒരു രേഖയുമില്ലാതെ മുപ്പതും നാല്‍പതും ടണ്‍ കരിങ്കല്‍ ഉല്‍പന്നങ്ങളുമായി ചുരം കയറുന്നത്. ഇതിന് ചില ആര്‍.ടി.ഒ, പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. ചുരത്തിലൂടെ 18 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ലോറികള്‍ക്കുള്ള നിരോധനം നിലനില്‍ക്കെയാണിത്. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയില്‍നിന്ന് നൂറുകണക്കിന് വന്‍ ടോറസ് ട്രക്കുകളാണ് ദിവസവും മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി വായനാട്ടിലേക്കത്തെുന്നത്. 40 ടണ്ണിലധികം ലോഡുമായി വരുന്ന ഈ ലോറികള്‍ മൂന്നും നാലും ട്രിപ് ഓരോ ദിവസവും നടത്തുന്നുണ്ട്. ഇതുമൂലം വയനാട്ടിലെ ക്വാറി മേഖല മൊത്തം തകര്‍ന്ന നിലയിലാണ്. പ്രശ്നത്തിന് പരിഹാരമാകുന്നതുവരെ സമരം തുടരുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഈമാസം 27ന് വയനാട് കലക്ടറേറ്റിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് സമരക്കാര്‍ പറഞ്ഞു. വിവിധ ട്രേഡ് യൂനിയന്‍ സംഘടനകളെ പ്രതിനിധാനംചെയ്ത് വി.വി. ബേബി, പി.പി. ആലി, അച്യുതന്‍, മൊയ്തീന്‍കുട്ടി, എസ്.പി. സുകുമാരന്‍, കെ. യൂസഫ്, ജോണ്‍സണ്‍, പി.സി. സുരേഷ്, ജയപ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.