പാക്കത്ത് കരുത്ത് തെളിയിച്ച് യു.ഡി.എഫ്; മണി ഇല്യമ്പത്തിന് ചരിത്രവിജയം

പനമരം: ബ്ളോക്ക് പഞ്ചായത്തിലെ പാക്കം ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ മണി ഇല്യമ്പത്തിന് വിജയം. എല്‍.ഡി.എഫിലെ ഇ.എ. ശങ്കരനെയാണ് മണി പരാജയപ്പെടുത്തിയത്. മണിക്ക് 97 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. ആകെ 8,862 വോട്ടര്‍മാരാണ് പനമരം ബ്ളോക്കിലെ പാക്കം ഡിവിഷനിലുണ്ടായിരുന്നത്. 5,717 പേര്‍ വോട്ടു ചെയ്തു. മണി ഇല്യമ്പത്തിന് 2,671 വോട്ടും ശങ്കരന് 2,574 വോട്ടും ലഭിച്ചു. ബി.ജെ.പിയുടെ തമ്പി കണ്ടാമലക്ക് 356 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. 38 വോട്ടുകള്‍ അസാധുവായി. പുല്‍പള്ളി പഞ്ചായത്തിലെ പാക്കം, മരകാവ്, ആലൂര്‍കുന്ന് വാര്‍ഡുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ചെറുകാട്ടൂര്‍ രണ്ടാം ബൂത്ത്, നീര്‍വാരം ഒന്നാം ബൂത്ത്, ആലൂര്‍കുന്ന് ഒന്നാം ബൂത്ത് എന്നിവിടങ്ങളിലാണ് ഇടതുപക്ഷം മുന്നിട്ടുനിന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ അര്‍ജുന്‍ കെ. രാഘവന് 52 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. ഇത്തവണ യു.ഡി.എഫ് ഭൂരിപക്ഷം ഉയര്‍ത്തിയത് ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷവും ശങ്കരന്‍ തന്നെയായിരുന്നു ഇടതു സ്ഥാനാര്‍ഥി. ബുധനാഴ്ച പനമരം പഞ്ചായത്ത് ഓഫിസ് ഹാളിലായിരുന്നു വോട്ടെണ്ണല്‍. പാക്കം ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ മണി ഇല്യമ്പത്തിനെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വോട്ടര്‍മാരെ ഡി.സി.സി പ്രസിഡന്‍റ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അഭിനന്ദനം അറിയിച്ചു. കോണ്‍ഗ്രസും യു.ഡി.എഫും ഉയര്‍ത്തിയ ജനകീയപ്രശ്നങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചതിന്‍െറ തെളിവാണ് തെരഞ്ഞെടുപ്പ് വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.