ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണം –സംയുക്ത സമര സമിതി

കല്‍പറ്റ: ജില്ലയിലെ ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് സംയുക്ത സമരസമിതി ജില്ല ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയിലെ കരിങ്കല്‍ക്വാറികള്‍ പൂര്‍ണമായും നിശ്ചലമായിരിക്കുകയാണ്. ചെറുകിട ഖനനങ്ങള്‍ക്ക് കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്‍െറ പാരിസ്ഥിതിക ആഘാത പഠന വിഭാഗത്തിന്‍െറ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയ ഹൈക്കോടതി ഉത്തരവും ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവുമാണ് പതിനായിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനവും നിര്‍മാണ വികസനപ്രവര്‍ത്തനങ്ങളും സ്തംഭനത്തിലാക്കിയതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. കരിങ്കല്‍ ക്വാറികളിലെയും ടിപ്പര്‍, ഇഷ്ടിക, കട്ടക്കളം തുടങ്ങിയവയിലേയും നിരവധി തൊഴിലാളികള്‍ക്ക് ജോലിയില്ലാത്ത അവസ്ഥയിലാണ്. നിര്‍മാണ മേഖലയിലെ ഉല്‍പന്ന ക്ഷാമം മൂലം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് 15 ശതമാനം പോലും ഫണ്ട് ചെലവഴിക്കാനായിട്ടില്ല. ഐ.എ.വൈ അടക്കമുള്ള ഭവന നിര്‍മാണ ഗുണഭോക്താക്കളും പ്രതിസന്ധിയിലാണ്. 3,000 രൂപക്ക് ലഭ്യമായിരുന്ന ഒരു ലോഡ് കരിങ്കല്ലിന് നിലവില്‍ എട്ടായിരം രൂപയോളം നല്‍കണം. മറ്റു ജില്ലകളിലൊന്നുമില്ലാത്ത രീതിയിലുള്ള നിയമങ്ങളാണ് വയനാട്ടില്‍ അടിച്ചേല്‍പ്പിക്കുന്നത്. കേന്ദ്ര-വനം പാരിസ്ഥിതി മന്ത്രാലയത്തിന്‍െറ പാരിസ്ഥിതിക ആഘാത പഠന വിഭാഗത്തിന്‍െറ റിപ്പോര്‍ട്ട് വേണമെന്നത് സംസ്ഥാനത്താകെ ബാധമാണ്. എന്നാല്‍ മറ്റു ജില്ലകളില്‍നിന്നും അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍നിന്നും രേഖകളൊന്നുമില്ലാതെ നൂറുകണക്കിന് ലോഡ് കല്ല് വയനാട്ടിലേക്ക് കൊണ്ടുവരികയാണ്. ജില്ലയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കണമെന്നും ക്വാറികള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നാളെ മുതല്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ മറ്റു ജില്ലകളില്‍നിന്നു കൊണ്ടുവരുന്ന കരിങ്കല്‍ ഉല്‍പന്നങ്ങള്‍ തടയുകയും 27ന് കലക്ടറേറ്റ് ഉപരോധിക്കുകയും ചെയ്യുമെന്ന് അവര്‍ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ സമര സമിതി ചെയര്‍മാന്‍ പി.പി. ആലി, കണ്‍വീനര്‍ വി.വി. ബേബി, എ.പി. കുര്യാക്കോസ്, ഇ. സുലൈമാന്‍, കെ.ജി ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.