കെ.എസ്.ആര്‍.ടി.സി: പമ്പ് ഓപറേറ്റര്‍ നിയമനത്തില്‍ ചട്ടലംഘനം

മാനന്തവാടി: കെ.എസ്.ആര്‍.ടി.സി കല്‍പറ്റ ഡിപ്പോയില്‍ രണ്ട് ഡ്രൈവര്‍മാര്‍ അനധികൃതമായി പമ്പ് ഓപറേറ്റര്‍ (ഗാരേജ് മസ്ദൂര്‍) തസ്തികയില്‍ ജോലി ചെയ്യുന്നതായി ആരോപണം. നിലവില്‍ ഉണ്ടായിരുന്ന ഓപറേറ്റര്‍ കോഴിക്കോട്ടേക്ക് സ്ഥലം മാറിയിരുന്നു. ഈ അവസ്ഥയില്‍ സാധാരണഗതിയില്‍ ആരോഗ്യപ്രശ്നങ്ങളാല്‍ അപേക്ഷിക്കുന്ന ഡ്രൈവര്‍മാര്‍ക്കോ കണ്ടക്ടര്‍മാര്‍ക്കോ ആണ് പമ്പ് ഓപറേറ്റര്‍ ജോലിനല്‍കുക. എന്നാല്‍, ഒരു ആരോഗ്യ പ്രശ്നവും ഇല്ലാത്ത രണ്ടുപേരാണ് സ്വാധീനം ചെലുത്തി ഇപ്പോള്‍ പമ്പ് ഓപറേറ്റര്‍മാരായി നിയമിതരായത്. ഇത് സ്വാധീനം ചെലുത്തിയാണെന്നാണ് ആക്ഷേപം. രോഗബാധിതരായി ബസ് ഓടിക്കാന്‍ കഴിയാതെ ഇതേ തസ്തികയിലേക്ക് നിയമനം ആവശ്യപ്പെട്ടവരെ അവഗണിക്കുകയും ചെയ്തു. പമ്പ് ഓപറേറ്റര്‍ക്ക് 15,000ത്തോളം രൂപ മാത്രമാണ് ശബളം. ഡ്രൈവര്‍മാരുടേതാകട്ടെ 22,988 രൂപയാണ്. രാവിലെ ആറു മുതല്‍ കേവലം മൂന്നുമണിക്കൂര്‍ മാത്രമാണ് ജോലിയുള്ളത്. ഈ സമയത്താകട്ടെ നാല് ബസുകള്‍ മാത്രമാണ് ഇന്ധനം നിറക്കുന്നത്. ബാക്കിയുള്ള ഭൂരിഭാഗം ബസുകളും മറ്റ് ഡിപ്പോകളില്‍നിന്നാണ് ഇന്ധനം നിറക്കുന്നത്. ഡ്രൈവര്‍മാരുടെ കുറവുമൂലം 58 ഷെഡ്യൂളില്‍ 43 എണ്ണം മാത്രമാണ് ഓപറേറ്റ് ചെയ്യുന്നത്. രാവിലെ 6.15 ദാസനക്കര, 8.50 മുണ്ടക്കൈ സര്‍വിസുകള്‍ സ്ഥിരമായി ഡ്രൈവര്‍മാര്‍ ഇല്ലാത്തതിനാല്‍ മുടങ്ങുന്ന സര്‍വിസുകളാണ്. അപ്പോഴും അനധികൃത ജോലിക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ വിമുഖത കാണിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.