കര്‍ണാടകത്തില്‍ കാട്ടുതീ; അതിര്‍ത്തിയിലെ കര്‍ഷകരുടെ നെഞ്ചില്‍ തീ

സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകത്തിലെ വനത്തില്‍ വന്‍ തീപിടിത്തമുണ്ടായതോടെ ജില്ലയിലെ വനാതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ ഭീതിയിലായി. ആയിരക്കണക്കിന് ഏക്കര്‍ വനമാണ് കര്‍ണാടകത്തില്‍ കത്തിനശിച്ചത്. ഇതോടെ, വന്യമൃഗങ്ങള്‍ കൂട്ടമായി വയനാടന്‍ കാടുകളിലത്തെുമെന്നുറപ്പായി. വേനലടുക്കുന്നതോടെ വെള്ളവും തീറ്റയും തേടി കര്‍ണാടക, തമിഴ്നാട് വനങ്ങളില്‍നിന്നും വന്യമൃഗങ്ങള്‍ പലായനം തുടങ്ങും. ഇപ്പോള്‍ കാട്ടുതീ കൂടിയായപ്പോള്‍ മൃഗങ്ങള്‍ ഒന്നടങ്കം വയനാടന്‍ കാടുകളെ ആശ്രയിക്കാന്‍ തുടങ്ങും. ഇത് അതിര്‍ത്തിയില്‍ താമസിക്കുന്ന കൃഷിക്കാരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. വനം ഏറക്കുറെ പൂര്‍ണമായി വരണ്ടുണങ്ങിയതിനാല്‍ തീറ്റ തേടി മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങും. ആളുകളെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതുമാകും ഫലം. കര്‍ണാടകത്തിലെ കല്‍ക്കര റേഞ്ചില്‍ തുടങ്ങിയ തീ മൂന്നു ദിവസമായിട്ടും അണക്കാന്‍ സാധിച്ചില്ല. ഗുണ്ടറ, ബേഗൂര്‍ റേഞ്ചുകളിലേക്കും കാട്ടുതീ പടര്‍ന്നു. വയനാട് വന്യജീവി സങ്കേതത്തിനടുത്ത് തീയത്തെി നില്‍ക്കുകയാണ്. വനം വകുപ്പിലെ പരമാവധി ജീവനക്കാരെ അതിര്‍ത്തികളില്‍ നിയമിച്ചിട്ടുണ്ട്. എന്നാല്‍, ഉള്‍വനത്തിലായതും ആവശ്യത്തിന് സജ്ജീകരണങ്ങളില്ലാത്തതും ജീവനക്കാരുടെ കുറവും വനംവകുപ്പിനെ പ്രതിസന്ധിയിലാക്കുന്നു. ഒരുവിധത്തിലും അണക്കാന്‍ സാധിക്കാതെ പടരുന്ന തീ കെടുന്നതിന് മഴപെയ്യുക മാത്രമാണ് പോംവഴി. മഴച്ചാറ്റലെങ്കിലും ഉണ്ടായിരുന്നെങ്കിലെന്നാണ് വനപാലകരുടെ പ്രാര്‍ഥന. വയനാടന്‍ കാട്ടിലേക്കും തീപടര്‍ന്നാല്‍ പ്രത്യാഘാതങ്ങള്‍ സങ്കല്‍പിക്കാന്‍ സാധിക്കുന്നതിനുമപ്പുറത്തായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.