സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി: കുടുംബശ്രീ സര്‍വേ തുടങ്ങി

കല്‍പറ്റ: സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ (ലൈഫ് മിഷന്‍) ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ഗുണഭോക്തൃ സര്‍വേ തുടങ്ങി. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അര്‍ഹരായ എല്ലാവര്‍ക്കും വാസയോഗ്യമായ ഭവനം ഉറപ്പാക്കുന്നതാണ് ലൈഫ് മിഷന്‍. കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസ്, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വിവിധ പദ്ധതികള്‍ക്കായി തയാറാക്കിയ പട്ടിക, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ‘ദിശ’ പരിപാടിയുടെ ഭാഗമായി തയാറാക്കിയ പട്ടിക എന്നിവയില്‍ അംഗങ്ങളായ ഗുണഭോക്താക്കളുടെ വിവരങ്ങളാണ് സര്‍വേയിലൂടെ ശേഖരിക്കുന്നത്. ജില്ലയിലെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലും രണ്ടുദിവസംകൊണ്ട് സര്‍വേ പൂര്‍ത്തിയാക്കാനാണുദ്ദേശിച്ചിരുന്നത്. എന്നാല്‍, ഗുണഭോക്തൃ പട്ടിക കൈമാറാതിരുന്ന പഞ്ചായത്തുകളില്‍ സര്‍വേ പൂര്‍ത്തിയാക്കുന്നതിന് കാലതാമസം നേരിടും. എ.ബി.സി.ഡി എന്നീ ഫോറങ്ങള്‍ ഉപയോഗിച്ചാണ് കടുംബശ്രീ പ്രവര്‍ത്തകര്‍ സര്‍വേ നടത്തുന്നത്. പൂരിപ്പിച്ച എ,ബി സര്‍വേ ഫോറങ്ങള്‍ സി.ഡി.എസ് തലത്തില്‍ എല്ലാ ദിവസവും ക്രോഡീകരിക്കും. ഇതില്‍ 10ശതമാനം ഫോറങ്ങള്‍ മേല്‍ പരിശോധനക്ക് തദ്ദേശ സ്ഥാപന സെക്രട്ടറി നിയോഗിക്കുന്ന ഉദ്യോഗസ്ഥന് കൈമാറും. ഗ്രാമപ്രദേശങ്ങളില്‍ വി.ഇ.ഒമാരും നഗരപ്രദേശങ്ങളില്‍ ജെ.എച്ച്.ഐമാരുമാണ് മേല്‍ പരിശോധന നടത്തേണ്ടത്. കുടുംബശ്രീ അയല്‍ക്കൂട്ടം തയാറാക്കിയ പട്ടിക പ്രകാരം സര്‍വേ നടത്തിയ സി.ഡി ഫോറങ്ങള്‍ പൂര്‍ണമായും മേല്‍ പരിശോധന നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സര്‍വേ ഫോറങ്ങള്‍ കുടുംബശ്രീ ഐ.ടി യൂനിറ്റുകള്‍ മുഖേന ഡാറ്റാ എന്‍ട്രി നടത്തിയശേഷം ജില്ല തലത്തില്‍ കരട് പട്ടിക പ്രസിദ്ധീകരിക്കും. തുടര്‍ന്ന് തദ്ദേശഭരണ സ്ഥാപന സെക്രട്ടറി പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ സ്വീകരിച്ച് അര്‍ഹരായവരെ കൂട്ടിച്ചേര്‍ത്ത് ജില്ല മിഷന്‍ കോഓഡിനേറ്റര്‍ക്ക് കൈമാറും. തുടര്‍ന്ന് പട്ടികയില്‍ ഉള്‍പ്പെടാതെപോയ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ജില്ല കലക്ടര്‍ക്കും അപ്പീല്‍ നല്‍കാന്‍ അവസരം ലഭിക്കും. ഇതിന്മേല്‍ റവന്യൂ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പരിശോധന നടത്തി അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.