മേപ്പാടി: കല്ലുമല പട്ടികവര്‍ഗ കോളനിയുടെ ഭാഗമായ കൊല്ലിവയലിലെ 40ഓളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. 10 വര്‍ഷത്തിലധികമായി ഇതാണ് കോളനിയിലെ കുടുംബങ്ങളുടെ അവസ്ഥ. കോളനിയുടെ മേല്‍ഭാഗത്തെ കാട്ടുചോലയില്‍നിന്ന് പൈപ്പുകള്‍ വഴി അല്‍പാല്‍പമായി ലഭിച്ചിരുന്ന വെള്ളവും വേനലായതോടെ കിട്ടാതായി. 500 മീറ്റര്‍ അകലെയുള്ളതും തകര്‍ന്നുകൊണ്ടിരിക്കുന്നതുമായ പഴയ ഒരു പഞ്ചായത്ത് കിണറ്റിലെ മലിനജലം കോരിയെടുത്ത് തുണികൊണ്ട് അരിച്ചാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. അതും വറ്റിത്തുടങ്ങിയ സ്ഥിതിയിലാണ്. പുലര്‍ച്ചെ അഞ്ചു മുതല്‍ സ്ത്രീകള്‍ വെള്ളത്തിനായി നെട്ടോട്ടത്തിലാണ്. 2003-04 സാമ്പത്തികവര്‍ഷത്തില്‍ ബ്ളോക്ക് പഞ്ചായത്ത് മുഖേന നിര്‍മിച്ച രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി രണ്ടു വര്‍ഷത്തിനുശേഷം നോക്കുകുത്തിയായി. ഡീസല്‍ എന്‍ജിനാണ് പദ്ധതിക്ക് ഉപയോഗപ്പെടുത്തിയത്. പൈപ്പുകള്‍ പൊട്ടിയും എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെയും അത് ഉപയോഗശൂന്യമായി. പിന്നീടിങ്ങോട്ട് കുടിവെള്ളത്തിനായി ഇവര്‍ക്ക് ഒരു പദ്ധതിയുമില്ല. കടുത്ത വേനലില്‍ വെള്ളം കിട്ടാനില്ലാതെവന്നതോടെ കോളനിയിലെ സ്ത്രീകള്‍ ദുരിതമനുഭവിക്കുകയാണ്. വൈദ്യുതി മോട്ടോര്‍ സ്ഥാപിച്ച് പഴയ പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ നടപടിയുണ്ടാവണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.