ആവേശരാവില്‍ പ്രീമിയര്‍ ലീഗ് ഫുട്ബാളിന് തുടക്കം: അതിഗംഭീരം നോവ, സ്പൈസസ്

കല്‍പറ്റ: സൂചികുത്താനിടമില്ലാത്തവിധം നിറഞ്ഞുകവിഞ്ഞ ഗാലറിയെ സാക്ഷിനിര്‍ത്തി പ്രഥമ വയനാട് പ്രീമിയര്‍ ലീഗ് ഫുട്ബാളിന് ആവേശോജ്വലമായ തുടക്കം. ആയിരക്കണക്കിന് കളിക്കമ്പക്കാരുടെ ആരവങ്ങള്‍ കനത്ത മൈതാനത്ത് ഉദ്ഘാടന മത്സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെ കരുത്തരായ നോവ അരപ്പറ്റ ഗംഭീര തുടക്കമിട്ടു. മുന്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് താരം ജോസഫ് പെരേര ഹാട്രിക്കടക്കം നേടിയ നാലു ഗോളുകള്‍ കരുത്തു പകര്‍ന്നപ്പോള്‍ പി.എല്‍.സി പെരുങ്കോടയെ 4-1നാണ് നോവ തകര്‍ത്തു വിട്ടത്. സിറാജിന്‍െറ ബൂട്ടില്‍നിന്നായിരുന്നു പെരുങ്കോടയുടെ ആശ്വാസഗോള്‍. ഗോള്‍നില സൂചിപ്പിക്കുംപോലെ തീര്‍ത്തും ഏകപക്ഷീയമായിരുന്നില്ല മത്സരം. ഓഫ്സൈഡ് നിയമം ഇല്ലാത്ത ടൂര്‍ണമെന്‍റില്‍ ബോക്സില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നാണ് രണ്ടുതവണ പെരേര വല കുലുക്കിയത്. ഇരുധ്രുവങ്ങളിലേക്കും പന്ത് മാറിമാറി കയറിയിറങ്ങിയ മത്സരത്തില്‍ നേരിയ മുന്‍തൂക്കം നോവക്കായിരുന്നുവെങ്കിലും പി.എല്‍.സിയും മികച്ച മുന്നേറ്റങ്ങള്‍ തുറന്നെടുത്തു. പതിഞ്ഞ തുടക്കമായിരുന്നു മത്സരത്തിന്. ഇടതു വിങ്ങില്‍ മസൂദിന്‍െറ നീക്കങ്ങളാണ് ആദ്യഘട്ടത്തില്‍ നോവ അരപ്പറ്റയുടെ മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകര്‍ന്നത്. നോവയുടെ നൈജീരിയന്‍ താരം ബിതുപ്പുവിന്‍െറ പാസില്‍ ജിജീഷിന്‍െറ ഷോട്ട് പോസ്റ്റിനിടിച്ച് മടങ്ങിയ ശേഷം 23ാം മിനിറ്റില്‍ പെരേര പി.എല്‍.സിയുടെ വല കുലുക്കി. മസൂദില്‍നിന്ന് തുടങ്ങിയ നീക്കത്തില്‍ വിഷ്ണുവിന്‍െറ പാസ് മാര്‍ക്ക് ചെയ്യപ്പെടാതെനിന്ന പെരേരയിലേക്ക്. ഉടനടി പന്തെടുത്ത നോവാ താരം പന്ത് വലയിലേക്ക് തള്ളി. ഇടവേള കഴിഞ്ഞ് തിരിച്ചുവരാന്‍ പി.എല്‍.സി കഠിന ശ്രമം നടത്തുന്നതിനിടയില്‍ പെരേര വീണ്ടും. ഇക്കുറി വലതു വിങ്ങില്‍ എതിര്‍ഡിഫന്‍ഡറെ ഡ്രിബ്ള്‍ ചെയ്തു കയറിയ ബിതുപ്പു നല്‍കിയ ക്രോസില്‍ ക്ളോസ്റേഞ്ചില്‍നിന്ന് പെരേര വലയിലേക്ക് വെടിയുതിര്‍ത്തു. കാണികളുടെ പിന്തുണയോടെ പ്രത്യാക്രമണം കനപ്പിച്ച പെരുങ്കോടക്കാര്‍ 32ാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോളിലൂടെ മറുപടി നല്‍കി. സ്റ്റോപ്പര്‍ ബാക്ക് പൊസിഷനില്‍നിന്ന് കയറിയത്തെിയ സിറാജ് കോര്‍ണര്‍ കിക്കില്‍നിന്ന് പന്തു വാങ്ങി തൊടുത്ത ഷോട്ട് എതിര്‍ഡിഫന്‍ഡറുടെ ദേഹത്തു തട്ടി മടങ്ങിയെങ്കിലും റീബൗണ്ടില്‍ വെടിച്ചില്ലുകണക്കെ പന്തുപായിച്ചപ്പോള്‍ നോവ ഗോളി ഷാഫിക്ക് തൊടാന്‍പോലുമായില്ല. ഒപ്പത്തിനൊപ്പം മുന്നേറിയ കളിയില്‍ പെരുങ്കോട തിരിച്ചടിക്കാന്‍ ശ്രമിക്കുന്നതിനിടെ അവരുടെ ഡിഫന്‍സിന്‍െറ അലംഭാവം നോവക്ക് മൂന്നാംഗോള്‍ സമ്മാനിച്ചു. 43ാം മിനിറ്റില്‍ ത്രോഇന്നില്‍ പന്തു സ്വീകരിച്ച് മുന്നേറിയ പെരേരക്ക് ഹാട്രിക്കിലേക്ക് പന്തു പ്ളേസ് ചെയ്യാന്‍ വേണ്ടുവോളം സമയമുണ്ടായിരുന്നു. അവസാന വിസിലിന് നിമിഷങ്ങള്‍ ശേഷിക്കേ, വലതുവിങ്ങില്‍നിന്ന് പന്തെടുത്ത് പെരേര വലയുടെ മോന്തായത്തിലേക്ക് തള്ളിയപ്പോള്‍ പെരുങ്കോടയുടെ പരാജയം പൂര്‍ണമായി. രണ്ടാം മത്സരത്തില്‍ സ്പൈസസ് മുട്ടില്‍ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് ഓക്സ്ഫോഡ് എഫ്.സി വയനാടിനെ തകര്‍ത്തു. ഹാട്രിക് അടക്കം നാലുഗോളുകള്‍ നേടിയ സെന്‍ട്രല്‍ എക്സൈസ് താരം അഷ്കര്‍ ആണ് മുട്ടിലിന്‍െറ വിജയശില്‍പി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.