എ.കെ.എസ് അനിശ്ചിതകാല സമരം ആരംഭിച്ചു

കല്‍പറ്റ: ആദിവാസി ഭൂമിപ്രശ്നം പരിഹരിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കുക, മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി നല്‍കുക, ആദിവാസി സ്വയംപര്യാപ്തതക്ക് അതിജീവനം പദ്ധതി പ്രഖ്യാപിക്കുക, സ്പെഷല്‍ റിക്രൂട്ട്മെന്‍റില്‍ ആദിവാസികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, ആദിവാസി സാക്ഷരത മിഷന്‍ ആരംഭിക്കുക, എല്ലാ പഞ്ചായത്തിലും റെസിഡന്‍ഷ്യല്‍ വിദ്യാലയങ്ങള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ.കെ.എസ് നേതൃത്വത്തില്‍ ആദിവാസികള്‍ കലക്ടറേറ്റിന് മുന്നില്‍ അനിശ്ചിതകാല നാട്ടുകൂട്ടം സമരം ആരംഭിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൈവശരേഖക്ക് പകരം പട്ടയം നല്‍കാനും 2005 ഡിസംബര്‍ 13ന് ശേഷം വനത്തില്‍ താമസിക്കുന്നവര്‍ക്കും ഭൂമി നല്‍കുന്നതിനും കേന്ദ്ര വനാവകാശനിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആദിവാസികള്‍ക്കായി സ്വയംപര്യാപ്തമായ അതിജീവനപദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കണം. മുഴുവന്‍ ആദിവാസികള്‍ക്കും പട്ടയത്തോട് കൂടിയ ഒരേക്കര്‍ ഭൂമി വീതം ലഭ്യമാക്കാനും ആദിവാസി കോളനികള്‍ വൈദ്യുതീകരിക്കാനും നടപടി സ്വീകരിക്കണം. ഭൂസമരത്തില്‍ പങ്കെടുത്തതിന് കേസില്‍പെട്ട എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കണം. ആദിവാസി സാക്ഷരത മിഷന്‍ രൂപവത്കരിച്ച് നിരക്ഷരരായ ആദിവാസികളുണ്ടെങ്കില്‍ അവരെ സാക്ഷരരാക്കാന്‍ പദ്ധതി പ്രഖ്യാപിക്കണം. പോഷകമൂല്യമുള്ള ഭക്ഷണം നല്‍കാന്‍ നടപടി എടുക്കണം. എല്ലാ ആദിവാസികളെയും ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. വയനാട്ടില്‍ ട്രൈബല്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.കെ.എസ് ജില്ല പ്രസിഡന്‍റ് സീത ബാലന്‍ അധ്യക്ഷതവഹിച്ചു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.എ. മുഹമ്മദ്, സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ.വി. മോഹനന്‍, എ.കെ.എസ് സംസ്ഥാന ട്രഷറര്‍ വി. കേശവന്‍, എ.കെ.എസ് ജില്ല സെക്രട്ടറി പി. വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.