സ്കൂള്‍ യൂനിഫോം: സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തത

മാനന്തവാടി: 2017-18 അധ്യയന വര്‍ഷത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂനിഫോം വിതരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ അടുത്തിടെ ഇറക്കിയ ഉത്തരവില്‍ അവ്യക്തത. അടുത്ത അധ്യയന വര്‍ഷം കൈത്തറി യൂനിഫോം വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതനുസരിച്ച് എല്‍.പി, യു.പി വിദ്യാര്‍ഥികളുടെ കണക്കുകളും കളര്‍ കോഡും കഴിഞ്ഞ ഒക്ടോബറില്‍ ശേഖരിച്ചിരുന്നു. എന്നാല്‍, ഫെബ്രുവരി ആദ്യവാരം ഡി.പി.ഐ ഇറക്കിയ ഉത്തരവില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും യൂനിഫോം വിതരണം ചെയ്യാന്‍ നിലവിലെ സാഹചര്യത്തില്‍ പരിമിതികള്‍ ഉണ്ടെന്നും ഒന്നു മുതല്‍ നാലു വരെയും ഒന്നു മുതല്‍ അഞ്ചു വരെയും ക്ളാസുകള്‍ ഉള്ള സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് മാത്രമേ യൂനിഫോം വിതരണം ചെയ്യാനാകൂ എന്നുമാണ് പറഞ്ഞിരിക്കുന്നത്. ഇതനുസരിച്ച് എല്‍.പി, യു.പി സ്കൂള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പുതിയ ഉത്തരവ് പ്രകാരം യൂനിഫോം ലഭിക്കുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. എയ്ഡഡ് വിദ്യാലയങ്ങളെ പൂര്‍ണമായി ഒഴിവാക്കിയ സ്ഥിതിയുമാണ്. സര്‍ക്കാര്‍ ഉത്തരവ് അടുത്ത ദിവസങ്ങളില്‍ ചേരുന്ന പ്രധാനാധ്യാപകരുടെ യോഗങ്ങളില്‍ അറിയിക്കാനാണ് അധികൃതരുടെ തീരുമാനം. എയ്ഡഡ് വിദ്യാലയങ്ങളെ തഴഞ്ഞതില്‍ യോഗത്തില്‍ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.