വര്‍ഗീസ് രക്തസാക്ഷിദിനം നാളെ; വിപ്ളവസ്മരണക്ക് 47 വയസ്സ്

വെള്ളമുണ്ട: ചരിത്രത്തിന്‍െറ കാതുകളില്‍ ഇപ്പോഴും ആ വെടിയൊച്ചകള്‍ മുഴങ്ങുന്നുണ്ട്. തിരുനെല്ലി കൂമ്പാരകൊല്ലിയിലെ വര്‍ഗീസ്പാറയും വെള്ളമുണ്ടയിലെ ശവകുടീരവും ഈ ഓര്‍മകള്‍ അയവിറക്കുന്നു. വസന്തത്തിന്‍െറ ഇടിമുഴക്കങ്ങളുടെ ചരിത്രത്തിന് 47 വയസ്സ്. വര്‍ഗീസ് എന്ന നക്സലൈറ്റിന്‍െറ രക്തസാക്ഷിദിനമാണ് ഫെബ്രുവരി 18ന്‍െറ ഓര്‍മപുതുക്കല്‍. സാമൂഹികനീതിക്കായി പടപൊരുതിയ അടിയോരുടെ പെരുമനെ ബന്ധുക്കളും സുഹൃത്തുക്കളും മറക്കുന്നില്ല. ജന്മികളുടെ ചൂഷണത്തിനും വഞ്ചനക്കുമെതിരെ വയനാട്ടില്‍ നടന്ന ആദ്യ കലാപമായാണ് നക്സല്‍ പോരാട്ടചരിത്രം വിലയിരുത്തപ്പെടുന്നത്. അതുവരെ ചൂഷണം ജീവിതചര്യയാക്കിയ ജന്മികള്‍ക്കെതിരെ നക്സല്‍ബാരികള്‍ തൊടുത്തുവിട്ട ദയാരഹിത പോരാട്ടം പിന്നീട് വയനാടിന്‍െറ പേടിസ്വപ്നമാവുകയായിരുന്നു. വയനാടന്‍ കാടുകളില്‍ തമ്പടിച്ചിരുന്ന നക്സലൈറ്റുകളെ പിടിക്കുന്നതിന് ഭരണകൂടവും പാടുപെട്ടു. 1970 ഫെബ്രുവരി 18ന് സന്ധ്യയോടെയാണ് വര്‍ഗീസ് രക്തസാക്ഷിയാകുന്നത്. ഏറ്റുമുട്ടലില്‍ വര്‍ഗീസ് മരിച്ചു എന്ന വാര്‍ത്തയാണ് പൊലീസ് പുറത്തുവിട്ടത്. കോണ്‍സ്റ്റബിളായിരുന്ന രാമചന്ദ്രന്‍ നായര്‍ വര്‍ഗീസിനെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് 1998ലാണ് വെളിപ്പെടുത്തലുണ്ടായത്. അതോടെ ചരിത്രത്തിന്‍െറയും ഗതി മാറി. അന്നത്തെ ഡിവൈ.എസ്.പിയായിരുന്ന പി. ലക്ഷ്മണയും ഐ.ജി വിജയനും നിര്‍ബന്ധിച്ചിട്ടാണ് ഈ കൃത്യം നടത്തിയത് എന്നായിരുന്നു രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍. സി.ബി.ഐ അന്വേഷണത്തില്‍ ലക്ഷ്മണയും വിജയനും കുറ്റക്കാരാണ് എന്ന് കണ്ടത്തെുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. 2010 ഒക്ടോബര്‍ 26നാണ് കാലം കാതോര്‍ത്ത വിധി വന്നത്. 31ാം പിറന്നാള്‍ദിനത്തിലാണ് വര്‍ഗീസ് തോക്കിന് ഇരയാകുന്നത്. ആവേശത്തിന്‍െറ പ്രതീകമായി വര്‍ഗീസിനെ നെഞ്ചിലേറ്റുന്നവര്‍ നിരവധിയുണ്ട്. നിരവധി ഡോക്യുമെന്‍ററികളിലും വര്‍ഗീസിന്‍െറ പോരാട്ടങ്ങള്‍ ഇടംനേടി. ഒടുവില്‍ അഭ്രപാളിയിലും വയനാടിന്‍െറ ചെഗുവേര പോരാട്ടത്തിന്‍െറ കഥ പറഞ്ഞു. അജിതയും ഗ്രോ വാസുവും തേറ്റമല കൃഷ്ണന്‍കുട്ടിയുമെല്ലാം അണിനിരന്ന നക്സല്‍പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന തിരുനെല്ലിയിലും വെള്ളമുണ്ടയിലും വര്‍ഷംതോറും വര്‍ഗീസ് അനുസ്മരണം നടക്കുന്നു. വര്‍ഗീസിന്‍െറ വീട് ഇന്ന് തകര്‍ച്ച നേരിടുകയാണ്. വര്‍ഗീസിന്‍െറ പോരാട്ടങ്ങളും അതിജീവനങ്ങളും പുതുതലമുറക്ക് പങ്കുവെക്കാനായി വര്‍ഗീസ് സ്മാരക ട്രസ്റ്റ് ഏറ്റെടുത്ത ആ വീട് നോക്കാനാളില്ലാതെ ജീര്‍ണാവസ്ഥയിലാണ്. വര്‍ഗീസിന് അവകാശപ്പെട്ട 72 സെന്‍റ് ഭൂമിയും വീടും 2000ത്തിലാണ് കുടുംബാംഗങ്ങള്‍ പാര്‍ട്ടിക്ക് കൈമാറിയത്. പി.സി. ഉണ്ണിച്ചെക്കന്‍ ചെയര്‍മാനും കെ.ടി. കുഞ്ഞിക്കണ്ണന്‍ കണ്‍വീനറുമായ വര്‍ഗീസ് സ്മാരക ട്രസ്റ്റിന്‍െറ പേരിലാണ് പാര്‍ട്ടി വീട് ഏറ്റെടുത്തത്. എന്നാല്‍, 2005ല്‍ സി.പി.ഐ (എം.എല്‍) പിളരുകയും ഉണ്ണിച്ചെക്കന്‍െറ നേതൃത്വത്തില്‍ റെഡ് ഫ്ളാഗ് രൂപംകൊള്ളുകയും കെ.എന്‍. രാമചന്ദ്രന്‍ എം.എല്ലിന് നേതൃത്വം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ട്രസ്റ്റില്‍ അവകാശത്തര്‍ക്കം ഉടലെടുത്തതോടെയാണ് വര്‍ഗീസിന്‍െറ സ്മാരകം ജീര്‍ണിച്ചുതുടങ്ങിയത്. ഏതു നിമിഷവും തകരാവുന്ന അവസ്ഥയിലാണ് ഇന്നിത്. ജന്മദേശമായ ഒഴുക്കന്‍മൂലയില്‍ വയലാറിന്‍െറ നാലുവരി വിപ്ളവ കവിതകള്‍ എഴുതിയ കൂറ്റന്‍ ബോര്‍ഡിനു താഴെ എല്ലാത്തിനും സാക്ഷിയായി വര്‍ഗീസ് സ്മാരകം ചുവപ്പണിഞ്ഞുനില്‍ക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.