സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി: കുടുംബശ്രീ സര്‍വേ 18ന്

കല്‍പറ്റ: സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ (ലൈഫ് മിഷന്‍) ഗുണഭോക്താക്കളെ കണ്ടത്തെുന്നതിനുള്ള സര്‍വേ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ശനിയാഴ്ച നടത്തും. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഒറ്റ ദിവസം കൊണ്ട് സര്‍വേ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സര്‍വേ പൂര്‍ത്തീകരിച്ച് ഫോറങ്ങള്‍ 18ന് തന്നെ സി.ഡി.എസിന്‍െറ നേതൃത്വത്തില്‍ കുടുംബശ്രീ ഡാറ്റാ എന്‍ട്രി യൂനിറ്റിലത്തെിക്കുകയും രാത്രിയോടെ ഡാറ്റാ എന്‍ട്രി തുടങ്ങുകയും ചെയ്യും. എട്ടു ദിവസത്തിനുള്ളില്‍ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കി സര്‍ക്കാറിന് കൈമാറും. ഭൂമിയുള്ള ഭവന രഹിതര്‍, ഭൂരഹിത ഭവന രഹിതര്‍, ഭവന നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍, നിലവിലുള്ള പാര്‍പ്പിടം വാസയോഗ്യമല്ലാത്തവര്‍ തുടങ്ങിയവരെല്ലാം പദ്ധതി പ്രകാരം ഗുണഭോക്താക്കളാണ്. കൂടാതെ, സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളായി ഭവന നിര്‍മാണത്തിന് തുക കൈപ്പറ്റിയിട്ടും ഭവന നിര്‍മാണം പൂര്‍ത്തിയാക്കാത്തവരെയും സര്‍വേയിലൂടെ കണ്ടത്തെും. കേന്ദ്ര സര്‍ക്കാറിന്‍െറ നേതൃത്വത്തില്‍ 2011ല്‍ തയാറാക്കിയ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസ് (എസ്.ഇ.സി.സി), ഓരോ തദ്ദേശ ഭരണ സ്ഥാപനങ്ങളും വിവിധ പദ്ധതികള്‍ക്കായി തയാറാക്കിയ ഗുണഭോക്താക്കളുടെ ലിസ്റ്റ്, ഒരോ അയല്‍ക്കൂട്ടങ്ങളും തങ്ങളുടെ പ്രദേശത്ത് നിന്നും കണ്ടത്തെിയവരുടെ ലിസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തുക. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ തയാറാക്കിയ ലിസ്റ്റുകള്‍ ലൈഫ് മിഷന്‍ സംസ്ഥാന തലത്തില്‍ ശേഖരിച്ച് കുടുംബശ്രീ ജില്ല മിഷന് കൈമാറും. ഇതോടൊപ്പം അയല്‍ക്കൂട്ടങ്ങള്‍ തയാറാക്കി സി.ഡി.എസ് തലത്തില്‍ ക്രോഡീകരിച്ച ലിസ്റ്റും ചേര്‍ത്താണ് സര്‍വേ നടത്തുക. ശനിയാഴ്ച നാല് മണിവരെയാണ് സര്‍വേ. വിവിധ കാരണങ്ങളാല്‍ 18ന് സര്‍വേയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തവരുടെ വീടുകളില്‍ 19ന് വീണ്ടും സര്‍വേ നടത്തും. ജില്ല കലക്ടര്‍ നിയോഗിക്കുന്ന ജില്ലതല ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക ടീം തെരഞ്ഞെടുത്ത ഫോറങ്ങള്‍ പരിശോധിക്കും. പരിശോധന വിവരങ്ങള്‍ സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ പരിശോധിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംവിധാനമുണ്ടാകും. ലിസ്റ്റ് പ്രസിദ്ധീകരിച്ച് 10 ദിവസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം. അര്‍ഹരായ ഗുണഭോക്താക്കളെ ഉള്‍ക്കൊള്ളിക്കുന്നതിനും അനര്‍ഹരെ ഒഴിവാക്കുന്നതിനുമുള്ള അപേക്ഷകള്‍ അപ്പീലിലൂടെ പരിഗണിക്കും. തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്ന പട്ടികയിലും ആക്ഷേപമുള്ള പക്ഷം ജില്ല കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്. ഫെബ്രുവരി 26ന് മുമ്പ് ആദ്യഘട്ട സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് അന്തിമ പട്ടിക ഏപ്രില്‍ 10 ന് മുമ്പ് പ്രസിദ്ധീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.