കല്‍പറ്റ: ജില്ലയില്‍ പലകാരണങ്ങളാല്‍ നിര്‍മാണം മുടങ്ങിക്കിടക്കുന്ന പട്ടികവര്‍ഗ വീടുകള്‍ക്ക് ശാപമോക്ഷമാകുന്നു. ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ല ഭരണകൂടവും ജില്ല പഞ്ചായത്തും ബ്ളോക്ക് പഞ്ചായത്തുകളും ഐ.ടി.ഡി.പിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ഹൈകോടതി ജഡ്ജിയും സംസ്ഥാന ലീഗല്‍ സര്‍വിസസ് അതോറിറ്റി എക്സിക്യൂട്ടിവ് ചെയര്‍മാനുമായ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ഇതു സംബന്ധിച്ച് വിവിധ ഏജന്‍സികളുടെ സംയുക്ത യോഗം വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. കരാറുകാരുടെയും മറ്റും അനാസ്ഥ, പണം തികയാതെ വരുക തുടങ്ങിയ കാരണങ്ങളാല്‍ 2008-2016 കാലയളവില്‍ നിര്‍മാണത്തിന്‍െറ വിവിധ ഘട്ടങ്ങളില്‍ പണി മുടങ്ങിക്കിടക്കുന്ന 3,500 വീടുകളാണ് ജില്ലയിലുള്ളത്. അടിത്തറ മാത്രം പണിതത്, ചുമരുകള്‍ കെട്ടിയുയര്‍ത്തിത്തുടങ്ങിയത്, ചത്തെിത്തേക്കാനുള്ളത്, ലിന്‍റല്‍ വാര്‍ത്തത്, വൈദ്യുതീകരിക്കാനുള്ളത് തുടങ്ങി നിര്‍മാണത്തിന്‍െറ വിവിധ ഘട്ടങ്ങളിലാണ് വീടുകളുള്ളത്. കരാറുകാരുമായി ഉടമ്പടിയുണ്ടാക്കുന്ന പതിവില്ലാത്തതിനാല്‍ നിയമനടപടികള്‍ സ്വീകരിക്കാനും കഴിയില്ല. ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ സിറ്റിങ്ങുകളില്‍ ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ കിട്ടിയ സാഹചര്യത്തിലാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വീടു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പദ്ധതിയിട്ടത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയും സാമൂഹിക പ്രതിബദ്ധത ഫണ്ട് മുഖേനയും ധനസമാഹരണം നടത്തും. എന്‍.ജി.ഒകള്‍, എന്‍.എസ്.എസ്. യൂനിറ്റുകള്‍, എന്‍ജിനീയറിങ് കോളജുകള്‍, കുടുംബശ്രീ, യുവജന സംഘടനകള്‍ മറ്റ് സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണം പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. ഇതിന്‍െറ ആദ്യപടിയായാണ് യോഗം സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി മുഖ്യപ്രഭാഷണം നടത്തി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ ശകുന്തള ഷണ്‍മുഖന്‍, പ്രീത രാമന്‍, ഐ.ടി.ഡി.പി ഓഫിസര്‍ പി. വാണിദാസ്, ദാരിദ്ര്യ ലഘൂകരണവിഭാഗം പ്രോജക്ട് മാനേജര്‍ പി.ജി. വിജയകുമാര്‍, ജോസഫ് സക്കറിയാസ്, പ്രഫ. അനില്‍കുമാര്‍, വയനാട് എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ ഹമീദ്, ബാബുരാജ്, നബാര്‍ഡ് അസി. ജനറല്‍ മാനേജര്‍ എന്‍.എസ്. സജികുമാര്‍, പ്രഫ. കെ. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.