പ്രഖ്യാപനങ്ങള്‍ പാഴ്വാക്കായി; ദുരിതയാത്ര തീരാതെ അമ്പലവയല്‍– വടുവന്‍ചാല്‍ റോഡ്

അമ്പലവയല്‍: ഭരണകര്‍ത്താക്കള്‍ അമ്പലവയല്‍-വടുവന്‍ചാല്‍ റോഡിനെ അവഗണിക്കുകയാണെന്ന ആക്ഷേപം ശക്തമാകുന്നു. ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ ഈ റോഡ് വര്‍ഷങ്ങളായി തകര്‍ന്നുകിടന്നിട്ടും അധികൃതര്‍ കണ്ടില്ളെന്ന ഭാവം നടിക്കുകയാണെന്നാണ് ആക്ഷേപം. വിദേശികളടക്കം ആയിരക്കണക്കിന് യാത്രക്കാരും അത്രതന്നെ വാഹനങ്ങളും യാത്രക്ക് ആശ്രയിക്കുന്ന റോഡിന്‍െറ നീര്‍ച്ചാല്‍ മുതല്‍ വടുവന്‍ചാല്‍ വരെയുള്ള ആറു കിലോമീറ്റര്‍ ഭാഗം പാടെ തകര്‍ന്ന നിലയിലാണ്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം, പൈതൃക മ്യൂസിയം, ഫാന്‍റം റോക്ക്, ടൈഗര്‍കേവ് മുലായ സ്ഥലങ്ങളിലേക്ക് സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും എത്തുന്ന യാത്രക്കാര്‍ റോഡിന്‍െറ ശോച്യാവസ്ഥ മൂലം ദുരിതമനുഭവിക്കുകയാണ്. മഞ്ഞപ്പാറ, നരിക്കുണ്ട്, ആണ്ടൂര്‍ ഭാഗങ്ങളിലെ വലിയ കുഴിയില്‍ വീണ് വാഹനയാത്രികര്‍ക്ക് അപകടം സംഭവിക്കുന്നത് നിത്യസംഭവമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമായ റോഡ് ഗതാഗതയോഗ്യമാക്കാമെന്ന് അന്നത്തെ ബത്തേരി എം.എല്‍.എയായ ഐ.സി ബാലകൃഷ്ണന്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. വീണ്ടും ജയിച്ചുവന്ന എം.എല്‍.എ വാക്കുപാലിച്ചില്ളെന്ന് നാട്ടുകാര്‍ ആരോപിച്ചു. അമ്പലവയല്‍, ചുള്ളിയോട്, മീനങ്ങാടി, കൊളഗപ്പാറ ഭാഗങ്ങളില്‍നിന്ന് വയനാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് രോഗികളെയും കൊണ്ടുപോകുന്ന ആമ്പുലന്‍സ് അടക്കമുള്ള വാഹനങ്ങളും കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ലോ ഫ്ളോര്‍ ബസുകള്‍ അടക്കം കുഴിയില്‍ കുടുങ്ങുന്ന സംഭവങ്ങളുണ്ടായിട്ടും അധികൃതര്‍ റോഡ് ഗതഗതയോഗ്യമാക്കാന്‍ തയാറാവാത്തതിനെതിരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാന്‍ തയാറെടുക്കുകയാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.