അമ്പലവയല്‍: പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി 27 മുതല്‍ ആരംഭിച്ച അന്താരാഷ്ട്ര പുഷ്പഫല പ്രദര്‍ശന മേളയായ ‘പൂപ്പൊലി 2017’ സമാപിച്ചു. കഴിഞ്ഞ 17 ദിവസമായി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച മേളയുടെ നാലാം പതിപ്പായ പൂപ്പൊലി2017 സമാപിച്ചപ്പോള്‍ ടിക്കറ്റിനത്തില്‍ മാത്രം കേന്ദ്രത്തിന് ലഭിച്ചത് 57,42,950 രൂപ. സ്റ്റാള്‍ വാടക, അമ്യൂസ്മെന്‍റ്, ഗവേഷണ കേന്ദ്രത്തിന്‍െറ നഴ്സറിയിലെ വില്‍പന, പ്രോസസിങ് ലാബ് മുതലായവ വഴി ലഭിച്ചത് 35,03,774 രൂപ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പെതുവെ സന്ദര്‍ശകര്‍ കുറവായിരുന്നെങ്കിലും ജനുവരി 27 മുതല്‍ ഫെബ്രുവരി 9 വരെ നിശ്ചയിച്ച ‘പൂപ്പൊലി 2017’ അവസാന ദിനങ്ങളിലെ തിരക്ക് പരിഗണിച്ച് ഫെബ്രുവരി 12 വരെ നീട്ടുകയായിരുന്നു. നോട്ട് നിരോധനം മൂലമുണ്ടായ സാമ്പത്തിക ഞെരുക്കവും ഗ്രീന്‍ പ്രോട്ടോകോള്‍ സ്വീകരിച്ചതുമൂലം പരസ്യങ്ങള്‍ പരിമിതപ്പെടുത്തിയതുമാണ് സന്ദര്‍ശകര്‍ കുറയാന്‍ കാരണമെന്നും വരുംവര്‍ഷങ്ങളില്‍ മേള ജനുവരി ഒന്നുമുതല്‍തന്നെ ആരംഭിക്കുന്ന വിധത്തില്‍ ക്രമീകരിക്കുകയും മേളയുടെ വിജയത്തിനായി കോര്‍ കമ്മിറ്റി രൂപവത്കരിച്ച് നാലു മാസം മുമ്പുതന്നെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. പുഷ്പമേളയുടെ അഞ്ചാം പതിപ്പ് 2018 ജനുവരി ഒന്നിന് ആരംഭിക്കുമെന്ന് ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്‍ പറഞ്ഞു. സമാപന സമ്മേളനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷകുമാരി അധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ബത്തേരി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ സി.കെ. സഹദേവന്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലത ശശി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഡോ. പി. രാജേന്ദ്രന്‍ സ്വാഗതവും കെ.വി.കെ പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ. എന്‍.ഇ. സഫിയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.