മാനന്തവാടി: ക്വാറികള്‍ അടച്ചുപൂട്ടിയതോടെ ഉല്‍പന്നങ്ങള്‍ക്ക് കടുത്തക്ഷാമം. ഇത് ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ നിര്‍മാണ പ്രവൃത്തികള്‍ നിലക്കാനിടയാക്കിയേക്കും. നിരവധി കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലയില്‍ നിലവില്‍ അഞ്ച് ക്വാറികള്‍ മാത്രമാണ്പ്രവര്‍ത്തിക്കുന്നത്. കരിങ്കല്ലുല്‍പന്നങ്ങള്‍ക്ക് ക്ഷാമം നേരിട്ടതോടെ ത്രിതല പഞ്ചായത്തുകളുടേത് ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങളും സ്വകാര്യ മേഖലയിലെ വീട് നിര്‍മാണങ്ങളും പ്രതിസന്ധിയിലായി. അഞ്ചു ഹെക്ടറോ അതില്‍ കുറവോ വിസ്തീര്‍ണമുള്ള ഭൂമിയില്‍നിന്ന് ധാതുഖനനത്തിന് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കി സുപ്രീംകോടതി ഉത്തരവ് വന്നതോടെയാണ് ജില്ലയിലെ ഭൂരിഭാഗം കരിങ്കല്‍ ക്വാറികളും അടച്ചുപൂട്ടിയത്. ഇത്തരത്തില്‍ 44 ക്വാറികളാണ് ജില്ലയിലുണ്ടായിരുന്നത്. ഇവയുടെ പ്രവര്‍ത്തനം നിലച്ചതിനുശേഷം അവശേഷിക്കുന്നത് ലീസ് വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ മാത്രമാണ്. ജില്ലയില്‍ ഇത്തരത്തില്‍ 11ക്വാറികളുണ്ടെങ്കിലും നിലവില്‍ പ്രവര്‍ത്തിക്കുന്നത് അഞ്ചെണ്ണം മാത്രമാണ്. ഇതില്‍തന്നെ മുഴുവന്‍ ക്വാറിയുടമകളും കരിങ്കല്ല് പുറത്ത് വില്‍പന നടത്തുന്നില്ല. ഇവരുടെതന്നെ ഉടമസ്ഥതയിലുള്ള ക്രഷര്‍ യൂനിറ്റുകളിലേക്ക് ആവശ്യമായ കല്ല് പൊട്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. പുറത്ത് വില്‍ക്കുന്നവരാകട്ടെ കൂടിയ വില ഈടാക്കുന്നതായും പരാതിയുണ്ട്. ഇതോടെയാണ് ചെറുകിട കരാറുകാരും വീട് നിര്‍മാണാവശ്യാര്‍ഥം കരിങ്കല്ല് തേടുന്നവരും ദുരിതത്തിലായത്. സംസ്ഥാനത്തുതന്നെ പദ്ധതി നിര്‍വഹണത്തില്‍ ജില്ല ഏറ്റവും പിന്നിലാവാന്‍ കാരണമായത് നിര്‍മാണ വസ്തുക്കളുടെ ദൗര്‍ലഭ്യമാണെന്ന് പറയപ്പെടുന്നു. ത്രിതല പഞ്ചായത്തുകളുടെ പുതിയ നിര്‍മാണ പ്രവൃത്തികളേറ്റെടുക്കാന്‍ കരാറുകാരും മുന്നോട്ടുവരുന്നില്ല. നിലവില്‍ ഇതര ജില്ലകളില്‍നിന്ന് മെറ്റല്‍, ചിപ്സ് എന്നിവ എത്തുന്നുണ്ട്. എന്നാല്‍, പാറക്കല്ലുകള്‍ (ബോളര്‍), മണല്‍ എന്നിവക്ക് ജില്ലയിലെ ക്വാറികള്‍തന്നെയാണ് ആശ്രയിക്കുന്നത്. അഞ്ച് ഹെക്ടറിന് താഴെയുള്ള ഭൂമിക്ക് പാരിസ്ഥിതികാനുമതി നല്‍കേണ്ടത് ജില്ല കലക്ടര്‍ ചെയര്‍മാനായുള്ള ജില്ലതല പാരിസ്ഥികാഘാത നിര്‍ണയ കമ്മിറ്റിയാണെങ്കിലും ഇത് ലഭ്യമാവുക എളുപ്പമല്ളെന്ന് പറയപ്പെടുന്നു. ഇതിനകം ജില്ലയില്‍നിന്ന് ഇതിനായി അപേക്ഷ നല്‍കിയവ പലകാരണങ്ങളാല്‍ തള്ളപ്പെടുകയാണുണ്ടായത്. പാരിസ്ഥിതികാനുമതിക്കുള്ള നിബന്ധനകള്‍ ലഘൂകരിച്ചില്ളെങ്കില്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി വര്‍ധിക്കാനാണ് സാധ്യത. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഒന്നരമാസം മാത്രമേയുള്ളൂ എന്നത് സ്ഥിതിഗതികള്‍ രൂക്ഷമാക്കും. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് ചെലവഴിക്കപ്പെടാതെ പോകുന്ന സ്ഥിതിയാണ് ഉണ്ടാകാന്‍ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.