സമ്പൂര്‍ണ ഭവന പദ്ധതി: മാര്‍ഗരേഖക്ക് അംഗീകാരമായി

മാനന്തവാടി: അടുത്ത അഞ്ചു വര്‍ഷത്തിനകം സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് നിര്‍മിച്ചുനല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിയുടെ (ലൈഫ്) മാര്‍ഗരേഖകള്‍ ഉള്‍പ്പെട്ട മുന്നൊരുക്കങ്ങള്‍ക്ക് അംഗീകാരം നല്‍കി ഗവര്‍ണര്‍ ഉത്തരവിറക്കി. ഭൂമിയും വീടും ഇല്ലാത്തവര്‍, ഭൂമിയുള്ള ഭവനരഹിതര്‍, താല്‍ക്കാലിക ഭവനമുള്ളവര്‍, വാസയോഗ്യമല്ലാത്ത വീടുകളില്‍ കഴിയുന്നവര്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജനറല്‍ വിഭാഗത്തിന് മൂന്നു ലക്ഷം രൂപയും പട്ടികജാതി വിഭാഗങ്ങള്‍, മത്സ്യബന്ധന തൊഴിലാളികള്‍, തോട്ടംതൊഴിലാളികള്‍ എന്നിവര്‍ക്ക് നാലു ലക്ഷം രൂപയുമാണ് വീട് നിര്‍മാണത്തിനായി അനുവദിക്കുക. 350 ചതുരശ്ര അടിയുടെയും 600 ചതുരശ്ര അടിയുടെയും ഇടയിലുള്ള തറ വിസ്തീര്‍ണത്തിലായിരിക്കണം വീടുകള്‍ നിര്‍മിക്കേണ്ടത്. ഭൂരഹിതരായ ഭവനരഹിതര്‍ക്ക് ജീവനോപാധിയോടുകൂടിയ ഭവനസമുച്ചയങ്ങള്‍ (ഫ്ളാറ്റുകള്‍) നിര്‍മിച്ചുനല്‍കാനാണ് നിര്‍ദേശം. ഇതിനായി ഭൂമി ഈ മാസം 28നകം കണ്ടത്തൊന്‍ ജില്ല കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 100 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഫ്ളാറ്റുകളുടെ നിര്‍മാണച്ചുമതല ജില്ല മിഷനും പഞ്ചായത്ത്, നഗരസഭ പരിധികളിലെ നിര്‍മാണങ്ങള്‍ക്ക് അതത് ഭരണസമിതി ഉള്‍ക്കൊള്ളുന്ന മിഷനുമായിരിക്കും നല്‍കുക. 2011ല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ സെന്‍സസില്‍ തയാറാക്കിയ ഭവനരഹിതരുടെ പട്ടികയും നിലവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാക്കിയ പട്ടികയും പുതുതായി കൂട്ടിച്ചേര്‍ക്കാന്‍ കുടുംബശ്രീ തയാറാക്കുന്ന പട്ടികയുമായിരിക്കും പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കളെ കണ്ടത്തൊനായി ഉപയോഗിക്കുക. ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് ജീവനോപാധി ഉള്‍പ്പെടെ കണ്ടത്തെി നല്‍കാനും നിര്‍മാണമേഖലയിലേക്ക് പ്രവര്‍ത്തകരെ എത്തിക്കാനും കുടുംബശ്രീക്ക് ഉത്തരവില്‍ നിര്‍ദേശമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.