വൈത്തിരി പഞ്ചായത്തില്‍ കെട്ടിട നിര്‍മാണത്തിന് നിയന്ത്രണം

വൈത്തിരി: മുന്‍ ജില്ല കലക്ടര്‍ കേശവേന്ദ്ര കുമാര്‍ പ്രഖ്യാപിച്ചിരുന്ന കെട്ടിട നിര്‍മാണ നിയന്ത്രണം അതീവലോല പരിസ്ഥിതി മേഖലയായ വൈത്തിരി പഞ്ചായത്തിലെ കുന്നത്തിടവക, ചുണ്ടേല്‍ വില്ളേജുകളില്‍ കര്‍ശനമാക്കുന്നു. വിലക്ക് ലംഘിച്ച്, ഈ വില്ളേജുകളിലെ തേയിലത്തോട്ടങ്ങളും എസ്റ്റേറ്റുകളും തോന്നുംവിധം മുറിച്ചു കഷ്ണങ്ങളാക്കി പരിസ്ഥിതി സന്തുലനത്തിന് വിഘാതമാവുംവിധം ബഹുനിലകെട്ടിടങ്ങളും റിസോര്‍ട്ടുകളും ഹോം സ്റ്റേകളും അനിയന്ത്രിതമായി നിര്‍മിക്കുന്നതിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നതിന്‍െറ അടിസ്ഥാനത്തിലാണ് വിലക്ക്. കുന്നത്തിടവക വില്ളേജില്‍ രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളുടെ നിര്‍മാണം ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനെന്ന നിലയില്‍ മുന്‍ കലക്ടര്‍ ഉത്തരവിലൂടെ നിരോധിച്ചിരുന്നു. എന്നാല്‍, സ്വാധീനമുപയോഗിച്ചും കോടതികളില്‍നിന്ന് സ്റ്റേ വാങ്ങിയും കെട്ടിട ലോബി വന്‍ കെട്ടിടങ്ങളാണ് ഈ രണ്ടു വില്ളേജുകളിലും പണിയുന്നത്. പരിസ്ഥിതി സംരക്ഷകരുടെ ശക്തമായ ഇടപെടലുകളെ അതിജീവിച്ചും റിയല്‍ എസ്റ്റേറ്റ്-റിസോര്‍ട്ട് മാഫിയ ചുരത്തിന് തൊട്ടടുത്തുവരെ അപകടകരമായ രീതിയില്‍ ബഹുനില കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുകയാണ്. ഇതര ജില്ലക്കാരാണ് ഇത്തരം കെട്ടിടങ്ങള്‍ സിംഹഭാഗവും നിര്‍മിക്കുന്നത്. ഭരണകൂടം കെട്ടിടനിര്‍മാണ ലോബിക്ക് പിന്തുണ നല്‍കുന്നുവെന്ന വ്യാപക വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് വൈത്തിരി പഞ്ചായത്തില്‍ നിര്‍മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ അവസരത്തിലാണ് മുന്‍ സബ് കലക്ടര്‍ ശീറാം സാംബശിവറാവുവിന്‍െറ റിപ്പോര്‍ട്ട് പ്രകാരം ജില്ല കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി വൈത്തിരി പഞ്ചായത്തിലെ രണ്ട് വില്ളേജ് ഓഫിസര്‍മാര്‍ക്കും കര്‍ശന പരിശോധനകള്‍ക്കു ശേഷം മാത്രം കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ പാസാക്കാവൂ എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതും സബ്കലക്ടറുടെ ഓഫിസില്‍നിന്നുമുള്ള അനുമതിയോടെ മാത്രമേ ഇഷ്യൂ ചെയ്യാന്‍ പാടുള്ളൂ. ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പഞ്ചായത്ത് അധികൃതര്‍ക്ക് കെട്ടിടത്തിന്‍െറയോ വീടിന്‍െറയോ പ്ളാന്‍ അപ്രൂവ് ചെയ്യാന്‍ പാടില്ല. വൈത്തിരി പഞ്ചായത്തില്‍ പ്ളാന്‍ അപ്രൂവ് ചെയ്യുന്നത് തല്‍ക്കാലം നിറുത്തി വെച്ചിരിക്കുകയാണെന്ന് വൈത്തിരി പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്‍റും അറിയിച്ചു. പഞ്ചായത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതോടെ മൊത്തത്തില്‍ നിലച്ച മട്ടാണ്. എന്നാല്‍, നിയന്ത്രണം സാധാരണക്കാരെയാണ് കൂടുതല്‍ പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. ചെറിയ വീട് നിര്‍മാണത്തിന് പോലും അനുമതി കിട്ടാതെ ഓഫിസുകള്‍ കയറിയിറങ്ങുകയാണിവര്‍. കുന്നത്തിടവക വില്ളേജോഫിസില്‍ മിക്കവാറും എല്ലാ ദിവസവും പ്ളാന്‍ അംഗീകാരത്തിനായി അപേക്ഷ നല്‍കിയവരുടെ ബഹളമാണ്. എല്ലാ രേഖകളോടെയും സബ് കലക്റുടെ ഓഫിസിലേക്കയച്ച അപേക്ഷകള്‍ കര്‍ശന പരിശോധനക്കെന്ന പേരില്‍ തിരിച്ചയച്ചിരിക്കുകയാണ്. ഇതില്‍ ഭൂരിഭാഗവും സാധാരണക്കാരുടേതാണ്. ജില്ല ആസ്ഥാനത്തുനിന്നുള്ള ഉത്തരവ് നടപ്പാക്കുന്ന വില്ളേജ് ഓഫിസിലെ ജീവനക്കാരാണ് ജനങ്ങളുടെ പഴി മുഴുവനും കേള്‍ക്കേണ്ടി വരുന്നത്. കെ.എല്‍.ആര്‍ സെക്ഷന്‍ 81 പ്രകാരമുള്ള ഭൂമിയില്‍ വന്‍കെട്ടിടങ്ങളോ റിസോര്‍ട്ടുകളോ പണിയാന്‍ പാടില്ളെന്ന നിയമം നേരത്തേയുണ്ട്. എന്നിട്ടും വര്‍ഷങ്ങളായി മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം തുടങ്ങിയ ജില്ലകളിലെ റിയല്‍ എസ്റ്റേറ്റ് ലോബി എല്ലാ പാരിസ്ഥിതിക നിബന്ധനകളും കാറ്റില്‍പറത്തി വൈത്തിരിയുടെ മുക്കും മൂലകളിലും വന്‍കിട ഫ്ളാറ്റുകള്‍ വരെ കെട്ടിപ്പൊക്കുകയാണ്. നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോഴും അത്തരം കെട്ടിടങ്ങള്‍ ആകാശംമുട്ടെ ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍, അഞ്ചോ പത്തോ സെന്‍റ് ഭൂമിയുള്ള, കാലങ്ങളായി ചുരത്തിനു മുകളില്‍ സ്ഥിരതാമസക്കാരായ സാധാരണക്കാര്‍ക്ക് വീട് വെക്കുന്നതിനുള്ള അനുമതി നല്‍കണമെന്ന ആവശ്യം പലരും ഉന്നയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.