പനമരം ഗവ. ആശുപത്രി: ശോച്യാവസ്ഥ മാറാന്‍ തടസ്സങ്ങളേറെ

പനമരം: ശോച്യാവസ്ഥയിലുള്ള പനമരം ഗവ. ആശുപത്രിയുടെ പുരോഗതിക്ക് തടസ്സമായി നിരവധി ഘടകങ്ങള്‍. അര നൂറ്റാണ്ടിലേറെ പഴക്കമുണ്ടായിട്ടും ആശുപത്രി ഈ അവസ്ഥയില്‍ കിടക്കാന്‍ കാരണം പ്രദേശത്തെ രാഷ്ട്രീയ നേതൃത്വത്തിന്‍െറ പിടിപ്പുകേടാണെന്ന പരാതി ശക്തമാണ്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ എന്ന നിലയിലാണ് ഇപ്പോഴും ആശുപത്രിയുടെ സ്ഥാനം. ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താത്തതാണ് ഏറ്റവും വലിയ പ്രശ്നം. ആറ് ഡോക്ടര്‍മാര്‍ നിലവിലുണ്ടെന്നാണ് പറയുന്നത്. എന്നാല്‍, ഒ.പിയില്‍ സാധാരണ ഒരു ഡോക്ടറില്‍ കൂടുതല്‍ ഉണ്ടാവാറില്ല. 40ലേറെ കിടക്കകള്‍ ഐ.പിയിലുണ്ട്. ഐ.പി രോഗികള്‍ക്ക് ഡോക്ടറുടെ സേവനം രാവിലെ ഒ.പി സമയത്ത് മാത്രമേ ലഭിക്കൂ. സായാഹ്ന ഒ.പി തുടങ്ങിയാല്‍ ഈ അവസ്ഥക്ക് അല്‍പം മാറ്റം ഉണ്ടാകുമെന്ന് പറയുന്നു. ഇക്കാര്യത്തില്‍ പനമരം ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നിസ്സംഗതയാണ് വില്ലനാകുന്നതെന്ന ആക്ഷേപം നിലനില്‍ക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത യൂനിറ്റ് ജനം വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. കഴിഞ്ഞ ദിവസം പനമരം പുഴയില്‍ കുട്ടികളുടെ മുങ്ങിമരണത്തത്തെുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ആശുപത്രിയുടെ പരിതാപാവസ്ഥക്കെതിരെ റോഡ് ഉപരോധിച്ചപ്പോള്‍ മധ്യസ്ഥ ചര്‍ച്ചക്കത്തെിയ ഡി.എം.ഒയും മറ്റും വ്യക്തമാക്കിയത് പനമരം ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത യൂനിറ്റ് നടപ്പാക്കാന്‍ പ്രായോഗികമായി ഏറെ തടസ്സങ്ങളുണ്ടെന്നാണ്. കുറഞ്ഞത് താലൂക്ക് ആശുപത്രിയെങ്കിലും ആയാലേ അത്യാഹിത യൂനിറ്റ് തുടങ്ങാനാകൂവെന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈയൊരു പ്രശ്നമാണ് പനമരം ആശുപത്രിക്ക് ശാപമായിരിക്കുന്നത്. ആറുവര്‍ഷം മുമ്പ് പി.കെ. ശ്രീമതി ആരോഗ്യ മന്ത്രിയായിരിക്കുമ്പോഴാണ് പനമരം ആശുപത്രിയെ സി.എച്ച്.സിയാക്കി ഉയര്‍ത്തുന്നത്. പിന്നെയും ഏറെ വര്‍ഷങ്ങളെടുത്താണ് സി.എച്ച്.സിയുടെ തസ്തിക സൃഷ്ടിക്കുന്നത്. ഈയൊരു മെല്ളെപ്പോക്ക് സകല കാര്യത്തിലുമുണ്ട്. അതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കോടിക്കണക്കിന് രൂപയുടെ പുതിയ കെട്ടിടങ്ങള്‍ ആശുപത്രിയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ചികിത്സക്കായുള്ള ആധുനിക ഉപകരണങ്ങളൊന്നും എത്തിച്ചിട്ടുമില്ല. മാനന്തവാടി താലൂക്കില്‍ നിലവില്‍ താലൂക്ക് ആശുപത്രിയില്ല. ഉള്ളത് ജില്ല ആശുപത്രിയാണ്. താലൂക്കില്‍പ്പെട്ട പനമരം ആശുപത്രിയെ താലൂക്ക് പദവിയിലേക്ക് ഉയര്‍ത്തണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തിനായി രംഗത്തിറങ്ങാന്‍ ബ്ളോക്ക് ഭരണ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. എം.എല്‍.എയുടെയും മറ്റും ശക്തമായ ഇടപെടലുകള്‍ ഉണ്ടായാലേ അനുകൂല തീരുമാനമുണ്ടാകൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.