മനമുരുകി പനമരം; നെഞ്ചുപൊട്ടി നാടിന്‍െറ യാത്രാമൊഴി

പനമരം: അകാലത്തില്‍ പൊലിഞ്ഞ കുരുന്നുകള്‍ക്ക് നെഞ്ചുപൊട്ടി പനമരം യാത്രാമൊഴി നല്‍കി. ഒരു ദേശം മുഴുവന്‍ കണ്ണീരില്‍ കുതിര്‍ന്നു നില്‍ക്കെ ദില്‍ഷാനയും ജസീമും പനമരം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മണ്ണോടു ചേര്‍ന്നു. ബന്ധുക്കളും നാട്ടുകാരും കളിക്കൂട്ടുകാരുമെല്ലാം നൊമ്പരത്തില്‍ വിറങ്ങലിച്ചുനില്‍ക്കെ ഇരുവരും മനസ്സിലെ മായാത്ത ഓര്‍മച്ചിത്രങ്ങളായി. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് മാനന്തവാടി ജില്ല ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കൈതക്കല്‍ താഴെ പുനത്തില്‍ സത്താറിന്‍െറ മകള്‍ ദില്‍ഷാന ഫാത്തിമ (13), സത്താറിന്‍െറ സഹോദരന്‍ ഷംസുദ്ദീന്‍െറ മകന്‍ ജസീം (13) എന്നിവരുടെ മൃതദേഹങ്ങള്‍ പനമരത്തത്തെിച്ചത്. പനമരം പാലത്തിനടുത്തെ തറവാട്ടു വീടിനോടുചേര്‍ന്നുള്ള അമലോല്‍മാതാ ദേവാലയ മുറ്റത്താണ് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചത്. അകാലത്തില്‍ പൊലിഞ്ഞ കുരുന്നുകളെ അവസാനമായി ഒരു നോക്കുകാണാന്‍ നാടുമുഴുവന്‍ ഒഴുകിയത്തെുകയായിരുന്നു. നൂറുകണക്കിന് ആളുകള്‍ മൃതദേഹം കാണാനത്തെിയതോടെ തിരക്കു നിയന്ത്രിക്കാനും പാടുപെട്ടു. കുട്ടികള്‍ പഠിക്കുന്ന പനമരം ക്രസന്‍റ് സ്കൂളിലെയും ഗവ. ഹൈസ്കൂളിലെയും സഹപാഠികള്‍ അന്ത്യോപചാരമര്‍പ്പിക്കാനത്തെിയത് കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി. ഉറ്റ സൃഹൃത്തുക്കള്‍ പലരും സങ്കടം നിയന്ത്രിക്കാനാവാതെ വാവിട്ടു കരഞ്ഞതോടെ ആശ്വസിപ്പിക്കുന്നതെങ്ങനെയെന്നറിയാതെ ആളുകള്‍ കുഴങ്ങി. നെഞ്ചുപൊട്ടുന്ന നിലവിളികള്‍ക്കിടയില്‍ മൂന്നുമണിക്കുശേഷം വീട്ടില്‍നിന്ന് അന്ത്യയാത്ര. മയ്യിത്ത് നമസ്കാരത്തിനുശേഷം വൈകുന്നേരം നാലുമണിയോടെയായിരുന്നു ഖബറടക്കം.എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്‍, ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍. കേളു, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് മലിക് ഷഹബാസ്, ജില്ല വിദ്യാഭ്യാസ ഓഫിസര്‍ പി.പി. തങ്കം, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എ. പ്രഭാകര്‍, വെല്‍ഫെയര്‍ പാര്‍ട്ടി മാനന്തവാടി മണ്ഡലം സെക്രട്ടറി കെ. റഫീക്, ഐ.എന്‍.എല്‍ ജില്ല സെക്രട്ടറി മുഹമ്മദ് പഞ്ചാര തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധിപേര്‍ അന്ത്യോപചാരമര്‍പ്പിക്കാനത്തെി. കുട്ടികളുടെ നിര്യാണത്തില്‍ അനുശോചിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി പനമരം യൂനിറ്റ് ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു. കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ക്ക് ആദരസൂചകമായി തിങ്കളാഴ്ച അവധിനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.