റിസോര്‍ട്ടുകളിലെ അനധികൃത നിര്‍മാണങ്ങള്‍; നടപടിയെടുക്കാതെ അധികൃതരുടെ ഒത്തുകളി

മാനന്തവാടി: നിയമ വിരുദ്ധമായി നിര്‍മിച്ച റിസോര്‍ട്ടിനെതിരെ നടപടിയെടുക്കാതെ അധികൃതരുടെ ഒത്തുകളി. അതീവ പ്രാധാന്യമുള്ള ബാണാസുര സാഗര്‍ ഡാം റിസര്‍വോയറിനോട് ചേര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് കെ.എസ്.ഇ.ബിയുടെ അനുമതിപത്രം ഇല്ലാതെ നിര്‍മിച്ച കെട്ടിടം നിയമവിധേയമാക്കുന്ന കാര്യത്തിലാണ് തരിയോട് ഗ്രാമപഞ്ചായത്ത് ഗുരതരമായ അനാസ്ഥ കാണിച്ചതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. വാടകയിനത്തില്‍ ലക്ഷങ്ങള്‍ ഈടാക്കുന്ന പ്രമുഖ റിസോര്‍ട്ടാണ് പഞ്ചായത്ത് അനുമതിയില്ലാതെ കെട്ടിടം നിര്‍മിച്ച് ഇപ്പോഴും വിനോദ സഞ്ചാരികള്‍ക്ക് താമസത്തിന് നല്‍കി പണം കൊയ്യുന്നത്. ജില്ലയില്‍ അടുത്ത കാലത്തായി പ്രകൃതിയും ജലവും ചൂഷണം ചെയ്ത് നിര്‍മിക്കപ്പെടുന്ന നിരവധി റിസോര്‍ട്ടുകളെ ക്കുറിച്ചുള്ള പരാതികള്‍ ഉയരുകയും ഇവ പരിശോധിക്കാന്‍ രണ്ടു മാസം മുമ്പ് ജില്ല കലക്ടര്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. തരിയോട്, പടിഞ്ഞാറത്തറ പഞ്ചായത്തുകളില്‍ ബാണാസുര റിസര്‍വോയറിനോട് ചേര്‍ന്നാണ് ഇത്തരത്തില്‍ കൂടുതലായി റിസോര്‍ട്ടുകളുള്ളത്. ഡാം റിസര്‍വോയറിലെ വെള്ളം റിസോര്‍ട്ടുകളിലെ സ്വിമ്മിങ്പൂളുകളിലേക്ക് രാത്രി കാലങ്ങളില്‍ ചോര്‍ത്തുന്നുണ്ടെന്നും ആക്ഷേപമുണ്ടായിരുന്നു. ഇതിനിടെയാണ് തരിയോട് മഞ്ഞൂറയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖറിസോര്‍ട്ടിലെ അനധികൃത കെട്ടിടങ്ങളെക്കുറിച്ചുള്ള വിവരാവകാശ രേഖകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി ഇത് പ്രവര്‍ത്തിക്കുന്നതായി ജനുവരി 19ന് പഞ്ചായത്ത് സെക്രട്ടറി നല്‍കിയ വിവരാവകാശ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ കെട്ടിടം പഞ്ചായത്തിന്‍െറ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ എന്ന വിവരാവകാശം പ്രകാരമുള്ള ചോദ്യത്തിന് ഉണ്ടെന്നും ഏപ്പോഴാണെന്ന ചോദ്യത്തിന് 2015 ഫെബ്രുവരി രണ്ടിനാണെന്നും മറുപടിയില്‍ പറയുന്നു. എന്നാല്‍, ഇത് സബന്ധിച്ച പഞ്ചായത്ത് എടുത്ത നടപടികളെ ക്കുറിച്ച് ചോദിക്കുമ്പോള്‍ അനധികൃത കെട്ടിടത്തെക്കുറിച്ച് ശ്രദ്ധയില്‍പ്പെട്ട് ഒന്നര വര്‍ഷത്തിന് ശേഷം 2016 ആഗസ്റ്റ് 24നും 2017 ജനുവരി മൂന്നിനും കെട്ടിടം ക്രമവല്‍ക്കരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നല്‍കിയതായാണ് മറുപടി. പത്തിലധികം മുറികളുള്ള കെട്ടിടങ്ങളാണ് അനധികൃതമായി നിര്‍മിക്കുകയും കെട്ടിട നമ്പറിടാതെ തന്നെ വൈദ്യുതി ഉള്‍പ്പെടെ സൗകര്യങ്ങള്‍ നേടുകയും വിനോദസഞ്ചാരികള്‍ക്ക് രണ്ട് വര്‍ഷത്തോളമായി ഉയര്‍ന്ന തോതിലുള്ള വാടകയീടാക്കി നല്‍കിവരുകയും ചെയ്യുന്നത്. ഡാം റിസര്‍വോയറില്‍ നിന്നും പാലിക്കേണ്ട ദൂരപരിധി പാലിക്കാത്തതാണ് കെട്ടിട നിര്‍മാണത്തിന് കെ.എസ്.ഇ.ബിയുടെ അനുമതി നല്‍കാത്തത്. റിസര്‍വോയറിന്‍െറ വെള്ളം നില്‍ക്കുന്ന ഭാഗത്ത് നിന്നും പത്ത് മീറ്റര്‍ ദൂരം മാറി മാത്രമെ നിര്‍മാണങ്ങള്‍ക്ക് കെ.എസ്.ഇ.ബി നിരാക്ഷേപപത്രം നല്‍കാറുള്ളൂ. ഉന്നതങ്ങളിലുള്ള സ്വാധീനപ്രകാരമാണ് നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് കെട്ടിടം നിര്‍മിക്കാനും നിലനിര്‍ത്താനും റിസോര്‍ട്ട് ഉടമക്ക് കഴിയുന്നതെന്നാണ് ആരോപണം. ഇത്തരത്തില്‍ നിരവധി അനധികൃത കെട്ടിടങ്ങളാണ് ജില്ലയിലെ റിസോര്‍ട്ടുകളോട് ചേര്‍ന്ന് പഞ്ചായത്ത് നികുതിപോലും നല്‍കാതെ പ്രവര്‍ത്തിക്കുന്നതെന്നതാണ് വസ്തുത. മിക്കവയും വനത്തിനോട് ചേര്‍ന്നാണ് നിര്‍മിച്ചിട്ടുള്ളത്. വനം വകുപ്പിന്‍െറ അനുമതി ഇല്ലാതെയാണ് ഇവയുടെ നിര്‍മാണവും പ്രവര്‍ത്തനവും. നടപടി എടുക്കേണ്ട ഉദ്യോഗസ്ഥരാകട്ടെ പാവപ്പെട്ടവന്‍ വീട് നിര്‍മിക്കാന്‍ അഞ്ച് സെന്‍റ് സ്ഥലത്ത് നിന്ന് മണ്ണെടുക്കുന്നത് വലിയ കുറ്റമായി കണ്ട് അത്തരക്കാരെ ദ്രോഹിക്കുന്നതിലാണ് താല്‍പര്യം കാണിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.