ബത്തേരിക്ക് വേണം സര്‍ക്കാര്‍ കോളജ്

സുല്‍ത്താന്‍ ബത്തേരി: സര്‍ക്കാര്‍ കോളജ് ഇല്ലാത്ത ജില്ലയിലെ ഏക മണ്ഡലം എന്ന പേര് മാറ്റാന്‍ എത്രയും പെട്ടെന്ന് ഭരണാധികാരികള്‍ തയാറാകണമെന്ന ആവശ്യം ശക്തമാകുന്നു. സമൂഹ മാധ്യമങ്ങളിലും മറ്റുമായി നിരവധി ആളുകളാണ് ബത്തേരിയില്‍ കോളജ് എന്ന ആവശ്യവുമായി രംഗത്തത്തെിയിരിക്കുന്നത്. ബത്തേരി സെന്‍റ് മേരീസ്, പുല്‍പള്ളി പഴശ്ശിരാജ എന്നീ എയ്ഡഡ് കോളജുകളാണ് താലൂക്കിലുള്ളത്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ കീഴില്‍ ചെതലയത്ത് ആദിവാസി വിദ്യാര്‍ഥികള്‍ക്ക് മാത്രമായുള്ള ഐ.ടി.എസ്.ആര്‍ പഠനകേന്ദ്രമാണ് ബത്തേരി താലൂക്കില്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക കേന്ദ്രം. കല്‍പറ്റ, മാനന്തവാടി മണ്ഡലങ്ങളില്‍ സര്‍ക്കാര്‍ കോളജുകളുണ്ട്. വൈത്തിരിയില്‍ വെറ്ററിനറി സര്‍വകലാശാലയും കല്‍പറ്റയില്‍ എന്‍.എം.എസ്.എം ഗവ. കോളജുമുണ്ട്. കൂടാതെ, മെഡിക്കല്‍ കോളജ് വരുന്നതും കല്‍പറ്റ മണ്ഡലത്തിലാണ്. മാനന്തവാടിയില്‍ ഗവ. എന്‍ജിനീയറിങ് കോളജും മാനന്തവാടി ഗവ. കോളജും കാളന്‍ മെമ്മോറിയല്‍ കോളജും പ്രവര്‍ത്തിക്കുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതുവരെ സര്‍ക്കാര്‍ തലത്തില്‍ കോളജ് ആരംഭിക്കാനായില്ല. പുല്‍പള്ളി, മീനങ്ങാടി, ബത്തേരി എന്നിവിടങ്ങളില്‍ നിരവധി സ്വാശ്രയ കോളജുകളുണ്ട്. ഇവിടെ ഭീമമായ തുക ഫീസ് നല്‍കിയാണ് വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന ജില്ലയിലെ സാധാരണക്കാരുടെ മക്കള്‍ക്ക് സ്വാശ്രയ കോളജുകളില്‍ പഠനം നടത്താന്‍ പലപ്പോഴും സാധിക്കാതെ വരുന്നു. ബത്തേരി താലൂക്കില്‍നിന്നും നൂറുകണക്കിന് വിദ്യാര്‍ഥികളാണ് മാനന്തവാടിയിലും കല്‍പറ്റയും പഠനം നടത്തുന്നത്. സാധാരണക്കാരുടെ മക്കള്‍ക്ക് ഉപരിപഠനത്തിന് വഴിതെളിക്കുന്നതിന് ബത്തേരിയില്‍ കോളജ് ആരംഭിക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.