മാ​ന​ന്ത​വാ​ടി ബി​വ​റേ​ജ​സ്​ സ​മ​രം: വ​നി​ത ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട്​ തേ​ടും​

കൽപറ്റ: മാനന്തവാടി ബിവറേജസ് ഒൗട്ട്ലെറ്റിനെതിരെ സബ് കലക്ടറുടെ വസതിക്കു മുന്നിൽ ആദിവാസി സ്ത്രീകൾ നടത്തുന്ന സമരം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് മാനന്തവാടി ഡിവൈ.എസ്.പിയിൽനിന്നും ഡെപ്യൂട്ടി എക്സൈസ് കമീഷണറിൽനിന്നും വിശദീകരണം തേടുമെന്നും സംസ്ഥാന വനിത കമീഷൻ അംഗം ഡോ. പ്രമീളദേവി അറിയിച്ചു. ആദിവാസി സ്ത്രീകൾക്കെതിരായ ചൂഷണം തടയുന്നതിന് കമീഷൻ ഇടപെടുമെന്നും അവർ പറഞ്ഞു. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഒൗട്ട്ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് വീട്ടമ്മമാർ നടത്തുന്ന സമരം നേരത്തേ, ശ്രദ്ധയിൽപെട്ടിരുന്നില്ല. 450 ദിവസം വീട്ടമ്മമാർ സമരം നടത്തുന്നത് ഗൗരവമായ വിഷയമാണ്. സമരത്തെക്കുറിച്ചും ഇതുവരെ കൈക്കൊണ്ട നടപടികളെക്കുറിച്ചും ഡിവൈ.എസ്.പിയിൽനിന്നും ഡെപ്യൂട്ടി എക്സൈസ് കമീഷണറിൽനിന്നും റിപ്പോർട്ട് ലഭിക്കുന്നമുറക്ക് ആവശ്യമായ നടപടികളെടുക്കുമെന്നും അവർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഡോ. പ്രമീള ദേവിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിൽ 16 പരാതികൾ പരിഹരിച്ചു. ആകെ 40 പരാതികളാണ് പരിഗണിച്ചത്. 10 പരാതികൾ പൊലീസ് അന്വേഷണത്തിനയച്ചു. നാല് പരാതികളിൽ തീർപ്പുകൽപിക്കാൻ ആർ.ഡി.ഒക്ക് നിർദേശം നൽകി. ശേഷിക്കുന്നവ അടുത്ത അദാലത്തിൽ പരിഗണിക്കും. അഡ്വ. ഓമന വർഗീസ്, അഡ്വ. കെ.എ. ജോസ് എന്നിവരടങ്ങുന്ന പാനലാണ് കേസുകൾ പരിഗണിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.