വീ​ട് മേ​ൽ​ക്കൂ​ര നി​ർ​മാ​ണ​ത്തി​ന​നു​വ​ദി​ച്ച തു​ക ല​ഭി​ച്ചി​ല്ല; വി​ക​ലാം​ഗ ദ​മ്പ​തി​മാ​ർ ദു​രി​ത​ത്തി​ൽ

മാനന്തവാടി: വികലാംഗ ദമ്പതികളുടെ വീടിെൻറ മേൽക്കൂര നിർമാണം പൂർത്തീകരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും തുക ലഭിക്കാത്തതിനാൽ കുടുംബം ദുരിതത്തിൽ. പനമരം പഞ്ചായത്തിലെ ഒന്നാം വാർഡായ മാനാഞ്ചിറ മൊക്കത്താണ് കുടുംബം ദുരിതംപേറി കഴിയുന്നത്. അന്ധനായ കല്ലങ്കോടൻ ഇബ്രാഹി (70)മും ഭാര്യ സംസാരശേഷിയില്ലാത്ത മാമി (65) യുമാണ് വീട് നിർമാണം പൂർത്തീകരിക്കുന്നതിനായി വാങ്ങിക്കൂട്ടിയ കടം വാങ്ങിയ തുക തിരിച്ചുനൽകാൻ വഴികാണാതെ നട്ടം തിരിയുന്നത്. മക്കളില്ലാത്ത ഈ വൃദ്ധ ദമ്പതികൾ ഷീറ്റ് കൊണ്ട് മറച്ച കുടിലിലായിരുന്നു താമസിച്ചിരുന്നത്. വാർഡിൽ വീട് നൽകാനുള്ളവരുടെ ലിസ്റ്റ് തയാറാക്കിയപ്പോൾ അർഹതയുള്ള ഈ കുടുംബത്തെ തഴയുകയായിരുന്നു. ഏറ്റവും അർഹനായിരുന്നിട്ടും ഈ കുടുംബത്തെ ഒഴിവാക്കിയതിൽ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത് എത്തിയതോടെ പഞ്ചായത്ത് മേൽക്കൂര നിർമാണ പദ്ധതിയിൽ ഈ കുടുംബത്തെ ഉൾപ്പെടുത്തുകയായിരുന്നു. തുടർന്ന് എഗ്രിമെൻറ് വെക്കുകയും ചെയ്തു. പ്രവൃത്തികൾ പൂർത്തികരിച്ച് കഴിഞ്ഞാൽ ഉടൻ തുക നൽകാമെന്നായിരുന്നു വ്യവസ്ഥ. ഇത് പ്രകാരം നാട്ടുകാരുടെ സഹായത്തോടെ കടം വാങ്ങിയും മറ്റും 24,000 രൂപ െചലവിൽ നിർമാണം പൂർത്തീകരിച്ചു. എന്നാൽ, പണത്തിനായി ദിവസങ്ങളായി പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങിയിട്ടും പല കാരണങ്ങൾ പറഞ്ഞ് മടക്കി അയക്കുകയാണെന്ന് ഇബ്രായിയുടെ സഹോദരൻ ഉമ്മർ പറഞ്ഞു. അവശനായ ഇബ്രായി വീടിന് പുറത്തിറങ്ങിയിട്ട് തന്നെ വാർഷങ്ങളായി. ഇതുവരെയായി പെൻഷൻ ഉൾപ്പെടെയുള്ള ഒരുവിധ ആനുകൂല്യങ്ങളും ഇയാൾക്ക് ലഭിച്ചിട്ടില്ല. പൂർണമായും സംസാരശേഷി നഷ്ടപ്പെട്ട മാമിക്ക് ലഭിക്കുന്ന പെൻഷൻ മാത്രമാണ് ഈ കുടുംബത്തിെൻറ ഏക വരുമാനമാർഗം. കടം വാങ്ങിയവരോട് അവധി പറഞ്ഞു മടുത്തു. പണം ലഭിക്കാനായി ഇനി ഏത് വാതിലിൽ മുട്ടണമെന്നറിയാതെ ആശങ്കയിലാണ് ഈ വൃദ്ധ ദമ്പതികളും കുടുംബവും. ഇവരെ പങ്കെടുപ്പിച്ച് പഞ്ചായത്തിന് മുന്നിൽ സമരം നടത്താനുള്ള തയാറെടുപ്പിലാണ് നാട്ടുകാരും ബന്ധുക്കളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.