മീനങ്ങാടി: സ്വകാര്യ ബസുകൾ മാത്രം സർവിസ് നടത്തുന്ന മീനങ്ങാടി--പനമരം റൂട്ടിൽ യാത്രക്കാരുടെ ഗതികേടിന് മാറ്റമില്ല. ബസുകളുടെ എണ്ണക്കുറവാണ് പ്രശ്നമായിരിക്കുന്നത്. പനമരം, മീനങ്ങാടി സ്റ്റാൻഡുകളിൽ ഒരു മണിക്കൂറോളം കാത്തുനിന്നാലെ ഇപ്പോൾ ബസ് കിട്ടുകയുള്ളൂ. ആദ്യമൊക്കെ 20 മിനിറ്റ് ഇടവിട്ട് ബസുണ്ടായിരുന്നു. ഏറെനേരം കാത്തുനിന്ന് ബസ് വന്നാലും യാത്രക്കും ഏറെ നേരമെടുക്കും. ബസുകൾ കണിയാമ്പറ്റ വഴി ചുറ്റി സഞ്ചരിക്കുന്നത് കണിയാമ്പറ്റക്കാർക്ക് ഗുണമാകുമ്പോൾ മറ്റ് യാത്രക്കാർക്ക് വിനയാവുകയാണ്. നിലവിൽ രണ്ട് ബസുകൾ മാത്രമാണ് കൂടോത്തുമ്മൽ വഴി നേരെ സഞ്ചരിക്കുന്നത്. മീനങ്ങാടിയിൽനിന്ന് പനമരത്തെത്താൻ ഈ ബസുകളിലാകുമ്പോൾ 35 മിനിറ്റ് മതി. എന്നാൽ, കണിയാമ്പറ്റ വഴിയാകുമ്പോൾ ഒരു മണിക്കൂറോളം വേണം. കൂടോത്തുമ്മൽ വഴി കൂടുതൽ ബസുകൾക്ക് അനുമതി കൊടുത്താൽ യാത്രക്കാർക്ക് ഉപകാരമാകുമെങ്കിലും അധികൃതർ അതിനുള്ള നടപടി എടുക്കുന്നില്ല. അഞ്ചുവർഷം മുമ്പ് ചീക്കല്ലൂർ വഴിയുള്ള രണ്ട് ബസുകളും കൂടോത്തുമ്മൽ വഴി ഓടിയിരുന്നു. ചീക്കല്ലൂർ റോഡിെൻറ ശോച്യാവസ്ഥ കാരണം ബസുകൾ സർവിസ് അവസാനിപ്പിച്ചു. ഈ ബസുകൾ നിലനിന്നിരുന്നെങ്കിൽ നേരെയുള്ള റൂട്ടിൽ നാല് ബസുകൾ ഉണ്ടാകുമായിരുന്നു. മീനങ്ങാടിയിൽനിന്ന് മാനന്തവാടിക്ക് നേരിട്ട് ബസില്ല. പനമരത്തുനിന്ന് ബസ് മാറിക്കയറിയാലേ ഈ റൂട്ടിൽ യാത്ര സാധ്യമാകൂ. മാനന്തവാടി ജില്ല ആശുപത്രിയിലേക്കും മറ്റുമായി ദിവസവും നിരവധി യാത്രക്കാർ ഇൗ രീതിയിൽ സഞ്ചരിക്കുന്നുണ്ട്. മീനങ്ങാടി--പനമരം റൂട്ടിൽ കൂടുതൽ ബസ് വേണമെന്ന ആവശ്യത്തിന് ഈ സാഹചര്യവും ശക്തിപകരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.