വെള്ളമുണ്ട: ഒന്നര വർഷത്തിനുള്ളിൽ രണ്ട് കുടിവെള്ള പദ്ധതികൾ സ്ഥാപിച്ചിട്ടും കുടിവെള്ളമില്ലാതെ മാതൃക ആദിവാസി കോളനി. തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോം ആദിവാസി മാതൃക കോളനിയിലെ 25 കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ ദുരിതജീവിതം നയിക്കുന്നത്. കോടികൾ മുടക്കി പ്രത്യേക പാക്കേജിലുൾപ്പെടുത്തി നിർമിച്ച കോളനി വീടുകൾ മുഴുവൻ പണിയും പൂർത്തിയായി. ഒന്നരവർഷം മുമ്പാണ് ആദിവാസികൾക്ക് താക്കോൽ കൈമാറിയത്. കോളനിയിലേക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നതിന് കുടിവെള്ള പദ്ധതിയും സ്ഥാപിച്ചിരുന്നു. എന്നാൽ, ലക്ഷങ്ങൾ മുടക്കിയതല്ലാതെ ഈ പദ്ധതിയിൽനിന്ന് വെള്ളം മാത്രം ലഭിച്ചില്ല. പാറയുള്ള സ്ഥലത്ത് പഠനംപോലും നടത്താതെ നിർമിച്ച കിണറിൽ വെള്ളമില്ലാത്തതിനാൽ പദ്ധതി നോക്കുകുത്തിയാവുകയായിരുന്നു. കുന്നിൻ മുകളിൽ നിർമിച്ച കോളനിയായതിനാൽ കിലോമീറ്ററുകൾ കുന്നിറങ്ങി വന്നാൽ മാത്രമാണ് വെള്ളം ലഭിക്കുക. ആദിവാസി സ്ത്രീകൾ കൂലിപ്പണിപോലും മുടക്കി പല ദിവസങ്ങളിലും വെള്ളം ചുമക്കേണ്ട അവസ്ഥയാണ്. വെള്ളമില്ലാതെ ദുരിതത്തിലായ ആദിവാസികൾ വീട് വിട്ടുപോകാൻ തുടങ്ങിയതോടെ പഞ്ചായത്ത് ഇടപെട്ട് മറ്റൊരു താൽക്കാലിക കുടിവെള്ള പദ്ധതി സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. ഇതിെൻറ ഭാഗമായി വലിയ ഒരു ടാങ്ക് കോളനിക്ക് നടുവിൽ കൊണ്ടുവച്ചു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ടാങ്കിൽ നിറക്കാൻ വെള്ളം മാത്രം എത്തിയില്ല. പുതിയ പദ്ധതിയും നോക്കുകുത്തിയാവുമ്പോൾ കത്തുന്ന വേനലിൽ രണ്ട് കുടിവെള്ള പദ്ധതിക്ക് കീഴെ ഒരുതുള്ളി വെള്ളമില്ലാതെ നെട്ടോട്ടമോടുകയാണ് ഈ കുടുംബങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.