ഈട്ടി മരങ്ങൾ പിടിച്ചെടുത്ത കേസിൽ അഞ്ചു വര്‍ഷമായിട്ടും അന്വേഷണം പൂര്‍ത്തിയായില്ല

കല്‍പറ്റ: ഈട്ടി മരങ്ങൾ പിടിച്ചെടുത്ത കേസിൽ അഞ്ചു വര്‍ഷമായിട്ടും അന്വേഷണം പൂര്‍ത്തിയായില്ല. വയനാട്ടില്‍നിന്നു കടത്തിയ 54 ഈട്ടിക്കഷണങ്ങള്‍ എറണാകുളത്തെ കരിമുകളിലെ മലബാര്‍ ടിമ്പര്‍ ഇന്‍ഡസ്ട്രീസില്‍നിന്നു പിടിച്ചെടുത്ത കേസിലാണ് അന്വേഷണം എങ്ങുമെത്താത്തത്. 47 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന പിടിച്ചെടുത്ത ഈട്ടിക്കഷണങ്ങള്‍ എവിടെനിന്നു മുറിച്ചതാണെന്ന് വനം വകുപ്പിന് ഇനിയും സ്ഥിരീകരിക്കാനായില്ല. ആന്റോ സഹോദരൻമാർ പ്രതികളായ മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയ ഭൂമികളില്‍ നടന്ന അനധികൃത ഈട്ടിമുറി വിവാദമായ പശ്ചാത്തലത്തില്‍ 2021 ഫെബ്രുവരി എട്ടിന് അന്നത്തെ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എം.കെ. സമീറാണ് കരിമുകളില്‍നിന്നു ഈട്ടിക്കഷണങ്ങള്‍ കസ്റ്റഡിയിലെടുത്തത്.

ഈ തടികള്‍ കണ്ടുകെട്ടുന്നതില്‍ അന്വേഷണം പൂര്‍ത്തിയാക്കി മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ 61 എ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറക്കേ നടപടി സ്വീകരിക്കാനാകൂവെന്നാണ് സൗത്ത് വയനാട് ഡി.എഫ്.ഒ പറയുന്നത്. മുന്‍ ജില്ല ഗവ. പ്ലീഡർ അഡ്വ. ജോസഫ് മാത്യു വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് ഡി.എഫ്.ഒയുടെ കാര്യാലയത്തില്‍നിന്ന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാഴവറ്റയിലെ സൂര്യ ടിമ്പേഴ്‌സില്‍നിന്നു കയറ്റിയ തടികളാണ് മലബാര്‍ ടിമ്പര്‍ ഇന്‍ഡസ്ട്രീസില്‍നിന്നു പിടിച്ചെടുത്തതെന്ന് റേഞ്ച് ഓഫിസര്‍ തയാറാക്കിയ മഹസറിൽ പറയുന്നുണ്ട്.

തടികള്‍ എത്തിച്ചയാളെ സംബന്ധിച്ച മില്ലുടമയുടെ മൊഴിയും മഹസറിലുണ്ട്. തടികള്‍ കെ.എല്‍. 19 2765 നമ്പര്‍ ലോറിയില്‍ 2021 ഫെബ്രുവരി മൂന്നിന് വാഴവറ്റയില്‍നിന്നു കയറ്റി ലക്കിടി, താമരശേരി, കോഴിക്കോട് വഴിയാണ് എറണാകുളത്തിന് കൊണ്ടുപോകേണ്ടതെന്ന് കടത്തുപാസില്‍ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി നാലിനാണ് തടികള്‍ കരിമുകളിലെ മില്ലില്‍ ഇറക്കിയത്. തടികളെ സംബന്ധിച്ച രേഖകള്‍ മില്ലുടമക്ക് കൈമാറിയിരുന്നില്ല. ഈ വിവരം മില്ലുടമ നോര്‍ത്ത് സോണ്‍ വനം കണ്‍സര്‍വേറ്ററെ അറിയിച്ചതിനെത്തുടര്‍ന്നാണ് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ തടികള്‍ കസ്റ്റഡിയില്‍ എടുത്തത്.

തടികള്‍ രണ്ട് ലോറികളില്‍ കയറ്റി വയനാട്ടിലെത്തിച്ചാണ് അന്നത്തെ സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്തിനെ ഏല്‍പ്പിച്ചത്. ഈട്ടിത്തടികള്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ വനനിയമം 27-ാം വകുപ്പ് പ്രകാരം കേസെടുത്തിരുന്നെങ്കിലും കുറ്റ പത്രമടക്കമുള്ള നടപടികൾ ഉണ്ടായില്ല.

Tags:    
News Summary - Investigation into the seizure of Eeti trees has not been completed even after five years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.