പു​ൽ​പ​ള്ളി​യി​ൽ ആ​രോ​ഗ്യ​മേ​ഖ​ല ശോ​ച്യാ​വ​സ്​​ഥ​യി​ൽ; രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ

പുൽപള്ളി: മേഖലയിൽ ആരോഗ്യ രംഗം ശോച്യാവസ്ഥയിൽ. പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രം, പാടിച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രം, ആടിക്കൊല്ലി ആയുർവേദ ഡിസ്പെൻസറി, മുള്ളൻകൊല്ലി ഹോമിയോ ഡിസ്പെൻസറി, സീതാമൗണ്ട് ഹോമിയോ ഡിസ്പെൻസറി, പാക്കം പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയാണ് പുൽപള്ളി മേഖലയിലെ പ്രധാന ആരോഗ്യ കേന്ദ്രങ്ങൾ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രമാണ്. ഇവിടെ സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും രോഗികൾക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ല. ആറ് ഡോക്ടർമാർ ഇവിടെയുണ്ട്. മിക്ക ദിവസങ്ങളിലും ഡോക്ടർമാരുടെ എണ്ണം രണ്ടോ മൂന്നോ മാത്രമാണ്. ഇക്കാരണത്താൽ ഡ്യൂട്ടിയിലുള്ള ഡോക്ടർമാർക്ക് നിത്യവും ഒ.പിയിൽ 300 മുതൽ 600 വരെ രോഗികളെ പരിശോധിക്കേണ്ടി വരുന്നു. ഇവിടേക്ക് നിയമനം കിട്ടുന്ന ഡോക്ടർമാർ മിക്കവരും ക്വാർട്ടേഴ്സ് സൗകര്യവും മറ്റും ഇല്ലാത്തതിെൻറ പേരിൽ മറ്റ് സ്ഥലങ്ങളിലേക്ക് മാറിപ്പോവുകയാണ്. ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ ലബോറട്ടറി സൗകര്യം ആരംഭിക്കുമെന്ന് എം.പിയും മറ്റും ഉറപ്പ് നൽകിയിരുന്നു. ആ ഉറപ്പ് ഇനിയും പാലിക്കപ്പെട്ടിട്ടില്ല. പാടിച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ ഇനിയും ആരംഭിച്ചിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് ഐ.പി വാർഡിെൻറ ഉദ്ഘാടനം കൊട്ടിഘോഷിച്ച് നടത്തിയിരുന്നു. ഒരാളെപോലും കിടത്തി ചികിത്സിച്ചിട്ടില്ല. ഡോക്ടർമാരുടെ ക്ഷാമമാണ് ഇതിന് കാരണമായി പറഞ്ഞിരുന്നത്. പാടിച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രത്തിെൻറ കീഴിൽ നിരവധി ആദിവാസി കോളനികളുണ്ട്. ഇതിനുപുറമെ കർണാടക അതിർത്തി ഗ്രാമങ്ങളിൽനിന്നുള്ളവരും ഇവിടെ ചികിത്സ തേടി എത്താറുണ്ട്. ആശുപത്രിയിലെത്തുമ്പോൾ ഡോക്ടർമാർ ഇല്ലാത്തതും മരുന്നു ക്ഷാമവുമെല്ലാം രോഗികളെ ദുരിതത്തിലാക്കുന്നു. ആശുപത്രിയിൽ ഡോക്ടർമാർക്കടക്കം താമസിക്കാൻ ക്വാർട്ടേഴ്സ് സൗകര്യം ഒരുക്കിയെങ്കിലും കൂടുതൽ ഡോക്ടർമാരെ നിയമിക്കാൻ നടപടി വൈകുകയാണ്. പാക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിനുകീഴിലും നിരവധി ആദിവാസി കോളനികളടക്കം ഉണ്ട്. എന്നാലിവിടെയും ഡോക്ടർമാരുടെ സേവനം കൃത്യമായി ലഭിക്കുന്നില്ല. ആടിക്കൊല്ലി ആയുർവേദ ആശുപത്രിയിൽ കിടത്തി ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ വാർഡ് നിർമിച്ചിരുന്നു. കിടത്തി ചികിത്സക്ക് ലഭ്യമായ നടപടി ഉണ്ടായിട്ടില്ല. സീതാമൗണ്ട് ആയുർവേദ ഡിസ്പെൻസറിയുടെ സ്ഥിതിയും ഇതുതന്നെ. പുൽപള്ളിയിലും മുള്ളൻകൊല്ലിയിലും ഗവ. ഹോമിയോ ഡിസ്പെൻസറികൾ പ്രവർത്തിക്കുന്നുണ്ട്. ഇവയും അസൗകര്യങ്ങൾക്ക് നടുവിലാണ്. മുള്ളൻകൊല്ലിയിലും പുൽപള്ളിയിലും പഞ്ചായത്ത് നൽകിയ ഇടുങ്ങിയ മുറികളിലാണ് ഇവയുടെ പ്രവർത്തനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.